05:11am 18 July 2026
NEWS
ഭാഗ്യരാജിന്റെ 'പൂർണ്ണിമ കല്യാണം'
17/07/2026  10:07 AM IST
ആർ. പവിത്രൻ
ഭാഗ്യരാജിന്റെ പൂർണ്ണിമ കല്യാണം

മദ്ധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരുടെ ജീവിതത്തിലെ കൊച്ചുകൊച്ചു നൊമ്പരങ്ങളും സന്തോഷവും തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ ചലച്ചിത്രമാക്കിയ കെ. ഭാഗ്യരാജ്, ഗുരുവായ ഭാരതിരാജയെപ്പോലെ ചലച്ചിത്രകല സൈദ്ധാന്തികമായി മനസ്സിലാക്കിയ പ്രതിഭാശാലിയായ ഫിലിം മേക്കറായിരുന്നില്ല. ചലനങ്ങളിലും ഭാവങ്ങളിലും കൃത്രിമരഹിതവും അനാർഭാടവുമായ ഒരു അഭിനയശൈലി ഉണ്ടായിരുന്നെങ്കിലും, ഭാഗ്യരാജ് ഒരു 'ഗ്രെയ്റ്റ് ആക്ടറു'മായിരുന്നില്ല. പക്ഷേ അദ്ദേഹം സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്ത സിനിമകൾ കമേഴ്‌സ്യൽ രംഗത്ത് ട്രെൻഡ് സെറ്ററായി.(അതെന്തുകൊണ്ടാണെന്ന് ചലച്ചിത്ര വിദ്യാർത്ഥികൾ പഠിക്കട്ടെ).

1980 അവസാനം പുറത്തിറങ്ങിയ ഫാസിലിന്റെ ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂവി'ലൂടെ രംഗപ്രവേശം ചെയ്ത പൂർണ്ണിമാ ജയറാം അഭിനയമികവുകൊണ്ടും, ശാലീനമായ രൂപസവിശേഷതകൊണ്ടും മലയാളത്തിന്റെ പ്രിയങ്കരിയായി മാറി. 1980-84 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികനടിയായിരുന്നു പൂർണ്ണിമ, മലയാളത്തിന് പുറമെ ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുമ്പോഴായിരുന്നു 1984 ഫെബ്രുവരി 6-ാം തീയതി, ഭാഗ്യരാജുമായുള്ള പൂർണ്ണിമയുടെ വിവാഹം.

മദ്രാസ് സിറ്റിയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തിരുവേർക്കാട്ട് കുമാരിയമ്മൻ കോവിലിൽ വച്ച് അതിരാവിലെ ആറുമണിക്കായിരുന്നു വിവാഹമുഹൂർത്തം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രന്റെ കാർമ്മികത്വത്തിലായിരുന്നു തിരുമണം.(അവിടെവച്ച് എം.ജി.ആർ തന്റെ പിൻഗാമിയായി ഭാഗ്യരാജിനെ പ്രഖ്യാപിക്കുകയും ചെയ്തു).

തലേന്ന് മുതൽ നല്ല മഴയായിരുന്നു. ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടി ഉൾപ്പെടെയുള്ള ഞങ്ങളുടെ ടീം നുങ്കംപക്കത്തെ രാജ്‌ഹോട്ടലിൽ നിന്ന് രാത്രി ഒരു മണിക്ക് ഒരു ടാക്‌സിക്കാറിൽ യാത്ര തിരിച്ചു. (വിവാഹനിശ്ചയക്ഷണക്കത്തും, കാർപാസ്സുമൊക്കെ നേരത്തെ സംഘടിപ്പിച്ചിരുന്നു.) 1984 ഏപ്രിൽ  10 ലക്കം 'നാന'യിൽ 'ഭാഗ്യരാജിന്റെ പൂർണ്ണിമ കല്ല്യാണം' എന്ന തലക്കെട്ടിൽ ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ട്, ധാരാളം ഫോട്ടോകൾ സഹിതം പ്രസിദ്ധീകരിച്ചു. അതിന്റെ പ്രസക്തമായ ഭാഗങ്ങൾ താഴെ കൊടുക്കുന്നു:

