01:15pm 30 October 2026
NEWS
ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ സാന്നിധ്യമോ?
05/12/2025  01:54 PM IST
nila
ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ സാന്നിധ്യമോ?

ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിളുകളിൽ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തിയതായി മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. നാസയുടെ ഒസിറിസ്-റെക്‌സ് ദൗത്യത്തിലൂടെ 2023-ൽ ഭൂമിയിലെത്തിച്ച 121.6 ഗ്രാം സാമ്പിളുകളിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. അമിനോ ആസിഡുകൾ, പഞ്ചസാരകൾ, അപൂർവമായ കാർബൺ വസ്തു, സൂപ്പർനോവ പൊടി എന്നിവ ഈ സാമ്പിളുകളിൽ കണ്ടെത്തിയെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

തോഹോകു സർവകലാശാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. സാമ്പിളിൽ അഞ്ച് കാർബൺ പഞ്ചസാരയായ റൈബോസും, ആദ്യമായി ആറ് കാർബൺ പഞ്ചസാരയായ ഗ്ലൂക്കോസും കണ്ടെത്തി. ഡിഎൻഎ/ആർഎൻഎ നിർമ്മിക്കാൻ ആവശ്യമായ മറ്റ് ഘടകങ്ങൾ നേരത്തേ കണ്ടതിയനാൽ, ആർ‌എൻ‌എ രൂപപ്പെടാൻ വേണ്ട മുഴുവൻ ഘടകങ്ങളുടെയും സാന്നിധ്യം ബെന്നുവിലുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇതിനൊപ്പം, നാസയും യുഎസി ബെർക്‌ളിയും ചേർന്നുള്ള പഠനത്തിൽ, സൗരയൂഥത്തിന്റെ ആദ്യകാലത്ത് രൂപപ്പെട്ടത് പോലെയുള്ള പശിമയുള്ള, നൈട്രജനും ഓക്സിജനും സമൃദ്ധമായ അപൂർവ കാർബൺ വസ്തു തിരിച്ചറിഞ്ഞു. ഒരുകാലത്ത് മൃദുവായിരുന്ന ഈ പദാർത്ഥം ജൈവരാസ ഘടകങ്ങളുടെ വളർച്ചയ്ക്കു സഹായകമായിരിക്കാമെന്നും അവർ വിലയിരുത്തുന്നു.

അതുകൂടാതെ, സാമ്പിളുകളിൽ സാധാരണ പ്രതീക്ഷിക്കുന്നതിനെക്കാൾ ആറിരട്ടി കൂടുതലുള്ള സൂപ്പർനോവ പൊടിയും കണ്ടെത്തി. ഇത് ബെന്നുവിന്റെ മാതൃശരീരം സൗരയൂഥം രൂപപ്പെടുന്നതിനു മുൻപ് ഉണ്ടായ നക്ഷത്രവിസ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവായി ഗവേഷകർ കാണുന്നു.

ഈ കണ്ടെത്തലുകൾ ജീവൻ നേരിട്ട് ബെന്നുവിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാത്തതുമാണ്, എന്നാൽ സൗരയൂഥത്തിലുടനീളം ജീവന്റെ സാധ്യതകളിലേക്കാണ് ഇവ വിരൽചൂണ്ടുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഇത്തരം ഛിന്നഗ്രഹങ്ങൾ തന്നെയാണ് ജീവന്റെ വിത്തുകൾ ഭൂമിയിലേക്ക് എത്തിച്ചതെന്ന സിദ്ധാന്തവും വീണ്ടും ശക്തമാകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img