
കേന്ദ്ര സഹകരണ വകുപ്പിന്റെ ഭാരത് ഓൺലൈൻ ടാക്സി ആപ്പ് വടക്കേ ഇന്ത്യയിൽ പലേടത്തും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സഹകാരി ടാക്സി കോഓപ്പറേറ്റിവ് ലിമിറ്റഡ് വികസിപ്പിച്ചിട്ടുള്ള ഈ സംവിധാനത്തിൽ സവിശേഷതകൾ പലതുണ്ട്. പൂജ്യം കമ്മീഷൻ, ഏറ്റക്കുറച്ചിൽ വരാത്ത നിരക്ക്, ഡ്രൈവർമാർക്ക് സഹകരണാടിസ്ഥാനത്തിൽ ഉടമസ്ഥതാവകാശം തുടങ്ങിയവ ഭാരത് ഓൺലൈൻ ടാക്സിയുടെ പ്രത്യേകതകളാണ്. " ഡ്രൈവർമാർക്കും യാത്രക്കാർക്കും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഡ്രൈവർമാർക്ക് വളരെ ചെറിയ ഒരു വരിസംഖ്യ അടച്ച് ഈ പദ്ധതിയിൽ അംഗമാകാം" സി ഇ ഒ വിവേക് പാന്ധ്യെ പറഞ്ഞു. ഇക്കൊല്ലം പ്രധാനപ്പെട്ട 25-30 നഗരങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ഭാരത് ടാക്സി ലക്ഷ്യമിടുന്നത്.ക്യാബ്, ഓട്ടോ, ബൈക്ക് ടാക്സി ഡ്രൈവർമാരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യം ഒന്നാം ക്ലാസ് നഗരങ്ങളിലാണ് ശ്രദ്ധ കേന്ദീകരിക്കുന്നത്. ബംഗളുരുവിൽ ഈ വർഷവാസനമേ പദ്ധതി നടപ്പിലാകുകയുള്ളൂ. അതിന് മുമ്പ് പ്രധാനപ്പെട്ട ടാക്സി ഡ്രൈവേഴ്സ് അസോസിയേഷനുകളുമായി ചർച്ച നടത്തും." അദ്ദേഹം പറഞ്ഞു. ഓൺലൈൻ ടാക്സി രംഗത്ത് നിരവധി സ്വകാര്യ ആപ്പുകൾ നിലവിലുണ്ട്. ഡ്രൈവർമാർ അതെല്ലാം ഡൌൺ ലോഡ് ചെയ്യും. നീണ്ട ഓട്ടം കിട്ടുന്ന അപേക്ഷകളേ ചില ഡ്രൈവർമാർ സ്വീകരിക്കുന്നുള്ളൂ. അതിന് നിയന്ത്രണം വരേണ്ടതുണ്ട്. ഭാരത് ടാക്സി ഡ്രൈവർമാർക്കും യാത്രക്കാർക്കും പ്രയോജനപ്പെടണം" ആദർശ് ഓട്ടോ യൂണിയൻ സെക്രട്ടറി സമ്പത്ത് അഭിപ്രായപ്പെട്ടു.നഗരത്തിൽ ഒരു ഡസനിലേറെ ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്. ചില ആപ്പുകളിൽ ബൈക്ക് ടാക്സി സർവീസുമുണ്ട്. സംസ്ഥാന ഗവണ്മെന്റ് അതിനെതിരായിരുന്നെങ്കിലും കോടതിയിൽ നിന്ന് ബൈക്ക് ടാക്സിക്കാർ അനുമതി നേടിയെടുത്തിരുന്നു. ഭാരത് ടാക്സി ആപ്പിൽ ബൈക്ക് ടാക്സി കർണാടകത്തിൽ പരിഗണിക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡി.
Photo Courtesy - Google











