
ജറുസലം: ഹമാസിന്റെ സായുധവിഭാഗം മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ഒദേയെ ഇസ്രയേൽ സേന വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഗാസയിൽ ചൊവ്വാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലാണ് ഒദേ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഹമ്മദ് ഒദേയുടെ മരണവാർത്ത ഹമാസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹമാസിന്റെ മുൻ സൈനിക മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഒദേ സംഘടനയുടെ പുതിയ നേതാവായി ചുമതലയേറ്റത്. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായി ഒദേയെ ഇസ്രയേൽ കണക്കാക്കുന്നു. അന്ന് ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
2026 മേയ് 15-ന് ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിലാണ് ഇസ്സുദ്ദീൻ അൽ ഹദ്ദാദും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതിന് ശേഷം ഹമാസിന്റെ സായുധവിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ട പ്രധാന പേരുകളിൽ ഒന്നായിരുന്നു മുഹമ്മദ് ഒദേ. അദ്ദേഹമാണ് പുതിയ മേധാവിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും സംഘടന അതിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.
1974-ൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ ജനിച്ച മുഹമ്മദ് ഒദേ, 1987-ലെ ഒന്നാം ഇൻതിഫാദ കാലത്താണ് ഹമാസുമായി ബന്ധപ്പെടുന്നത്. ആദ്യം ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘മജ്ദ്’ യൂണിറ്റിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2000-ലെ രണ്ടാം ഇൻതിഫാദ സമയത്ത് ഖസാം ബ്രിഗേഡിൽ ചേർന്നു.
ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിലും വിശകലനത്തിലും മികവ് തെളിയിച്ച ഒദേ പിന്നീട് ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി. സംഘടനയുടെ വിവിധ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 2017 മുതൽ 2019 വരെ നോർതേൺ ബ്രിഗേഡിന്റെ കമാൻഡറായും പ്രവർത്തിച്ചു.
ഇസ്രയേൽ ആക്രമണങ്ങളിൽ ഹമാസിന്റെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ സൈനിക പ്രവർത്തനങ്ങൾ, ആയുധശേഖരണം, സംഘാടക പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു മുഹമ്മദ് ഒദേ.










