08:42am 14 September 2026
NEWS
കുട്ടനാടിനോട് കാണിച്ച വിശ്വാസ വഞ്ചന; 2018 ൽ പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും നടപ്പിലായിട്ടില്ല
31/01/2026  09:18 PM IST
ചെറുകര സണ്ണീലൂക്കോസ്
കുട്ടനാടിനോട് കാണിച്ച വിശ്വാസ വഞ്ചന; 2018 ൽ പ്രഖ്യാപിച്ച പാക്കേജ്  ഇപ്പോഴും നടപ്പിലായിട്ടില്ല
കേരളീയ സമൂഹത്തിനാകെ അന്നം വിളയിക്കുന്ന കുട്ടനാട്, ഭൂമി ശാസ്ത്രപരമായി വേറിട്ടു കിടക്കുന്നതുമൂലം പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോഴൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നത് വലിയ ദുരന്തവും ദുരിതവുമാണ്. ഇങ്ങനെയുള്ള പ്രദേശത്തെ സംരക്ഷിക്കുക എന്നത് ഒരു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെങ്കിലും ഈ നാടിനോട് സർക്കാർ ചെയ്തത് വലിയ വിശ്വാസ വഞ്ചനയാണ്. 2018 ലെ മഹാദുരന്തത്തിനുശേഷം കുട്ടനാടിനെ സർക്കാർ എങ്ങനെയൊക്കെ പറഞ്ഞുപറ്റിച്ചു എന്ന ലഘു പരിശോധനയാണീ കുറിപ്പ്. 
2018 ലെ മഹാപ്രളയം കുട്ടനാടിനെ വിഴുങ്ങിയ അത്യന്തം ദുരന്ത സാഹചര്യം ലോകം മുഴുവൻ ചർച്ച ചെയ്ത കാലത്ത് 2018 ആഗസ്റ്റ് 5 ന് ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാടിന്റെ ദുരന്തത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രഖ്യാപിച്ചു.
 
• 2019 ജനുവരി 31 ന് ധനമന്ത്രി ഡോ.ടി. എം. തോമസ് ഐസക് സംസ്ഥാന നിയമസഭയിൽ നടത്തിയ 2019 - 20 ലെ ബജറ്റ് പ്രസംഗത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ ഭാഗമായി ''നവ കേരളത്തിന് 25 പദ്ധതികൾ'' പ്രഖ്യാപിച്ചതിൽ ആറാമത്തെ പദ്ധതി 'പുതിയ കുട്ടനാട് പാക്കേജ് ആയിരുന്നു. ആ ബഡ്ജറ്റ് പ്രസംഗത്തിന്റെ 41-ാം ഖണ്ഡികയുടെ ആദ്യ വാചകം ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുകയാണ്  എന്നതായിരുന്നു.
മറ്റ് പ്രഖ്യാപനങ്ങൾ.
 
••250 കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതി 2019-20 ൽ യാഥാർത്ഥ്യമാകും.
 
••എസി കനാൽ നവീകരണത്തിനും, തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനലിന് വീതിയും ആഴവും കൂട്ടുന്നതിനുമായി 2019-20 ൽ 400 കോടി ചെലവഴിക്കും.
 
• ഹെലികോപ്റ്റർ ഇറക്കുന്നതിനു സൗകര്യമുള്ള ബഹുനില ആശുപത്രി പുളിങ്കുന്നിൽ പണിയുന്നതിന് 150 കോടി ചെലവഴിക്കും.
 
••2019-20 ൽ മാത്രം കുട്ടനാട് പാക്കേജിനായി 500 കോടി രൂപയെങ്കിലും വിനിയോഗിക്കും. എന്നിങ്ങനെ 41 മുതൽ 46 വരെയുള്ള ഖണ്ഡികകളിൽ നിരവധി പ്രഖ്യാപനങ്ങൾ. കൂടാതെ 37-ാമത്തെ ഖണ്ഡികയിൽ നെൽകൃഷി ആദായകരമാക്കാൻ ആലപ്പുഴയിൽ അന്തർദേശീയ നിലവാരത്തിലുള്ള  റൈസ് പാർക്ക് നിർമ്മിക്കും എന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും 2019 - 2021 ൽ നടപ്പായില്ല. 2026 ലും നടപ്പായില്ല.
 
