06:23pm 19 August 2026
NEWS
ഭാര്യയും കാമുകനും ചേർന്ന് യുവാവിനെയും അഞ്ചുവയസുകാരനായ മകനെയും കൊലപ്പെടുത്തി
18/08/2026  04:25 PM IST
nila
ഭാര്യയും കാമുകനും ചേർന്ന് യുവാവിനെയും അഞ്ചുവയസുകാരനായ മകനെയും കൊലപ്പെടുത്തി

ബെംഗളൂരു: ചിക്കബൻവാരയിൽ ഭർത്താവിനെയും അഞ്ചുവയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. 34-കാരനായ അഭിനന്ദനും മകൻ യദുവീറുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനന്ദിന്റെ ഭാര്യ ഹരിണിയെയും കാമുകൻ വിനയിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് ഹരിണിയെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. സംഭവദിവസം രാത്രി ഉറങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ഹരിണി അഭിനന്ദിനെ തവി കൊണ്ട് മർദിച്ചു. പിന്നീട് ഇരുവരും വീടിന്റെ വ്യത്യസ്ത മുറികളിലാണ് ഉറങ്ങാൻ പോയത്.

ഇതിനുശേഷം ഹരിണി കാമുകനായ വിനയിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ചേർന്ന് അഭിനന്ദിനെ മർദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ബഹളം കേട്ട് ഉറക്കമുണർന്ന അഞ്ചുവയസുകാരനായ യദുവീർ സംഭവസ്ഥലത്തെത്തുകയും പിതാവിനെ കൊലപ്പെടുത്തുന്നത് കാണുകയും ചെയ്തു.

കൃത്യം പുറത്തറിയുമെന്ന ഭയത്തിൽ ഹരിണി മകനെയും തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തെളിവുകൾ നശിപ്പിക്കാൻ ഇരുവരും ചേർന്ന് വീട്ടിലുണ്ടായിരുന്ന രക്തക്കറകൾ കഴുകിക്കളഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി.

കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പൊലീസ് ഹരിണിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വിനയിയെയും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

അഭിനന്ദന്റെയും യദുവീറിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img