വിവാഹകർമ്മം നടക്കുന്ന ക്ഷേത്രത്തിനുള്ളിലേക്ക് വധൂവരന്മാരുടെ ഏറ്റവുമടുത്ത ബന്ധുജനങ്ങൾക്കും, ഉന്നതരായ ചില വി.ഐ.പികൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. കാവൽനിൽക്കുന്ന ഉയർന്ന പോലീസുദ്യോഗസ്ഥന്മാർ കർക്കശമായ പരിശോധനകൾക്കുശേഷമാണ് ക്ഷേത്രത്തിന്റെ വലിയ വാതിൽ കടത്തിവിട്ടത്. ഭാഗ്യരാജിന്റെ ഗുരുവായ സംവിധായകൻ ഭാരതിരാജ പോലീസുകാർക്കൊപ്പം നിൽക്കുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിനോട് ചേർന്ന ആഡിറ്റോറിയത്തിലായിരുന്നു അതിഥികൾക്ക് വേണ്ടി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നത്. ഇരിപ്പിടങ്ങൾ പല തട്ടുകളായിട്ടായിരുന്നു. പൊതുദർശനത്തിനുവേണ്ടി വധൂവരന്മാർ ആസനസ്ഥമാകുന്ന സ്റ്റേജിന് തൊട്ടുമുന്നിൽ കുറച്ചുഭാഗത്ത് കമ്പളം വിരിച്ചിരിക്കുന്നു. അവിടെ ബന്ധുജനങ്ങൾ. അതിനുപിന്നിൽ ഉന്നതരായ വിശിഷ്ടവ്യക്തികൾക്കുള്ള ചൂരൽ കസേരകൾ. അവയ്ക്ക് പിന്നിൽ അത്രതന്നെ ഉന്നതരല്ലെങ്കിലും വിശിഷ്ടരെന്ന് കരുതാവുന്നവർക്കുള്ള ഇരിപ്പിടങ്ങളും, 'പ്രസ്' എന്ന ബോർഡ് വച്ച് വേർതിരിച്ച് കുറച്ചുഭാഗം. അതിനും പിന്നിലായിട്ടാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്കുള്ളയിടം. അവിടം മുളകെട്ടി വേർതിരിച്ചിട്ടുണ്ട്.

ആഡിറ്റോറിയത്തിനുള്ളിലും പുറത്തും സായുധരും അല്ലാത്തവരുമായ പോലീസുകാർ ധാരാളമായി കാവൽ നിൽക്കുന്നുണ്ടായിരുന്നു. 'ഭാഗ്യരാജ് രസികർമൻറം' എന്ന ബാഡ്ജ് കുത്തിയ വോളന്റിയറന്മാരാണ്, അതിഥികളെ അളന്നുതൂക്കി ഇനം തിട്ടപ്പെടുത്തി, അനുയോജ്യമായ ഇരിപ്പിടങ്ങളിലിരുത്തിയത്. 'രസികർമൻറം' ബാഡ്ജ് കുത്തിയ വോളന്ററിയർമാരിൽ, ഒട്ടുമിക്കപേരും മദ്രാസ് സിനിമാരംഗത്ത് അറിയപ്പെടുന്നവരായിരുന്നു.

അതിഥികൾക്ക് ദർശനം നൽകാൻ വേണ്ടി, വധൂവരന്മാർ വിവാഹാനന്തരം ഉപവിഷ്ടരാകുന്ന സ്റ്റേജും ആഡിറ്റോറിയവും പല വിധ വർണ്ണത്തൊങ്ങലുകൾ കൊണ്ടും, ദീപവിതാനം കൊണ്ടും അലംകൃതമായിരുന്നു. വധൂവരന്മാർക്ക് സിംഹാസനം പോലുള്ള ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരുന്നു. (ചില തമിഴ്-തെലുങ്ക് സിനിമകളിൽ സർവ്വസാധാരണമായി കണ്ടുവരാറുള്ള ഒരു സ്വപ്നസീൻ പകർത്താൻ വേണ്ടി സജ്ജമാക്കിയിരിക്കുന്ന ഏതോ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടത്.)