••2019 ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ മങ്കൊമ്പിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല രൂപം നൽകിയ പദ്ധതി നിർദേശങ്ങളൊന്നും പിന്നീട് പരിഗണിക്കപ്പെട്ടില്ല.
 
••2019 ജൂൺ 25 ന് സംസ്ഥാന ഭരണപരിഷ്‌കാര  കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ മങ്കൊമ്പിൽ നടത്തിയ ജനകീയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സർക്കാറിന് നൽകിയ ശുപാർശകൾ ഒന്നുപോലും നടപ്പാക്കപ്പെട്ടില്ല.
 
••2020 ഫെബ്രുവരി 7 ന് ധനകാര്യ മന്ത്രിയായ തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച 2020-21 ലെ ബജറ്റ് പ്രസംഗത്തിന്റെ നാലാം ഭാഗത്ത് പാക്കേജുകൾ എന്ന അധ്യായത്തിൽ 104 മുതൽ 110 വരെയുള്ള ഖണ്ഡികകൾ കുട്ടനാട് പാക്കേജിനെ കുറിച്ചായിരുന്നു. ഖണ്ഡിക 105, കുട്ടനാടിന് 2400 കോടി രൂപയുടെ പാക്കേജ് പ്ലാനിങ് ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. പ്രളയാനുഭവങ്ങൾ കൂടി കണക്കിലെടുത്ത് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചു.
 
••ഖണ്ഡിക (109) അനുവാദം നൽകിയ പദ്ധതികൾ 
 
• കുട്ടനാട് കുടിവെള്ള പദ്ധതി 291 കോടി രൂപ.
• തോട്ടപ്പള്ളി സ്പിൽവേ 280 കോടി രൂപ.
• ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് റോഡ് 450 കോടി രൂപ.
••പുളിങ്കുന്ന് ആശുപത്രി 150 കോടി രൂപ.
••മറ്റ് കിഫ്ബി പ്രോജക്ടുകൾ 541 കോടി രൂപ.
••റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ.
 
••2020 - 2021 ബഡ്ജറ്റിൽ പറഞ്ഞ 2400 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജിനുള്ള പണം എവിടെനിന്നും കണ്ടെത്തും എന്ന് ബജറ്റിൽ സൂചിപ്പിച്ചിരുന്നില്ല.
 
••2020 ബഡ്ജറ്റിൽ പറഞ്ഞ എസി റോഡ് എലിവേറ്റഡ് ഹൈവേയും ഒറ്റപ്പെട്ട ചില കിഫ്ബി ഫണ്ടിലുള്ള പദ്ധതികളും മാത്രമാണ് നടന്നത്. കുട്ടനാട് കുടിവെള്ള പദ്ധതിക്ക് അഞ്ചു വർഷം ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാവാം ഇപ്പോൾ (2026 ജനുവരി) പൈപ്പുകൾ കുഴിച്ചിടുന്നുണ്ട്.
 
••2019 ലും 2020 ലും അവതരിപ്പിച്ച സംസ്ഥാന ബജറ്റുകളിൽ പുളികുന്നിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന സർക്കാർ ആശുപത്രി കിഫ്ബി ഫണ്ടിൽ നിർമ്മിക്കും എന്നുനൽകിയ വാഗ്ദാനവും തടസ്സപ്പെട്ടു. അപ്പോൾ പുളിങ്കുന്ന് സെന്റ് മേരീസ് ഫറോന പള്ളി ആശുപത്രി നിർമ്മാണത്തിന് അവശ്യമായ സ്ഥലം സൗജന്യമായി നൽകി. നാട്ടുകാർ മങ്കൊമ്പ് മുതൽ ആശുപത്രി വരെ റോഡ് വീതികൂട്ടുന്നതിന് 1.37 ഏക്കർ ഭൂമി സമാഹരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പേരിൽ ആധാരം ചെയ്തു നൽകി. എങ്കിലും ഹെലിപ്പാട് ഒന്നുമില്ലാത്ത ആശുപത്രി കെട്ടിടത്തിന് 106.43 കോടി രൂപയുടെ സാമ്പത്തിക അനുമതി ആയത് 2025 ഒക്‌ടോബറിലാണ്. സാങ്കേതിക അനുമതി ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. എന്നിട്ടുവേണം നിർമ്മാണം തുടങ്ങാൻ. 
 
