
കർണാടക തലസ്ഥാനമായ ബംഗളുരുനഗരം ബംഗളുരു അർബൻ, റൂറൽ എന്നീ രണ്ട് ജില്ലകളിലായാണ് പരന്നുകിടക്കുന്നത്. തൊട്ടുചേർന്നുകിടക്കുന്ന രാമനഗര ജില്ല, ബംഗളുരു സൗത്ത് എന്ന് പുനർനാമകരണം ചെയ്തതോടെ ആ ജില്ലയും ബംഗളുരു മഹാനഗരത്തിന്റെ ഭാഗമാണെന്ന പ്രതീതി ഉളവായിട്ടുണ്ട്. വാസ്തവത്തിൽ ജില്ലയുടെ പേര് മാറിയിട്ടുണ്ടെന്നേ ഉള്ളൂ, ബി ബി എം പി ( ബ്രഹത് ബംഗളുരു മഹാനഗര പാലികെ) യുമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടില്ല. ബംഗളുരു എന്ന വിലയേറിയ ബ്രാൻഡ് മാർക്കറ്റ് ചെയ്യാനാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻകൈയെടുത്ത് അദ്ദേഹം പ്രതിനിധീകരിക്കുന്ന കനകപുര ഉൾപ്പെടുന്ന രാമനഗര ജില്ലയുടെ പേര് മാറ്റിയത്. നിലവിലുള്ള ബി ബി എം പി ഭരണസൗകര്യം മുൻനിർത്തി നാലു കോർപറേഷനുകളായി വിഭജിച്ചിട്ടുണ്ട്. ബംഗളുരു നോർത്ത് എന്ന് പേരുമാറ്റിയ രാമനഗര ജില്ലയുടെ ഭാഗങ്ങളും ഭാവിയിൽ ബിബിഎംപിയുടെ പരിധിയിൽ വന്നുകൂടായ്കയില്ല. 1986 ൽ ആണ് ബംഗളുരു ജില്ല അർബൻ, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. രാമനഗര ജില്ല രൂപീകരിച്ചത് 2007 ലാണ്. ഇന്നലെ നന്ദി ഹിൽസിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ബംഗളുരു റൂറൽ ജില്ല, ബംഗളുരു നോർത്ത് ജില്ല എന്ന് പേരുമാറ്റാൻ തീരുമാനിച്ചത്. ഈ പ്രദേശത്തിന്റെ റൂറൽ ഘടന ഇതിനകം തന്നെ മാറി അർബൻ ആയിട്ടുണ്ട്. ഹൊസകോട്ടെ, ദൊഡ്ഡബല്ലാപുർ, ദേവനഹള്ളി, നെലമംഗല എന്നീ നാലു നിയമസഭാമണ്ഡലങ്ങളാണ് ബംഗളുരു റൂറൽ ജില്ലയുടെ പരിധിയിലുള്ളത്. നാലിൽ മൂന്നും പ്രതിനിധീകരിക്കുന്നത് കോൺഗ്രസാണ്. ചിക്കബല്ലാപ്പൂർ ജില്ലയിൽ ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന ബാഗെപള്ളി ഭാഗ്യനഗർ എന്നാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. നിരവധി തെലുഗു വംശജരുള്ള ബാഗെ പള്ളി ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായിരുന്നു. 1983,94,2004 വർഷങ്ങളിൽ സിപിഎം വിജയിച്ചുപോന്ന നിയമസഭാ മണ്ഡലമാണിത്. ബാ ഗെപള്ളി എന്ന പേരിന് തെലുഗു ചുവയുള്ളതിനാലാണ് ആ മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അഭ്യർത്ഥന മാനിച്ച് ഭാഗ്യനഗർ എന്നുമാറ്റിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരിച്ചു. കാലാവധി പൂർത്തിയാകും വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സിദ്ധരാമയ്യയും അദ്ദേഹത്തിന് പിന്തുണ നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രഖ്യാപിച്ചത് നന്ദി ഹിൽസിലെ പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമാണ്.
Photo Courtesy - Google