ആറുമണിയായതോടെ ആഡിറ്റോറിയം അതിഥികളെക്കൊണ്ട് നിറഞ്ഞു. ശിവാജിഗണേശൻ, പ്രഭു, ശിവകുമാർ, കെ.ആർ. വിജയ, ഷൗക്കാർ ജാനകി, മഞ്ജുള, വിജയകുമാർ, ഉർവ്വശി, തേങ്കായ് ശ്രീനിവാസൻ, ബാലുമഹേന്ദ്ര തുടങ്ങിയ അറിയപ്പെടുന്ന സിനിമാക്കാരും സ്പീക്കർ രാജാറാം, മന്ത്രിമാരായ നെടുഞ്ചേഴിയൻ, വീരപ്പൻ, ഗോപേന്ദ്രൻ തുടങ്ങിയ ഉന്നതരായ എ.ഐ.എ.ഡിഎം.കെ നേതാക്കന്മാരും കാലേക്കൂട്ടി വന്നെത്തിയെങ്കിലും വിശിഷ്ട സാന്നിദ്ധ്യം സദസ്സിനനുഭവപ്പെട്ടത്, ഏ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ജയലളിത ആഡിറ്റോറിയത്തിൽ സന്നിഹിതയായതോടെയാണ്. 'ചിന്തനൈശെൽവി'യെ ഉയർന്ന പോലീസുദ്യോഗസ്ഥരും, സിനിമ-രാഷ്ട്രീയരംഗത്തെ അത്യുന്നതന്മാരും കൂടി വലയം ചെയ്തു സ്വീകരിച്ചാനയിച്ചു. വിശിഷ്ടാതിഥികൾക്കുള്ള ഇരിപ്പിടങ്ങളുടെ മുൻനിരയിൽ ഉപവിഷ്ടയാക്കി.

സ്റ്റേജിന്റെ ഇടതുവശത്തെ മറ്റൊരു വേദിയിൽ നാദസ്വരമേളം തകർത്തുനടക്കുന്നുണ്ടായിരുന്നു. കൊച്ചുവെളുപ്പാൻ കാലം മുതലാരംഭിച്ച ആ നാദസ്വരക്കച്ചേരി കുളിരുള്ള അന്തരീക്ഷത്തിൽ അനാഥമായി പ്രതിധ്വനിച്ചതല്ലാതെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആഡിറ്റോറിയത്തിന്റെ രണ്ടുവശങ്ങളിലായി വലിയ ടി.വി സെറ്റുകൾ ഉയർത്തിവച്ചിട്ടുണ്ടായിരുന്നു.

ആറരമണി കഴിഞ്ഞതോടെ ക്ഷേത്രത്തിനുള്ളിൽ വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും, ടി.വി സ്‌ക്രീനിലൂടെ ചടങ്ങുകൾ ഒന്നൊന്നായി പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്തു. 'തലൈവർ' എം.ജി.ആർ തന്റെ വാരിശിന്റെ തലയിൽ കിന്നരിത്തലപ്പാവണിയിക്കുന്നതും, കെട്ടുതാലി എടുത്തുനൽകുന്നതും, 'വാരിശ്' അത് പൂർണ്ണിമയുടെ കഴുത്തിലണിയിക്കുന്നതും, ഇതര ചടങ്ങുകൾക്കുശേഷം ഇരുവരും കാൽതൊട്ട് വന്ദിക്കുന്നതും, തലൈവർ ഇരുവരെയും അനുഗ്രഹിക്കുന്നതും തുടങ്ങിയുള്ള രംഗങ്ങൾ ഒരു സിനിമ കാണുന്ന രസത്തോടും സുഖത്തോടും അതിഥികൾ കണ്ടു. തലൈവരുടെ ക്ലോസപ്പുകൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ചിലയിടങ്ങളിൽ നിന്ന് കയ്യടികളും ഉയർന്നു.
വിവാഹാനന്തരം വധൂവരന്മാരേയുമാനയിച്ചു ഡോ.എം.ജി.ആർ ആഡിറ്റോറിയത്തിലേക്ക് വന്നതോടെയാണ് രംഗത്തിന് ചൂടുപിടിച്ചത്. 