••കുട്ടനാടിന് വേണ്ടി പ്ലാനിങ് ബോർഡ് തയ്യാറാക്കിയ പാക്കേജ് നിർദ്ദേശങ്ങൾ പ്രായോഗികമല്ല എന്ന നിലയിൽ കുട്ടനാടിനെ അറിയുന്നവരുടെ ഭിന്നഭിപ്രായങ്ങൾ ഉയർന്നു. അച്ചൻകോവിലാറ്റിലെ വെള്ളം കുട്ടനാടിലേക്ക് ഒഴുകിയെത്താൻ നാലു കിലോമീറ്റർ നീളത്തിൽ ''കൊപ്പാറ'' കരപ്രദേശത്ത് കനാൽ നിർമ്മിച്ച് നദിയുടെ വളവ് നിവർക്കുക, മഴക്കാലത്ത് പമ്പാനദിയിലെ വെള്ളം വീയപുരത്ത് എത്തുമ്പോൾ അതു കുട്ടനാട്ടിലേക്ക് ഒഴുകാതെ തോട്ടപ്പള്ളിയിലേക്ക് തിരിച്ചുവിടാൻ അപ്പർ കുട്ടനാടിൽ നാലിടങ്ങളിലായി നദിക്ക് കുറുകെ റെഗുലേറ്ററുകൾ നിർമ്മിക്കുക. കുറേ പാടശേഖരങ്ങളെ ഒരുമിച്ച് ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിച്ച് അതിനു വലിയ പുറം ബണ്ട് നിർമ്മിക്കുക. തുടങ്ങി പ്ലാനിങ് ബോർഡിന്റെ പല നിർദേശങ്ങളും കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമല്ല എന്ന വിമർശനം ഉയർന്നു. ഈ പദ്ധതി നിർദ്ദേശങ്ങൾ അതേപോലെ നടപ്പായാൽ അപ്പർ കുട്ടനാട്ടിൽ വർഷകാലത്ത് ജലനിരപ്പ് ഒരു മീറ്ററിന് മുകളിൽ ഉയർന്ന് പ്രളയക്കെടുതി ഉണ്ടാകും എന്നും വിമർശനം ഉയരുന്നു.
 
••2021 ആഗസ്റ്റ് 11 ന് കുട്ടനാട് അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രമേയ അവതാരകനായ പി. സി. വിഷ്ണുനാഥും പ്രതിപക്ഷനേതാവ് വി. ഡി. സതീശനും കുട്ടനാടിന്റെ അടിയന്തര പ്രശ്‌നങ്ങൾ തുറന്നുകാട്ടിയപ്പോൾ മറുപടി പറഞ്ഞ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്ലാനിങ് ബോർഡ് രണ്ടാം പാക്കേജിനു വേണ്ടി തയ്യാറാക്കിയ പദ്ധതി നിർദ്ദേശങ്ങളെ കുറിച്ച് പഠിക്കാൻ മദ്രാസ് ഐഐടി.യെ ഏൽപ്പിച്ചിരിക്കുകയാണെന്നും അവരുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും ആറുമാസത്തിനകം രണ്ടാം പാക്കേജ് നടപ്പാക്കി തുടങ്ങുമെന്നും നിയമസഭയിൽ മന്ത്രി ഉറപ്പുപറഞ്ഞു.
 
• മദ്രാസ് ഐഐടിയുടെ ഹൈഡ്രോ ഡൈനാമിക് പഠന റിപ്പോർട്ട് 2021 ൽ ഒടുവിൽ തന്നെ സർക്കാരിന് ലഭിച്ചു.
 
• തോട്ടപ്പള്ളി ലീഡിംഗ് ചാനലിൽ വന്നുചേരുന്ന കോരൻകുഴി തോടിന്റെ വീതി കൂട്ടുക. ലീഡിംഗ് ചാനലിന് സമാന്തരമായി കരിയാർ തോട് പുതിയ ചാനലായി വികസിപ്പിക്കുക. ലോവർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാതെ തടയാൻ കുത്തിയതോട,് ചെറുതന,  കുന്നമ്മ, കരിമാടി എന്നിവിടങ്ങളിൽ ആറിനു കുറുകെ ഷട്ടറോടു കൂടിയ നാല് റെഗുലേറ്ററുകൾ നിർമ്മിക്കുക എന്നിവയായിരുന്നു മദ്രാസ് ഐ ഐ ടി അംഗീകരിച്ച നിർദ്ദേശങ്ങൾ. പാടശേഖരങ്ങളുടെ ക്ലസ്റ്ററുകളടക്കം പ്ലാനിങ് ബോർഡിന്റെ മറ്റു നിർദ്ദേശങ്ങളെക്കുറിച്ച്  ഐഐടി വിദഗ്ദ്ധർ പ്രതികരിച്ചില്ല. ഈ നിർദ്ദേശങ്ങൾ ലോവർ കുട്ടനാടിൽ വെള്ളപ്പൊക്കം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അപ്പർ കുട്ടനാട്ടിൽ പ്രളയക്കെഴുതി ഉണ്ടാവുമെന്ന് വിമർശനം വന്നതോടെ വീണ്ടും പഠിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചതോടെ കാര്യങ്ങൾ മരിവിച്ചു.
 
