03:26pm 30 October 2026
NEWS
ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അറബ് പാർട്ടികളുടെ കൈകളിൽ; ഇസ്രയേലിൽ അസാധാരണ രാഷ്ട്രീയ സാഹചര്യം
29/10/2026  06:12 AM IST
nila
ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അറബ് പാർട്ടികളുടെ കൈകളിൽ; ഇസ്രയേലിൽ അസാധാരണ രാഷ്ട്രീയ സാഹചര്യം

ജറുസലം: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായേക്കും. പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അറബ് ജോയിന്റ് ലിസ്റ്റുമായി സഹകരിക്കാൻ പ്രതിപക്ഷസഖ്യം സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭൂരിപക്ഷം കണ്ടെത്താൻ പ്രതിപക്ഷം സഹായം തേടിയെന്ന് ജോയിന്റ് ലിസ്റ്റിലെ പ്രധാന കക്ഷിയായ തആലിന്റെ നേതാവ് അഹമ്മദ് തിബി അൽ ജസീറയോട് വെളിപ്പെടുത്തി.

ഇടക്കാല കണക്കുകൾ പ്രകാരം തആലിന് 12 സീറ്റും സഖ്യത്തിലെ മറ്റൊരു പാർട്ടിയായ റആമിന് ഏഴ് സീറ്റുമാണുള്ളത്. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാനോ നിർണായക നീക്കങ്ങൾ വിജയിപ്പിക്കാനോ 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായാൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കും.

പ്രതിപക്ഷത്തെ ജൂതപാർട്ടികൾ അറബ് കക്ഷികളുമായി സഹകരിച്ച് രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കണമെന്ന ആവശ്യവുമായി പലസ്തീൻ–ജൂത ആക്ടിവിസ്റ്റ് കൂട്ടായ്മയായ സ്റ്റാൻഡിങ് ടുഗെതറും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിൽ അറബ് പാർട്ടികളുമായുള്ള സഹകരണം രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ.

അറബ് വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷസഖ്യം ജോയിന്റ് ലിസ്റ്റിനെ സമീപിച്ചത് ശ്രദ്ധേയമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ അറബ് പാർട്ടികളുമായി സഹകരിക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തൽ.

നെതന്യാഹു സർക്കാരിനെ ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കിയെന്നാണ് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യയ്ർ ഗോലാൻ പ്രതികരിച്ചത്. 2024ൽ ലേബർ പാർട്ടിയും ഇടതുപക്ഷ പാർട്ടിയായ മെറെറ്റ്സും ലയിച്ചാണ് ഡെമോക്രാറ്റ്സ് രൂപീകരിച്ചത്. അതേസമയം, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിനെ പ്രതിപക്ഷത്തെ അവിഗ്ദോർ ലീബർമാൻ എതിർക്കുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്ർ ലപീദും നേതൃത്വം നൽകുന്ന ടുഗെതർ പാർട്ടിയുടെ നിലപാടും നിർണായകമാകും.

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന സാഹചര്യം ഉറപ്പായതോടെ, സഖ്യചർച്ചകൾ വേഗത്തിലാക്കി മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് പാർട്ടികളോട് അഭ്യർഥിച്ചു. സഖ്യങ്ങൾ തകരുകയും സർക്കാരുകൾ അധികാരത്തിൽനിന്ന് പുറത്താകുകയും ചെയ്തതിനെത്തുടർന്ന് 2019നുശേഷം നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്.

4.8 ലക്ഷം പ്രത്യേക വോട്ടുകൾ കൂടി എണ്ണണം

പ്രത്യേക വോട്ടുകളുടെ എണ്ണൽ പൂർത്തിയാകാത്തതാണ് അന്തിമ തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിന് കാരണം. നഴ്സുമാർ, നയതന്ത്ര പ്രതിനിധികൾ, സൈനികർ തുടങ്ങിയവർ പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്താതെ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡബിൾ എൻവലപ് എന്നറിയപ്പെടുന്ന പ്രത്യേക വോട്ടുകൾ. വോട്ടർമാർ മറ്റൊരിടത്ത് വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവ എണ്ണുന്നത്.

ആദ്യ റിപ്പോർട്ടുകളിൽ ഏകദേശം ആറുലക്ഷം പ്രത്യേക വോട്ടുകൾ എണ്ണാനുണ്ടെന്നായിരുന്നു വിവരം. നിലവിൽ 4.8 ലക്ഷം വോട്ടുകൾ കൂടി എണ്ണാനുണ്ടെന്നാണ് റിപ്പോർട്ട്. ഈ വോട്ടുകൾ കൂടി എണ്ണിയശേഷം നവംബർ നാലിന് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഫലപ്രഖ്യാപനത്തിനുശേഷം നവംബർ 18 വരെ പാർട്ടികൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img