02:49pm 10 November 2026
NEWS
രാഷ്ട്രപതിയുടെ അവകാശം പോലും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കുന്നു ബെന്നി ബഹനാന്‍ എം.പി.
14/07/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാഷ്ട്രപതിയുടെ അവകാശം പോലും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കുന്നു ബെന്നി ബഹനാന്‍ എം.പി.
HIGHLIGHTS

സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ടികെസി വടുതല സ്മൃതി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പാര്‍ലമെന്റിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന ഹിന്ദുത്വ അജണ്ടയാണ് ഇപ്പോഴത്തെ പല രാജ്യസഭ നാമനിര്‍ദ്ദേശങ്ങളിലും കാണാനാവുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന്‍ എം.പി. രാജ്യസഭയില്‍ 12 പേരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അവകാശങ്ങളില്‍ പോലും ഹിന്ദുത്വ അജണ്ടയാണ് നിഴലിക്കുന്നത്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ടി.കെ.സി. വടുതല അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണമില്ലാത്ത രാജ്യസഭയിലേക്കു ടി.കെ.സിയെ നിയോഗിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം എന്നും പുരോഗമന പക്ഷത്തായിരുന്നു. ലോകത്തേറ്റവും പുരോഗമനപരവും ശക്തവുമായ ഭരണഘടനയാണ് നമ്മുടേത്. വ്യത്യസ്ത അഭിപ്രായം പറയാനുള്ള അവകാശമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ ശേഷ്ഠമാക്കുന്നത്. ആ ഭരണഘടനയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്ന സമീപനങ്ങളാണ് ഇന്നു നമുക്കു കാണാനാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രപതിയുടെ അവകാശത്തെ പോലും ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള വേദിയായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിപ്പ് ഇന്ത്യയുടെ നേട്ടത്തെ തമസ്‌കരിക്കാന്‍ സംഘടിത ശ്രമം നടക്കുന്ന ഈ സമയത്ത് വായന കൊണ്ടും എഴുത്തുകൊണ്ടും ദേശീയതയെ മുന്നില്‍ നിര്‍ത്തിയ ടികെസിയെ പോലുള്ളവരുടെ ജീവിതം ഈ സമയത്ത് നമ്മുടെ മുന്നില്‍ ഉണ്ടാകണമെന്നും ബെന്നി ബഹനാന്‍ സൂചിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ ടി.കെ.സി. വടുതല അപരിചിതനാകാം. പ്രാരാബ്ധങ്ങളുടെ നാലുകെട്ടിനുള്ളില്‍ ജനിച്ചു വളര്‍ന്നെങ്കിലും തളരാത്ത ആത്മവീര്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസ കാലത്തു തന്നെ ഉന്നതമായ ദേശീയ ബോധം മനസിലുറപ്പിച്ച ടി.കെ.സി.യെ ആ നിലയില്‍ ഇന്നത്തെ തലമുറ അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതകുലജാതരുടെ മനസിലെ ആഢ്യത്തം കേരളത്തിന്റെ പൊതുബോധത്തെ ഇല്ലാതാക്കുമെന്നും നവോത്ഥാന കേരളം ഇതിനു കൂട്ടുനില്‍ക്കില്ലെന്നും അധ്യക്ഷത വഹിച്ച ജില്ല കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. ചടങ്ങില്‍ മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, നിയമസഭ കക്ഷി ഉപനേതാവ് കെ.ബാബു, എന്‍. വേണു ഗോപാല്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അനുസ്മരിച്ചു. ഡോ. ടി.എസ്. ജോയ് സ്വാഗതവും ചന്ദ്രഹാസന്‍ വടുതല നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img