
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപ വരെ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,500 രൂപയുടെ വർധനവാണിത്. മന്ത്രിയുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ബോണസ് സംബന്ധിച്ച തീരുമാനമായത്.
ബോണസിന് പുറമെ 50,000 രൂപ അഡ്വാൻസും നൽകും. എംപ്ലോയ്മെന്റ് ജീവനക്കാരുടെ ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫിസിലെയും വെയർഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 13,000 രൂപയും നൽകാൻ തീരുമാനിച്ചു.
അതേസമയം, ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ബെവ്കോയുടെ സാമ്പത്തിക നിലയിൽ വലിയ മാറ്റമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാർച്ച് 31ന് 124.10 കോടി രൂപ ലാഭത്തിലായിരുന്ന കോർപ്പറേഷൻ, ഈ വർഷം ഇതേ തീയതിയിൽ 281.95 കോടി രൂപയുടെ നഷ്ടത്തിലാണ്.
ഗാലനേജ് ഫീ സംബന്ധിച്ച വിഷയം വിശദമായി പഠിച്ച് ധനവകുപ്പിന്റെ അനുമതി തേടി തുക കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ഓണം ബോണസാണ് ലഭിച്ചത്. സ്ഥിരം ജീവനക്കാർക്ക് അന്ന് 1,02,500 രൂപയായിരുന്നു ബോണസ്.










