11:58am 28 November 2026
NEWS
വാട്സാപ്പിൽ വരുന്ന വിവാഹക്ഷണക്കത്തുകൾ സൂക്ഷിക്കുക; പുതിയ സൈബർ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 10.02 ലക്ഷം രൂപ
28/11/2026  10:21 AM IST
nila
വാട്സാപ്പിൽ വരുന്ന വിവാഹക്ഷണക്കത്തുകൾ സൂക്ഷിക്കുക; പുതിയ സൈബർ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 10.02 ലക്ഷം രൂപ


സൂറത്ത്: വാട്സാപ്പിലൂടെ ലഭിച്ച വ്യാജ വിവാഹക്ഷണക്കത്ത് തുറന്നതോടെ ഗുജറാത്ത് സ്വദേശിക്ക് നഷ്ടമായത് 10.02 ലക്ഷം രൂപ. വിവാഹക്ഷണക്കത്തിന്റെ രൂപത്തിൽ അയച്ച എപികെ (APK) ഫയൽ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതോടെയാണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ തട്ടിപ്പുസംഘത്തിന് പണം പിൻവലിച്ച് കൈമാറാൻ സഹായിച്ച ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് ബിജ്നോർ സ്വദേശിയായ ദേവേന്ദ്ര മാലിക് (28) ആണ് പിടിയിലായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കാനും പിൻവലിക്കാനും സ്വന്തം ബാങ്ക് അക്കൗണ്ട് വിട്ടുനൽകിയതിന് ഇയാൾ കമ്മീഷൻ വാങ്ങിയിരുന്നതായി പൊലീസ് അറിയിച്ചു.

'wedding invitation.APK' എന്ന പേരിൽ വാട്സാപ്പിലെത്തിയ ഫയൽ യഥാർഥ വിവാഹക്ഷണക്കത്താണെന്ന് വിശ്വസിച്ചാണ് പരാതിക്കാരൻ ഡൗൺലോഡ് ചെയ്തത്. ഫയൽ ഇൻസ്റ്റാൾ ചെയ്തതോടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിച്ചു. തുടർന്ന് ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10.02 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ദേവേന്ദ്ര മാലിക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അക്കൗണ്ടിലെത്തിയ തുക ചെക്കുകൾ വഴി പിൻവലിച്ച് ഇയാൾ തട്ടിപ്പുസംഘത്തിന് കൈമാറുകയായിരുന്നു. ഇതിന് പ്രതിഫലമായി ഏകദേശം 20 ശതമാനം കമ്മീഷൻ കൈപ്പറ്റിയെന്നും ശേഷിക്കുന്ന തുക ഒളിവിലുള്ള കൂട്ടാളികൾക്ക് നൽകിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും സാങ്കേതിക നിരീക്ഷണവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിജ്നോറിൽനിന്ന് പ്രതിയെ പിടികൂടിയത്.

വാട്സാപ്പിലൂടെയോ മറ്റ് സന്ദേശമാധ്യമങ്ങളിലൂടെയോ ലഭിക്കുന്ന APK ഫയലുകൾ വിശ്വാസ്യത ഉറപ്പാക്കാതെ ഡൗൺലോഡ് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിവാഹക്ഷണക്കത്തുകൾ, ആർടിഒ പിഴ അറിയിപ്പുകൾ, ബാങ്കിങ് സേവനങ്ങൾ, കെവൈസി പുതുക്കൽ, സർക്കാർ പദ്ധതികൾ തുടങ്ങിയവയുടെ പേരിൽ എത്തുന്ന സംശയാസ്പദമായ ലിങ്കുകളും ഫയലുകളും തുറക്കരുതെന്നും നിർദേശമുണ്ട്.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ വൈകാതെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img