മഴയിലൂടരിച്ചെത്തുന്ന ശീതക്കാറ്റിൽ വിറപൂണ്ടിരുന്ന അതിഥികൾക്ക് അതോടെ ഹരം കയറി. തലൈവരെ കണ്ട മാത്രയിൽ സദസ്സ് ഒന്നടങ്കം ബഹുമാനപുരസ്സരം എഴുന്നേറ്റുനിൽക്കുകയും, കയ്യടിച്ചു വരവേൽക്കുകയും ചെയ്തു. മഫ്ടി വേഷത്തിലുള്ള ഉയർന്ന പോലീസുദ്യോഗസ്ഥന്മാരാലും, മന്ത്രിമാർ തുടങ്ങിയ എ.ഐ.എ.ഡി.എം.കെയിലെ ഉന്നത നേതാക്കന്മാരാലും വലയം ചെയ്യപ്പെട്ട 'തലൈവർ' നവദമ്പതിമാരെ സ്വീകരിച്ചു വേദിയിലേക്ക് കൈപിടിച്ചെഴുന്നെള്ളിച്ചപ്പോൾ, ബാഡ്ജ് ധാരികളായ 'രസികർമൻറ'ക്കാർ എം.ജി. ആർ വാഴ്ക, ഭാഗ്യരാജ് വാഴ്ക എന്നുച്ചത്തിൽ വിളിച്ചുപറയാൻ തുടങ്ങി.

വധൂവരന്മാരെ വേദിയിലെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായിക്കിയിട്ട് എം.ജി.ആർ സ്റ്റേജിന് തൊട്ടുതാഴെ പ്രത്യേകം സജ്ജമാക്കിയിരുന്ന കസേരയിലിരുന്നു. നടത്തിപ്പുകാരന്റെ തിരക്കിട്ട കാര്യഗൗരവത്തോടെ ഭാരതിരാജ ഓടിനടന്ന് ഓരോരുത്തർക്കും നിർദ്ദേശങ്ങൾ നൽകി. ടി.വി. ക്യാമറാക്കാരുടെയും സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെയും തിക്കും തിരക്കുമായി. ടി.വി ക്യാമറകൾ കൂടുതലും ഫോക്കസ് ചെയ്തിരുന്നത് എം.ജി. ആറിലായിരുന്നു.

കിന്നരിത്തലപ്പാവ് ചെവികളെ മൂടിയിരുന്നതുകൊണ്ട് ഭാരതിരാജയും മറ്റും അടുത്തുവന്നു അടക്കം പറയുന്നത് ഭാഗ്യരാജിന് കേൾക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഭാഗ്യരാജ് കൂടെക്കൂടെ തലപ്പാവ് ചെവിക്ക് മുകളിലേക്ക് ഉയർത്തിക്കൊണ്ടിരുന്നു.
അൽപ്പം കഴിഞ്ഞപ്പോൾ വേദിയിലേക്ക് ഒരു മൈക്ക് കൊണ്ടുവരപ്പെട്ടു. ഭാഗ്യരാജ് 'തലൈ'വരെ അനുമതിക്കുവേണ്ടി നോക്കി. 'തലൈവർ' തലയാട്ടി അനുമതി നൽകി. തലപ്പാവ് ശരിയായി ഫിറ്റുചെയ്തു കണ്ണട ചൂണ്ടുവിരൽ കൊണ്ട് ഉറപ്പിച്ചു ഭാഗ്യരാജ് മൈക്കിന് മുമ്പിലേക്ക് നടന്നു. അതോടെ സദസ്സ് ഒന്നടങ്കം കരഘോഷം മുഴക്കി. 'എം.ജി. ആർ വാഴ്ക, ഭാഗ്യരാജ് വാഴ്ക' വിളികളുയർന്നു. തലൈവരോടുള്ള ഉള്ളം തുളുമ്പുന്ന നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഭാഗ്യരാജിന്റെ ചെറുപ്രസംഗശേഷം, മൈക്ക് നീട്ടി, തലയാട്ടിക്കൊണ്ട് ഭാഗ്യരാജ് 'മനൈവി' പൂർണ്ണിമയെ ക്ഷണിച്ചു. ലജ്ജാവതിയായി എഴുന്നേറ്റുനിന്ന പൂർണ്ണിമ ഒറ്റവാക്കിൽ ആത്മപ്രകാശനം നടത്തി- വണക്കം, എല്ലോരുക്കും നൻറി.