••വർഷകാലത്ത് പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ അപ്പർ കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുകാനുള്ള പ്രധാന മാർഗ്ഗം തോട്ടപ്പള്ളി പൊഴിമുഖം ആണ്. ഇവിടെയുള്ള 420 മീറ്റർ നീളമുള്ള സ്പിൽവേക്ക് 2.87 മീറ്റർ ഉയരവും 7.87 മീറ്റർ വീതിയും ഉള്ള 40 ഷട്ടറുകൾ ആണ് ഉള്ളത്. 1955 ൽ പണിത ഇവ കാലപ്പഴക്കം കൊണ്ട് തുരുമ്പ് എടുത്തു നശിച്ചതിനെ തുടർന്ന് ഷട്ടറുകൾ അടച്ചാലും ഉപ്പുള്ള കടൽവെള്ളം അപ്പർ കുട്ടനാട്ടിലേക്ക് കടന്നു കയറി സമീപ പാടശേഖരങ്ങളിൽ നെൽകൃഷി നശിക്കുന്ന സ്ഥിതി വിശേഷം അതീവ ഗുരുതരമായിരിക്കുന്നു.
 
• കായംകുളം കായലിലേക്ക് തുറന്നു കിടക്കുന്ന ടി എസ് കനാൽ വഴിയും ഓരുവെള്ളം കടന്നു വരുന്നുണ്ട്. 
 
• സ്പിൽവേയിലെ പഴകി ദ്രവിച്ച 40 ഷട്ടറുകൾ മാറ്റി പുതിയ സ്റ്റീൽ ഷട്ടറുകൾ സ്ഥാപിക്കുന്നതിന് 2015 ൽ കരാറെടുത്ത കമ്പനി നിർമ്മിച്ചത് രണ്ട് മീറ്റർ ഉയരം പോലുമില്ലാത്ത 20 ഷട്ടറുകൾ മാത്രം. 
 
• നാടിന്റെ നിരന്തര മൂറവിളിക്കുശേഷം 2023 ജൂണിൽ ജലസേചന വകുപ്പ് 16 കോടിയുടെ നവീകരണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ജലവിഭവവകുപ്പിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയും മൂലം 2023 അനുമതി നൽകിയ സ്പിൽവേ ഷട്ടറുകളുടെ  ഇതുവരെയും പ്രാഥമിക ജോലികൾ പോലും തുടങ്ങാൻ ആയിട്ടില്ല. മാർച്ച് 31 ന് ഭരണാനുമതിയുടെ കാലാവധി തീരും. സ്പിൽവേ നവീകരണം പ്രായോഗികമായി നടപ്പാക്കുന്നതിന് മുൻകൈ എടുത്ത് നേതൃത്വം നൽകാൻ ആരോരും ഇല്ലാത്ത സ്ഥിതിയാണ്. 
 
• അതിനാൽ ഡിസംബർ ജനുവരി മാസങ്ങളിൽ കടലിൽ നിന്ന് സ്പിൽവേയിലെ തകരാറിലായ ഷട്ടറുകൾക്കും അതിന്റെ ഫ്രെയിമുകൾക്കും ഇടയിലൂടെ ഉപ്പുവെള്ളം ഇരച്ചു കയറി കുട്ടനാടൻ, അപ്പർ കുട്ടനാടൻ കരിനില കാർഷികമേഖലയിൽ നെൽകൃഷി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഈ മേഖലയിലെ വെള്ളത്തിൽ ലവണാംശം കൂടിയത് കൃഷിയെയും ഉൽപാദന ക്ഷമതയെയും സാരമായി ബാധിക്കുകയാണ്. നിരവധി പാടശേഖരങ്ങളിൽ നെൽക്കതിരുകളിലെ നെൽമണികൾ പതിരായി മാറി. ഓരുവെള്ള ഭീഷണിമൂലം നിരവധി പാടശേഖരങ്ങളിൽ പുഞ്ചകൃഷി തന്നെ വേണ്ടെന്ന് പാടശേഖരസമതികൾ തീരുമാനം എടുത്തിരിക്കുകയാണ്. ഇത് കുട്ടനാടൻ കാർഷിക മേഖലയിലും ഭക്ഷ്യ ഉത്പാദനരംഗത്തും വൻ പ്രതിസന്ധി സൃഷ്ടിക്കും.
 
