
ബെർലിൻ: ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ സംഘടിപ്പിച്ച നാലാമത് 'ദിവാൻ' അറബ് പുസ്തകോത്സവം ഖത്തർ സ്ഥാനപതിയും 'ദിവാൻ' ട്രസ്റ്റി ബോർഡ് ചെയർമാനുമായ അബ്ദുള്ള ബിൻ ഇബ്രാഹിം അൽ ഹമർ ഉദ്ഘാടനം ചെയ്തു. 'ദിവാൻ' അറബ് കൾച്ചറൽ ഹൗസ് ഒരുക്കുന്ന പുസ്തകോത്സവത്തിൽ 110 അറബ്-അന്താരാഷ്ട്ര പ്രസാധകശാലകളാണ് അണിനിരക്കുന്നത്.
പുസ്തകങ്ങളിലും അറിവിലും നിക്ഷേപിക്കുന്നത് മാനവികതയിലും കൂടുതൽ തുറന്ന ചിന്താഗതിയുള്ള ഭാവിയിലുമുള്ള നിക്ഷേപമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ വ്യക്തമാക്കി. സംസ്കാരം ജനങ്ങൾക്കിടയിൽ സൗഹൃദത്തിന്റെയും സംവാദത്തിന്റെയും പാലങ്ങൾ പണിയുന്ന പ്രധാന തൂണാണെന്നും, അറബ്-ജർമ്മൻ സംസ്കാരങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിൽ 'ദിവാൻ' വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം ഡയറക്ടർ ജാസിം അൽ ബുഐനൈൻ, അറബ് പ്രസാധക സംഘടന ജനറൽ സെക്രട്ടറി ബഷാർ ഷബാരോ, ജർമ്മൻ വിദേശകാര്യ മന്ത്രാലയ സാംസ്കാരിക വിഭാഗം മേധാവി ക്രിസ്റ്റീന ബെൻഹോഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.