വധൂവരന്മാരുടെ നന്ദിപ്രകടനം കഴിഞ്ഞപ്പോൾ, ഡോ. എം.ജി.ആർ വേദിയിലേക്ക് കയറി. സദസ് വർദ്ധിച്ച ആവേശത്തോടെ കയ്യടിക്കുകയും 'വാഴ്‌കെ' വിളിക്കുകയും ചെയ്തു. 'എൻ രക്തത്തിൻ രക്തങ്കളെ' എന്നുതുടങ്ങുന്ന പ്രസംഗത്തിൽ ഭാഗ്യരാജിനെ തന്റെ 'വാരിശാ'യി (പിൻഗാമി) പ്രഖ്യാപിച്ചിരിക്കുന്ന സംഗതി തലൈവർ എടുത്തുപറയുകയും, അനുജനും മനൈവിക്കും ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.
പ്രസംഗത്തിന്റെ വികാരതീവ്രതയ്ക്കനുസരിച്ച് ഇടവിട്ടിടവിട്ടു 'രസികർമൻറ'ക്കാർ കയ്യടിക്കുകയും വാഴ്‌കെ വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
തലൈവർ പ്രസംഗത്തിനുശേഷം ഒരു കൂറ്റൻ റോസാപ്പൂമാല വാരിശിന്റെ കഴുത്തിലയണിച്ചു. തുടർന്ന് ജയലളിത, ശിവാജി ഗണേശൻ, മന്ത്രിമാർ തുടങ്ങിയ വിശിഷ്ടവ്യക്തികൾ ഓരോരുത്തരായി വന്നു വധൂവരന്മാരെ ആശിർവദിക്കുകയും, പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.
പത്തുപതിനഞ്ച് മിനിറ്റ് നീണ്ടുനിന്ന ചടങ്ങിനുശേഷം തലൈവരും വധൂവരന്മാരും യാത്രയായി. ആരാധകരുടെ തിക്കും തിരക്കും മൂലം, നേരത്തെ പ്രഖ്യാപിച്ചിരുന്ന വഴിയിലൂടെയായിരുന്നില്ല വധൂവരന്മാരുടെ യാത്ര. ആരാധകരെ കബളിപ്പിച്ച് ആരും നിനക്കാത്ത ഒരു വഴിയിലൂടെ ചുറ്റിവളഞ്ഞു പോയി.

ഫെബ്രുവരി 12-ാം തീയതി സെക്കൻഡ് സൺഡേയായിരുന്നു. എന്നുപറഞ്ഞാൽ മദിരാശി സിനിമാലോകത്തെ സമ്പൂർണ്ണ അവധി ദിവസം. അന്ന് സിനിമാസംബന്ധമായ ഒരു വർക്കും പാടില്ല. പരിപൂർണ്ണ വിശ്രമം.

