12:48pm 13 November 2026
NEWS
രാജ്ഭവനിലെ 'ഭാരതാംബ' വിവാദം: സർക്കാരും ഗവർണറും നിയമപ്പോരാട്ടത്തിലേക്ക്; പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്തും
21/06/2025  10:24 AM IST
സുരേഷ് വണ്ടന്നൂർ
രാജ്ഭവനിലെ ഭാരതാംബ വിവാദം: സർക്കാരും ഗവർണറും നിയമപ്പോരാട്ടത്തിലേക്ക്; പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്തും

കേരളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും സംസ്ഥാന സർക്കാരും തമ്മിൽ 'ഭാരതാംബ'യുടെ ചിത്രം സംബന്ധിച്ച വിഷയത്തിൽ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സർക്കാർ നിയമനടപടിക്കൊരുങ്ങുകയാണ്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാനും നീക്കമുണ്ട്.

എന്നാൽ, രാജ്ഭവനിൽ എന്തെല്ലാം ഉപയോഗിക്കണമെന്ന് താനാണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ ആർ.വി.ആർലേക്കർ നിലപാടെടുത്തു. രാജ്ഭവനിലെ പരിപാടികളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങുന്ന പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളും സർക്കാർ തുടങ്ങിയിട്ടുണ്ട്. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്.

ഗവർണർ ആർ.വി.ആർലേക്കർ രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ്. ഇന്നലെ നടന്ന പശ്ചിമബംഗാൾ രൂപീകരണാഘോഷ ചടങ്ങിലും ചിത്രം ഉപയോഗിച്ചു, ഇന്നത്തെ യോഗാ ദിനാഘോഷത്തിലും ചിത്രം ഉണ്ടാകും.
ഔദ്യോഗിക ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് ആരോപിച്ച് മന്ത്രി വി.ശിവൻകുട്ടിക്കെതിരെ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്. രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇതിനിടെ, ഗവർണറുടെ ചുമതലകളും അധികാരങ്ങളും ഈ വർഷം പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോള്യത്തിലാണ് ഇത് ഉൾപ്പെടുത്തുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പാഠ്യപദ്ധതി പരിഷ്കരിച്ചതെന്നും, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളായതുകൊണ്ടാണ് ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങളിൽ പ്രതിപാദിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന നിലപാട് ഗവർണർ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img