
നഗരത്തെ അലട്ടുന്ന അന്ത്യമില്ലാത്ത ഗതാഗതക്കുരുക്കിന് ശമനം കാണാനാണ് സിദ്ധരാമയ്യ ഗവൺമെന്റ് ബംഗളുരുവിൽ തുരങ്കപ്പാത നിർമിക്കാൻ തീരുമാനിച്ചത്. ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയാണത്. വടക്ക് ഹെബ്ബാളിനെയും തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കുന്ന, 18.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപ്പാതയ്ക്ക് 40000 കോടി രൂപയാണ് മതിപ്പ് ചെലവ്. തറനിരപ്പിൽ നിന്ന് 125 അടി താഴ്ച്ചയിലാണ് തുരങ്കപ്പാത നിർമ്മിക്കുക. ഓരോ ഭാഗത്തേക്കും 10.5 മീറ്റർ വീതിയുള്ള മൂന്നുവീതം ലെയ്നുകളാണ് ഉണ്ടാവുക. ഡി പി ആർ പൂർത്തിയാക്കി ഇതിന്റെ ടെണ്ടർ നടപടികൾ നടന്നുവരികയാണ്. ഈ തുരങ്കപ്പാത സാമ്പത്തികമായി ചെലവേറിയതും പാരിസ്ഥിതികമായി അപകടം പിടിച്ചതും ധാർമ്മികമായി സംശയാസ്പദവുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സിവിക് ബാംഗ്ലൂർ എന്ന എൻജി ഒയുടെ ആഭിമുഖ്യത്തിൽ നടന്ന സംവാദത്തിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ ചീഫ് സെക്രട്ടറി എ. രവീന്ദ്ര, മുൻ ലോകായുക്ത തലവൻ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവരാണ് തുരങ്കപ്പാത പദ്ധതി അഭികാമ്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. "വെള്ളാനകളുടെ വെള്ളാനയായി ഈ പദ്ധതി മാറും. മതിപ്പുചെലവ് അമ്പത് ശതമാനത്തോളം വർധിക്കാനും സാധ്യതയുണ്ട്" രാമചന്ദ്ര ഗുഹ വ്യക്തമാക്കി. "വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ കാറുള്ള സമ്പന്നർക്കേ ഈ തുരങ്കപ്പാത ഉപയോഗിക്കാനാവൂ. അത്ര ഉയർന്ന നിരക്കിലുള്ള ടോൾ ആണ് പരിഗണനയിലുള്ളത്. ഒരു കോടിയിലേറെ വാഹന ങ്ങളുണ്ട് നഗരത്തിൽ. അതിൽ ഒരു ലക്ഷത്തോളം കാറുകൾ തുരങ്കപ്പാതയിലേക്ക് മാറ്റിയാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവില്ല. പൊതുചെലവിൽ സമ്പന്നർക്കുവേണ്ടി തുരങ്കപ്പാ ത നിർമ്മിക്കുന്നത് ആശാസ്യവുമല്ല" വിദഗ്ധർ അഭിപ്രായപ്പെടുന്നു. "പദ്ധതി പൂർത്തിയാക്കാൻ ചുരുങ്ങിയത് അഞ്ചുവർഷം വേണ്ടിവരും. അതിനിടയിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കും. അതിനാൽ ഗതാഗതക്കുരുക്കിന് തുരങ്കപ്പാത പരിഹാരമല്ല. മെട്രോ, ബസ് സർവീസ് തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് ചെയ്യേണ്ടത്. വിദഗ്ധരുമായി കൂടിയാലോചിക്കാതെയാണ് ഗവണ്മെന്റ് ഈ പദ്ധതി തീരുമാനിച്ചത്. ഗവണ്മെന്റിൽ വിദഗ്ധരില്ല" ഗുഹ, രവീന്ദ്ര, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവർ വിലയിരുത്തി. ഡി പി ആറിലെ 127 പിഴവുകൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Photo Courtesy - Google