സൽക്കാരച്ചടങ്ങ്

അന്നായിരുന്നു ഭാഗ്യരാജ്- പൂർണ്ണിമ ദമ്പതികൾക്ക് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ്. വിവാഹത്തിനുണ്ടായിരുന്ന അതേ ആർഭാടവും സജ്ജീകരണങ്ങളും തന്നെയാണ് സ്വീകരണത്തിനുമുണ്ടായിരുന്നത്. മദിരാശി ചലച്ചിത്രരംഗം കാലേക്കൂട്ടി ഇതിനുവേണ്ടി തയ്യാറെടുക്കുംപോലെ തോന്നി.
അന്നുരാവിലെയും മഴ പെയ്യാൻ തുടങ്ങിയിരുന്നു. എം.വി.എം. സ്റ്റുഡിയോയിൽ വച്ചായിരുന്നു സ്വീകരണച്ചടങ്ങ്. പൊതുജനങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, കല്യാണം പോലെ കർശനമായ വിലക്കുകളാണ് ഏർപ്പെടുത്തിയിരുന്നത്. ക്ഷണക്കത്തുള്ള ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. സ്റ്റുഡിയോയുടെ പ്രധാന വാതിലിൽ പോലീസുകാരും രസികർമൻറം വോളണ്ടിയർമാരും നിന്നാണ് പാസ് നോക്കി ആളുകളെ ഉള്ളിലേക്ക് കടത്തിവിട്ടത്.

സ്റ്റുഡിയോയ്ക്ക് മുന്നിൽ ഭാഗ്യരാജിന്റെ  വലിയ കട്ട് ഔട്ട് മാല അണിയിച്ചു നിറുത്തിയിരുന്നു. ഫ്‌ളോറുകൾക്ക് മുന്നിലെ വിശാലമായ പുൽത്തകിടി ഒരു സമ്മേളന നഗരിപോലെ അണിയിച്ചൊരുക്കിയിരുന്നു. ടാർപാളിൻ കൊണ്ടുകെട്ടിയ സ്റ്റേജിന് മുന്നിൽ കസേരകൾ വരിവരിയായി ഇട്ടിരുന്നു. പരിസരമാകെ വർണ്ണതോരണങ്ങൾ കെട്ടി അലംകൃതമാക്കിയിരുന്നു.
രണ്ടാം നമ്പർ ഫ്‌ളോറിന് മുന്നിൽ ഒരുയർന്ന വേദി സജ്ജമാക്കിയിരുന്നു. സിനിമകളിലെ സിംഹാസനം പോലെ അലങ്കരിച്ച  കൂറ്റൻ ഇരിപ്പിടം അതിന് നടുവിൽ ഇട്ടിട്ടുണ്ടായിരുന്നു.

അഞ്ചുമണി മുതൽ ആളുകൾ എത്താൻ തുടങ്ങി. എല്ലാവരുടെ പക്കലും സമ്മാനപ്പൊതികളുണ്ടായിരുന്നു. ചിലർ ഒന്നും രണ്ടും ജോലിക്കാരെക്കൊണ്ട് ചുമപ്പിച്ചാണ് തങ്ങളുടെ കൂറ്റൻ പാരിതോഷികങ്ങൾ സ്ഥലത്തെത്തിച്ചത്.
മൂന്നാം നമ്പർ ഫ്‌ളോറിലായിരുന്നു വിരുന്നുസൽക്കാരമേർപ്പെടുത്തിയിരുന്നത്. വിശിഷ്ട ഭോജ്യങ്ങൾ പലതരമുണ്ടായിരുന്നു. ഏത് വേണമെങ്കിലും ഇഷ്ടാനുസരണം കഴിക്കാം. നെയ്‌റോസ്റ്റ്, മസാലദോശ എന്നിവ ഉടനടി ചുട്ടുചൂടോടെ നൽകാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനുവേണ്ടി എട്ട് വൈദ്യുതദോശക്കല്ലുകൾ തയ്യാറാക്കിയിരുന്നു.

ഭാരതിരാജാ തന്നെയായിരുന്നു സ്വീകരണാഘോഷത്തിന്റെയും ചുക്കാൻ പിടിച്ചിരുന്നത്.