• മഴയില്ലാത്ത കാലയളവിൽ തോട്ടപ്പള്ളി സ്പിൽവേക്കു മുമ്പിലുള്ള അഴിമുഖത്ത് കടൽ തിരയിൽ വന്നടിഞ്ഞ് മണൽ തിട്ടയുണ്ടാവുകയും വർഷകാലത്ത് പ്രളയജലം ഒഴുകി  കടലിലേക്ക് പോകുവാൻ ഈ മണൽത്തിട്ട മുറിച്ച് കൊടുക്കുകയും ചെയ്യുന്ന പതിവ് ആയിരുന്നു ഉണ്ടായിരുന്നത്.
 
• 2018 ലെ പ്രളയക്കെടുതിയുടെ പേരുപറഞ്ഞ് 2019 മുതൽ തോട്ടപ്പള്ളി പൊഴിയിലെ ധാതുസമ്പത്തുള്ള കരിമണൽ യന്ത്രവൽകൃത ഖനനം നടത്തിയെടുക്കാൻ സർക്കാർ അനുമതി കൊടുക്കുകയും 2024 ആദ്യം വിവാദം ഉയരും വരെ ഈ അശാസ്ത്രീയ നടപടി തുടരുകയും ആയിരുന്നു. ഇതും കടലിലെ ഉപ്പുവെള്ളം വലിയ അളവിൽ കുട്ടനാട്ടിലേക്ക് കടന്നുവരുന്നതിന് കാരണമായിട്ടുണ്ട്.
 
• 2020 ഫെബ്രുവരി 7 ന് അവതരിപ്പിച്ച ബജറ്റിൽ 2400 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതിന് തുടർച്ചയായി 2020 സെപ്റ്റംബർ 17ന് പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച ഒരു വീഡിയോ കോൺഫറൻസിൽ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
 
• 2020 സെപ്റ്റംബർ 18 ന് ഡോക്ടർ തോമസ് ഐസക്ക് 2447 കോടിയുടെ കുട്ടനാട് പാക്കേജ് എന്ത്? അതു കുട്ടനാട്ടിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തും? എന്ന തലക്കെട്ടിൽ എഫ്ബി പോസ്റ്റ് ഇട്ടു. പാക്കേജിലെ പ്രവർത്തികൾ 100 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നും ഇത് സമയബന്ധിതമായി തീർക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ഇതിൽ പറഞ്ഞിരുന്നു.
•ആലപ്പുഴ-കോട്ടയം-പത്തനംതിട്ട ജില്ലകളിലെ 53 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിച്ച് 2022 നവംബർ ഒന്നിന് സർക്കാർ ഉത്തരവിറക്കി. 
• കൗൺസിലിന്റെ ആദ്യ യോഗം 2023 ജനുവരി 9 നായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ യോഗം മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം അവസാന നിമിഷം മാറ്റിവച്ചു. പിന്നീട് പലതവണ മാറ്റിവെച്ചു. ഒടുവിൽ  ആദ്യയോഗം നടന്നത് 2025 ഓഗസ്റ്റ് 14നാണ്.
 
