03:21am 11 November 2026
NEWS
ഇസ്രയേലിലെ നെതന്യാഹു സർക്കാർ നേരിടുന്നത് ​ഗുരുതര പ്രതിസന്ധി
16/07/2025  07:26 AM IST
nila
ഇസ്രയേലിലെ നെതന്യാഹു സർക്കാർ നേരിടുന്നത് ​ഗുരുതര പ്രതിസന്ധി

ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ നേരിടുന്നത് ​ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഭരണമുന്നണിയിലെ ഘടകകക്ഷികൾ പിന്തുണ പിൻവലിക്കുമെന്ന് അന്ത്യശാസനം നൽകിയതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. തീവ്ര യാഥാസ്ഥിതിക പാർട്ടികളായ യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ), ഷാസ് എന്നിവരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. ഈ രണ്ടു പാർട്ടികളും മുന്നണി വിട്ടാൽ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമാകും. 

മതവിദ്യാർഥികൾക്കും സൈനിക സേവനം നിർബന്ധമാക്കാനുള്ള നെതന്യാഹുവിന്റെ നീക്കമാണ് ഭരണമുന്നണിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. 1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായപ്പോൾ നിർമിച്ച കരാർ പ്രകാരം മതവിദ്യാർത്ഥികളെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മുഴുവൻ സമയവും മതപഠനത്തിനായി സമർപ്പിക്കാനായാണ് ഇവരെ സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കിയിരുന്നത്. എന്നാൽ 21 മാസമായി തുടരുന്ന ഇസ്രയേൽ–ഗാസ സംഘർഷത്തെത്തുടർന്ന് കൂടുതൽ സൈനികരെ ആവശ്യമായി വന്നതോടെയാണ് മതവിദ്യാർത്ഥികളോടും സൈനിക സേവനത്തിന് സജ്ജരാകാൻ നെതന്യാഹു നിർദ്ദേശിച്ചത്. 

മതവിദ്യാർത്ഥികളെ സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ഭരണപക്ഷത്തെ തീവ്ര യാഥാസ്ഥിതിക പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ നെതന്യാഹു തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് യുടിജെയുടെ 6 അംഗങ്ങൾ രാജി നൽകാൻ തീരുമാനിച്ചത്. ഷാസ് പാർട്ടിയും സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് 3 മാസം കൂടി ലഭിക്കുമെന്നാണു വിലയിരുത്തൽ. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img