12:56am 20 November 2026
NEWS
ബെംഗളൂരുവിൽ ഇനി അഞ്ച് പോലീസ് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ആദ്യ ചീഫ് കമ്മീഷണർ.
19/11/2026  04:08 PM IST
വിഷ്ണുമംഗലം കുമാർ
ബെംഗളൂരുവിൽ ഇനി അഞ്ച് പോലീസ് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ആദ്യ ചീഫ് കമ്മീഷണർ


ബെംഗളൂരു:   നഗരത്തിലെ പോലീസ് ഭരണസംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിയുമായി കർണാടക സർക്കാർ. ബെംഗളൂരു നഗരത്തെ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് പോലീസ് കമ്മീഷണറേറ്റുകളായി വിഭജിച്ചു. പുതിയ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബെംഗളൂരുവിന്റെ ആദ്യ ചീഫ് കമ്മീഷണർ ഓഫ് പോലീസായി ആർ. ഹിതേന്ദ്രയെ നിയമിച്ചു.
നിലവിലെ പോലീസ് കമ്മീഷണറായിരുന്ന സീമന്ത് കുമാർ സിങ്ങിനെ കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് എഡിജിപിയായി സ്ഥലം മാറ്റി. ബെംഗളൂരു സിറ്റി എഡിജിപിയുടെ ചുമതലയും ഹിതേന്ദ്ര വഹിക്കും.
അഞ്ച് കമ്മീഷണറേറ്റുകളുടെയും ചുമതലയുള്ള പ്രത്യേക പോലീസ് കമ്മീഷണർമാരെയും സർക്കാർ നിയമിച്ചിട്ടുണ്ട്. ലബു റാമിനെ സെൻട്രൽ ബെംഗളൂരുവിലും ഡോ. പി.എസ്. ഹർഷയെ ഈസ്റ്റ് ബെംഗളൂരുവിലും വികാസ് കുമാർ വികാസിനെ വെസ്റ്റ് ബെംഗളൂരുവിലും നിയമിച്ചു. ഡോ. എം.ബി. ബോറലിംഗയ്യയാണ് നോർത്ത് ബെംഗളൂരുവിന്റെ ചുമതല വഹിക്കുക. സൗത്ത് ബെംഗളൂരു പോലീസ് കമ്മീഷണറുടെ അധിക ചുമതല സി. വംശി കൃഷ്ണയ്ക്കാണ്.
നഗരത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയും ജനസംഖ്യാ വർധനയും വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് പോലീസ് ഭരണസംവിധാനം വികേന്ദ്രീകരിക്കുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു കീഴിലുള്ള അഞ്ച് നഗര കോർപ്പറേഷനുകളുടെ പരിധിയുമായി പോലീസ് അധികാരപരിധികൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ കമ്മീഷണറേറ്റിനും പ്രത്യേക കമ്മീഷണറും പോലീസ് സേനയും ഉണ്ടായിരിക്കും.
പുനഃസംഘടനയുടെ ഭാഗമായി 6,633 പുതിയ തസ്തികകൾ സൃഷ്ടിക്കാനും 764.87 കോടി രൂപ ചെലവഴിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹേമന്ത് എം. നിംബാൽകറിനെ ബെംഗളൂരു ട്രാഫിക് പോലീസ് കമ്മീഷണറായി നിയമിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനൊപ്പം ആന്റി റൗഡി സ്ക്വാഡിന്റെ ചുമതലയും അദ്ദേഹം വഹിക്കും.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരുടെ തസ്തികകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യശ്വന്ത്പുര, പീന്യ , ഗാന്ധിനഗർ, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ പുതിയ ഡിവിഷണൽ ചുമതലകളും നിലവിൽ വന്നു. യശ്വന്ത്പുരയിൽ നാഗേഷ് ഡി.എൽ., പീന്യയിൽ അശോക് കെ.വി., ഗാന്ധിനഗറിൽ ലക്ഷ്മി ഗണേഷ്, ഇന്ദിരാനഗറിൽ ചെന്നബസവണ്ണ ലങ്കോട്ടി എന്നിവർ ചുമതലയേൽക്കും.
നഗരത്തിലെ പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക, പൊതുജനങ്ങൾക്ക് വേഗത്തിൽ പോലീസ് സേവനം ലഭ്യമാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img