
കോഴിക്കോട്∙ ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കാരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരൽ നടന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് റസാഖ് പറഞ്ഞു. അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്ന വാദം ശരിയല്ലെന്നും റസാഖ് പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചവർ വിജയിച്ചിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രവീൺ കുമാർ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും റസാഖ് വിമർശിച്ചു.
അധികാരത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് അൻവർ യുഡിഎഫിനെ പിന്തുണച്ചതെന്നും അതിന് യാതൊരു ഉപാധിയും മുന്നോട്ടുവച്ചിരുന്നില്ലെന്നും റസാഖ് പറഞ്ഞു. പ്രവീൺ കുമാറിന്റെ പ്രസ്താവന അൻവറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു











