
ന്യൂഡൽഹി: ഒരു കേസിൽ വിശ്വാസവഞ്ചനക്കും (IPC 406) വഞ്ചനക്കും (IPC 420) ഒരുമിച്ച് കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരേ കുറ്റകൃത്യത്തിൽ ഈ രണ്ട് വകുപ്പുകളും ഒരുമിച്ച് ചേർക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബെലാ എം. ത്രിവേദിയും അടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്.
വഞ്ചനാക്കുറ്റത്തിന് (420) ഒരു വ്യക്തിയെ സ്വത്ത് കൈമാറാൻ പ്രേരിപ്പിച്ചുവെന്ന് തെളിയിക്കണം. എന്നാൽ, വിശ്വാസവഞ്ചനയിൽ (406) സ്വമേധയാ കൈമാറിയ സ്വത്ത് പിന്നീട് വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ വിനിയോഗിക്കുമ്പോഴാണ് കുറ്റകൃത്യം നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ട് കുറ്റകൃത്യങ്ങളുടെയും സ്വഭാവം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, ഒരേ സംഭവത്തിൽ ഈ രണ്ട് വകുപ്പുകളും ഒരുമിച്ച് ചുമത്താനാവില്ല.
അർഷദ് നെയാസ് ഖാൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് ജാർഖണ്ഡ് കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ, പരാതിക്കാരൻ സ്വമേധയാ പ്രതിക്ക് പണം കൈമാറിയതാണെന്ന് വ്യക്തമായതിനെ തുടർന്ന് ഐ.പി.സി 420-ാം വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, വഞ്ചനാക്കുറ്റം ചുമത്തിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.











