
ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആ ലക്ഷ്യത്തിൽ നിന്ന് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും നെതന്യാഹു വ്യക്തമാക്കി. ചർച്ചകളിലൂടെ അത് സാധ്യമല്ലെങ്കിൽ ഇസ്രയേലിന് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഖത്തറിൽ ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന മുൻ നിലപാട് ആവർത്തിക്കുന്നത്.
ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിലെ ഹമാസിന്റെ സൈനിക, ഭരണ ശേഷിപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കുക എന്ന തന്റെ സർക്കാരിന്റെ ആത്യന്തിക ലക്ഷ്യം പിന്തുടരുന്നതിൽ നിന്ന് ഒരു താൽക്കാലിക വെടിനിർത്തൽ പോലും പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്ന 60 ദിവസത്തെ വെടിനിർത്തൽ ചർച്ച സമാധാനത്തിലേക്കുള്ള വഴിയല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണം, ഹമാസിന്റെ ഭരണം അവസാനിപ്പിക്കുക എന്നിവയാണ് ഇസ്രയേലിന്റെ പ്രധാന വ്യവസ്ഥകൾ അവ സമ്മതിച്ചാൽ മാത്രമേ അത് സമാധാനത്തിലേക്കുള്ള വഴിയാകൂ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു. 'ഇത് ചർച്ചകളിലൂടെ നേടിയെടുക്കാൻ കഴിയുമെങ്കിൽ, അത്രയും നല്ലത്. അല്ലെങ്കിൽ, സൈന്യത്തിന്റെ ശക്തി പ്രയോഗിച്ച് ഞങ്ങൾ അത് മറ്റ് വഴികളിലൂടെ നേടിയെടുക്കും' എന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.











