
വികസനക്കുതിപ്പിനിടയിൽ ബംഗളുരു മഹാനഗരം ഗുരുതരമായ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. വാഹനങ്ങളുടെയും യാത്രക്കാരുടെയും അമിത വർധനവും പഴയ റോഡുകളിൽ പലതും വീതിക്കൂട്ടാനാവാത്തതുമാണ് ഗതാഗതക്കുരുക്കുകൾക്ക് കാരണം. മെട്രോ ട്രെയിൻ സർവീസ് വികസിപ്പിച്ചും തുരങ്കപ്പാത നിർമ്മിക്കാൻ താല്പര്യമെടുത്തും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പരിശ്രമം നടക്കുന്നുണ്ട്. അതോടൊപ്പം പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതിയാണ് സബ് അർബൻ റെയിൽപ്പാത. നഗരത്തിന്റെ നാലുഭാഗങ്ങളെയും അതോടൊപ്പം തൊട്ടുകിടക്കുന്ന ചെറുപട്ടണങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന നാല് കോറിഡോറുകളുള്ള അഭിമാനപദ്ധതിയാണിത്. കെ എസ് ആർ ബംഗളുരു-ദേവനഹള്ളി( കോറിഡോർ- ഒന്ന്, ദൈർഘ്യം 49.9 കി മി ), ബയ്യപ്പനഹള്ളി-ചിക്കബാനവാ ര( കോറിഡോർ-രണ്ട്, ദൈർഘ്യം 25 കി മി ), കെങ്കേരി- വൈറ്റ് ഫീൽഡ് ( കോറിഡോർ- മൂന്ന്, ദൈർഘ്യം 35.52 കി മി) ഹീലലിഗെ- രാജൻ കുണ്ടെ (കോറിഡോർ-നാല്, ദൈർഘ്യം- 46.42 കി മി) എന്നിവയാണ് നാല് കോറിഡോറുകൾ. ആകെ 64 സ്റ്റേഷനുകൾ. പദ്ധതിച്ചെലവ് 15,767 കോടി. 2022 ജൂൺ 20 ന് പ്രധാനമന്ത്രി തറക്കല്ലിടുമ്പോൾ 40 മാസത്തിനുള്ളിൽ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കാനാവുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. റയിൽവേ ഭൂമിയ്ക്ക് പുറമെ സ്വകാര്യഭൂമിയും പൊന്നും വിലകൊടുത്ത് ഏറ്റെടുക്കേണ്ടിയിരുന്നു. നഗരം വളർന്നെങ്കിലും അവികസിത മേഖലകളിലൂടെയാണ് സബ് അർബൻ റയിൽപ്പാത കടന്നുപോകുന്നത്. റയിൽവെ ഭൂമി പലേടത്തും കയ്യേറിയിട്ടുണ്ട്. അവ ഒഴിപ്പിക്കാനും സ്വകാര്യ ഭൂമി ഏറ്റെടുക്കാനും കാലതാമസം നേരിട്ടു. ചിലയിടങ്ങളിൽ കോടതിയിടപെടൽ തടസ്സമായി. റെയിൽവേ ഇൻഫ്രാസ്‌ട്രെക്ച്ചർ ഡവലപ്പ്മെന്റ് കമ്പനിയ്‌ക്ക് ( കെ- റൈഡ്)ആണ് നിർമ്മാണച്ചുമതല. ബംഗളുരുകാരനായ വി സോമണ്ണ റെയിൽവേ സഹമന്ത്രിയായി വരികയും സബ് അർബൻ റെയിൽപ്പാത അഭിമാന പദ്ധതിയായി പ്രഖ്യാപിക്കുകയും ചെയ്തത് പ്രതീക്ഷ നൽകിയെങ്കിലും നേരത്തെ സൂചിപ്പിച്ച പ്രശ്നങ്ങളും കെ- റൈഡിന് മുഴുവൻ സമയ സി ഇ ഓ ഇല്ലാത്തതും തടസ്സമായി. കോറിഡോർ രണ്ടിന്റെ നിർമ്മാണജോലിയാണ് ആദ്യം ആരംഭിച്ചത്. പ്രധാന കരാറുകാരായ എൽ ആൻഡ് ടി മാറിയത് പ്രശ്നമായി. കഴിഞ്ഞ മാസം ലക്ഷ്മൺ സിംഗ് കെ റൈഡിന്റെ മുഴുവൻസമയ സി ഇ ഓ ആയി ചാർജ്ജെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും വേഗത കൂടിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള അലൈൻമെന്റിന് അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കോറിഡോർ രണ്ടിന്റെ നിർമ്മാണജോലികൾ 2028 മാർച്ചിലും കോറിഡോർ നാല് 2029 ജൂണിലും ഒന്നും മൂന്നും കോറിഡോറുകൾ 2030 മാർച്ചിലും പൂർത്തിയാകുമെന്നാണ് കെ - റൈഡ് സി ഇ ഓ പറയുന്നത്. പദ്ധതിചെലവ് 15757 ൽ നിന്ന് 16876 കോടിയായി ഉയർന്നിട്ടുണ്ട്.
Photo Courtesy - Google











