12:12pm 26 September 2026
NEWS
ഖത്തറിനെതിരായ ബെന്യാമിൻ നെതന്യാഹുവിന്റെ ആരോപണം തള്ളി
26/09/2026  11:44 AM IST
nila
ഖത്തറിനെതിരായ ബെന്യാമിൻ നെതന്യാഹുവിന്റെ ആരോപണം തള്ളി

 


​ദോഹ:പൊതുജനവികാരത്തെഇസ്രായേലിനെതിരായി തിരിച്ചുവിടാൻ ഖത്തർ പ്രചാരണം നടത്തുന്നുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആരോപണത്തെ ശക്തമായ ഭാഷയിൽ തള്ളി ഖത്തർ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു നടത്തിയ പ്രസ്താവന, അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളിൽ നിന്നും അതിൻ്റെ മാനുഷിക പ്രത്യാഘാതങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണെന്ന് ഖത്തർ വ്യക്തമാക്കി.
​ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരിയാണ് ഇസ്രായേലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്.
​"ശൂന്യമായ ഹാളുകളെ നോക്കി പ്രസംഗിക്കേണ്ടി വന്ന നെതന്യാഹുവും മറ്റ് തീവ്രനിലപാടുകാരായ ഇസ്രായേലി രാഷ്ട്രീയക്കാരും, ലോകം ഇസ്രായേലിനെ കാണുന്ന രീതിയിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സ്വന്തം നയങ്ങൾ തിരുത്തുകയാണ് വേണ്ടത്. അതിക്രമങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാനും അവർ തയ്യാറാകണം. ആഗോളതലത്തിൽ തങ്ങളുടെ പ്രതിച്ഛായ തകർന്നതിന് ഖത്തറിനെ ബലിആടാക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് 
 ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി X പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
​ലോകജനത സ്വന്തം കണ്ണുകൊണ്ട് കാണുന്ന യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രായേലിനെതിരെയുള്ള ആഗോള പൊതുജനവികാരം രൂപപ്പെട്ടിരിക്കുന്നത്. ഇതിന് ഖത്തറിനെയോ മറ്റുള്ളവരെയോ പഴിചാരുന്നത് ഇനി ആരും വിശ്വസിക്കില്ലെന്നും, ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനും വേണ്ടിയാണ് ഖത്തറിനെതിരെ ഇസ്രായേൽ ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img