കൃത്യം ആറുമണിക്കു വധൂവരന്മാർ എത്തി. ഭാഗ്യരാജ് തമിഴ് ഹീറോയെപ്പോലെ ഫുൾ സൂട്ടിലായിരുന്നു. പൂർണ്ണിമ പട്ടുവസ്ത്രവും സ്വർണ്ണാഭരണങ്ങളുമണിഞ്ഞു തലയിൽ മുല്ലപ്പൂവും ചൂടി നവവധുവിന്റെ വേഷവിതാനങ്ങളിലും.
ഭാരതിരാജയും സിനിമാരംഗത്തെ ഉന്നതന്മാരും ചേർന്ന് വധൂവരന്മാരെ ആനയിച്ചു വേദിയിലെ സിംഹാസനത്തിൽ ഉപവിഷ്ടരാക്കിയതോടെ സ്വീകരണച്ചടങ്ങുകൾ ആരംഭിച്ചു.

ഓരോരുത്തരായി വരിവരിയായി വേദിയിൽ കയറി സമ്മാനം നൽകി. വധൂവരന്മാരെ ആശിർവദിക്കാനുള്ള സ്വീകരണമാണ് തയ്യാറാക്കിയിരുന്നതെങ്കിലും, തിക്കും തിരക്കും മൂലം അതിന് നിവർത്തിയില്ലെന്നായി. താരങ്ങളായ വധൂവരന്മാരുടെ മാത്രമല്ല, ആശീർവദിക്കാനെത്തുന്ന താരങ്ങളേയും അടുത്തു കാണുന്നത് ജനത്തിന് ഹരമായിരുന്നു. സമ്മാനം നൽകി തിരിച്ചിറങ്ങുന്ന താരങ്ങൾക്ക് ചുറ്റും അവർ തടിച്ചുകൂടുകയും, അവരുമൊത്ത് നിന്ന് ഫോട്ടോകളെടുക്കാൻ ഉന്തും തള്ളും നടത്തുകയും ചെയ്തു. ഓട്ടോഗ്രാഫിൽ താരങ്ങളുടെ കയ്യൊപ്പ് വാങ്ങാനും വലിയ തിരക്കായിരുന്നു. പോലീസും വോളന്റിയറന്മാരും ജനത്തെ നിയന്ത്രിക്കാൻ വല്ലാതെ ബുദ്ധിമുട്ടി.
ഇതിനിടെ സ്റ്റേജിൽ കച്ചേരി ആരംഭിച്ചിരുന്നു. എന്നാൽ അതിമനോഹരമായ ആ കച്ചേരി, ബഹളത്തിനിടയിൽ അനാഥമായി നടന്നതല്ലാതെ ശ്രദ്ധിക്കാൻ ആരും തയ്യാറായില്ല.

രജനികാന്തും പ്രഭുവും പത്‌നീസമേതരായി എത്തിയപ്പോൾ തിക്കും ബഹളവും മൂർദ്ധന്യാവസ്ഥയിലെത്തി. പോലീസ് വളരെ പണിപ്പെട്ടാണ് സൂപ്പർസ്റ്റാറുകളെ വഴിയൊരുക്കി വേദിയിലേക്കാനയിച്ചതും, തിരികെ കാറിൽ കയറ്റി സുരക്ഷിതമായി യാത്രയാക്കിയതും. ബഹളത്തിന് നടുവിൽപ്പെട്ട്, പതറിയ പോലെ കാണപ്പെട്ട പ്രതാപ് പോത്തനെ കൈക്ക് പിടിച്ചു, ആളുകൾക്കിടയിലൂടെ രാധിക ആനയിച്ചു കൊണ്ടുപോകുന്ന കാഴ്ച രസകരമായിരുന്നു.