••കുട്ടനാടിന്റെ സമഗ്രവികസനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ഡോ. എം. എസ്. സ്വാമിനാഥൻ രൂപം നൽകിയ 840 കോടി രൂപയുടെ കുട്ടനാട് പാക്കേജ് 1 പദ്ധതിക്ക് 2008 ജൂലൈ 24 നാണ് യുപിഎ സർക്കാർ അംഗീകാരം നൽകിയത്. 2014 ഒക്ടോബർ അവസാനം കാലാവധി തീർന്നെങ്കിലും നടന്നുകൊണ്ടിരുന്ന ചില പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 2016 സെപ്റ്റംബർ 30 വരെ കാലാവധി നീട്ടി നൽകുകയായിരുന്നു
 
••ഒന്നാം കുട്ടനാട് പാക്കേജ് നടത്തിപ്പിലെ പോരായ്മകൾ പരിഹരിച്ച് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് 2016 അധികാരത്തിലെത്തിയ പിണറായി സർക്കാർ 2016-17ലും 2018-19ലും പലവട്ടം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2020 സെപ്റ്റംബർ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത രണ്ടാം കുട്ടനാട് പാക്കേജ് പദ്ധതിയുടെ സർക്കാർ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഡിപിആർ തയ്യാറാക്കപ്പെട്ടിട്ടില്ല. നോഡൽ ഓഫീസറെ നിയമിച്ചിട്ടില്ല. എന്തിന് 2447.66 കോടി രൂപ എവിടെ നിന്ന് കണ്ടെത്തും എന്നുപോലും സർക്കാർ വഴി കണ്ടിട്ടില്ല. കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ പ്രഥമയോഗം വീഡിയോ കോൺഫറൻസ് ആയി 2025 ഓഗസ്റ്റ് 14ന് നടന്നപ്പോൾ ആസൂത്രണ ബോർഡ് അവർ തയ്യാറാക്കിയ പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന കൃഷിവകുപ്പിന് ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നത് അവർ പ്രകടിപ്പിച്ചു. പണം എവിടെ നിന്നു കണ്ടെത്തുമെന്നുള്ള ചർച്ച ചീഫ് സെക്രട്ടറി അനുവദിച്ചതുമില്ല. 2016 നുശേഷം ആകെ നടക്കുന്നത് പ്ലാൻ ഫണ്ടും  ഇതര ഫണ്ടുകളും ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തലും നദിയിലെ ചെളികോരലും മാത്രമാണ്. അതിനെ രണ്ടാം കുട്ടനാട് പാക്കേജിലെ ജോലി എന്ന് പേരിട്ടു വിളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു  എന്നു മാത്രം. അക്ഷരാർത്ഥത്തിൽ കഴിഞ്ഞ 10 വർഷം കുട്ടനാടൻ ജനത വഞ്ചിക്കപ്പെടുകയായിരുന്നു.
 
അടിയന്തര ആവശ്യങ്ങൾ 
 
••കുട്ടനാടിനെ വീണ്ടെടുക്കുന്നതിന് പ്ലാനിങ് ബോർഡ് തയ്യാറാക്കിയ രണ്ടാം കുട്ടനാട് പാക്കേജിലെ നിർദ്ദേശങ്ങളുടെ പ്രായോഗികതയും ഗുണദോഷങ്ങളും, പരിസ്ഥിതി ആഘാതവും കൃഷിവകുപ്പിനുള്ള ഭിന്നഭിപ്രായങ്ങളും, കുട്ടനാട്ടിലെ ജനപ്രതിനിധികൾക്കും വിദഗ്ദ്ധർക്കും മുമ്പിൽ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കി അടിയന്തരമായി അന്തിമരൂപം നൽകണം.
 
••രണ്ടാം പാക്കേജിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ച് ഉടൻ മാർഗ്ഗം കണ്ടെത്തി പ്രഖ്യാപിക്കണം.
 
••തോട്ടപ്പള്ളി സ്പിൽവേ വഴി ഉപ്പുവെള്ളം കയറാതിരിക്കാൻ ഏറ്റവും അടിയന്തരവും സമയബന്ധിതവുമായി യുദ്ധകാലാടിസ്ഥാനത്തിൽ സ്പിൽവേ നവീകരണം നടത്തണം.
 
••കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് 100 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന, കുട്ടനാടിന് അനുയോജ്യമായ ഹ്രസ്വകാല വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുക.
 
••നെല്ല് സംഭരിച്ചശേഷം വിലയ്ക്കുപകരം വായ്പ അനുവദിക്കന്ന (പിആർഎസ് വായ്പ) ഏർപ്പാട് അവസാനിപ്പിക്കണം. സഹകരണ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ മില്ലുകളാണെങ്കിലും സപ്ലൈക്കോയാണെങ്കിലും നെല്ലു സംഭരിച്ചാൽ 48 മണിക്കൂറിനകം കർഷകർക്ക് അതിന്റെ വില നൽകണം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img