നെടുഞ്ചേഴിയൻ, വീരപ്പൻ തുടങ്ങിയ എം.ജി.ആർ മന്ത്രിസഭയിലെ തലമുതിർന്ന പല മന്ത്രിമാരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. മലയാളത്തിൽ നിന്ന് അധികമാരും പങ്കെടുത്തില്ല. ശ്രീവിദ്യ, നിർമ്മാതാവ് പി.വി. ഗംഗാധരൻ തുടങ്ങി ചുരുക്കം ചിലർ മാത്രമേ സ്വീകരണത്തിന് വന്നുചേർന്നുള്ളൂ.
വിഷ് ചെയ്തും ഹസ്തദാനം ചെയ്തും ആളുകളുടെ തള്ളലേറ്റും നവദമ്പതികൾ അൽപ്പസമയത്തിനകം ക്ഷീണിതരായ പോലെ തോന്നി. ടി.വിക്കാരുടെ സ്‌പോർട്ട് ലൈറ്റുകൾ കൂടി ഏറ്റപ്പോഴേയ്ക്കും ഇരുവരും വിയർത്തുകുളിക്കുകയും മുഖത്തെ പൗഡർ നിറം മങ്ങുകയും ചെയ്തു. അപ്പോഴൊക്കെ രണ്ടുപേർ ഝടുതിയിൽ ഇരുവരുടെയും മുഖത്ത് ടച്ച് അപ്പ് നടത്തുന്നുണ്ടായിരുന്നു.
എട്ടുമണിയായപ്പോൾ അനേകം കാറുകളുടെ അകമ്പടിയോടെ 'തലൈവർ' വന്നെത്തി. നിമിഷം കൊണ്ട് പോലീസ് ജനത്തെ തള്ളിമാറ്റി എം.ജി.ആറിന് വഴിയൊരുക്കി. ആരാധകരുടെ ആഹ്ലാദാരവങ്ങളേറ്റുവാങ്ങിക്കൊണ്ട് തലൈവർ വേദിയിലെത്തി. ഭാഗ്യരാജിനെയും പൂർണ്ണിമയെയും ഒരിക്കൽ കൂടി ആശീർവദിച്ചു.
അതോടെ സ്വീകരണച്ചടങ്ങ് അവസാനിച്ചു.

അനുബന്ധം:

1980 ഒടുവിൽ റിലീസ് ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആയിരുന്നു പൂർണ്ണിമാ ജയറാം അഭിനയിച്ച ആദ്യസിനിമ. (ആ ചിത്രത്തിന് മറ്റു സവിശേഷതകളുമുണ്ടായിരുന്നു. ഫാസിൽ ആദ്യം സംവിധാനം ചെയ്ത ഈ ചിത്രത്തിലായിരുന്നു വില്ലൻവേഷത്തിലുള്ള മോഹൻലാലിന്റെ അരങ്ങേറ്റം. ശങ്കർ ആയിരുന്നു നായകൻ) 1960 ജൂലൈ 17-ാം തീയതി ബോംബെയിൽ ജനിക്കുകയും, അവിടെ വളരുകയും ചെയ്ത പൂർണ്ണിമാജയറാം മികച്ച നർത്തകിയായിട്ടാണ് ആദ്യം കഴിവ് തെളിയിച്ചത്. ബോംബെയിലെ വിഖ്യാതമായ ശ്രീരാജേശ്വരി ഭരതനാട്യ കലാമന്ദിറിൽനിന്ന് ഭരതനാട്യം അഭ്യസിച്ച പൂർണ്ണിയുടെ മുത്തശ്ശൻ പ്രസിദ്ധമായ ഷൺമുഖാനന്ദ സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. 1980-85 കാലഘട്ടമായിരുന്നു പൂർണ്ണിമയുടെ അഭിനയജീവിതം.

വിവാഹത്തിന്റെ തലേദിവസം ഞങ്ങൾ പൂർണ്ണിമയെ മദ്രാസ്സിലെ അവരുടെ വീട്ടിൽപ്പോയി കണ്ടിരുന്നു. അമ്മയുമുണ്ടായിരുന്നു. സംസ്‌ക്കാരവും എളിമയുമുള്ള പെരുമാറ്റം. നല്ല സ്ഫുടതയോടെ അവർ മലയാളം സംസാരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img