06:01pm 29 April 2026
NEWS
ബംഗളുരു നഗരസഭാ തെരഞ്ഞെടുപ്പ്:വിജയം കോൺഗ്രസ്സിനും ബിജെപിയ്ക്കും അഭിമാന പ്രശ്നം.
11/03/2026  11:14 AM IST
വിഷ്ണുമംഗലം കുമാർ
ബംഗളുരു നഗരസഭാ തെരഞ്ഞെടുപ്പ്:വിജയം കോൺഗ്രസ്സിനും ബിജെപിയ്ക്കും അഭിമാന പ്രശ്നം

കർണാടകത്തിൽ ആദ്യം നടക്കാൻ പോവുന്നത് ബംഗളുരു നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുണ്ട്. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ വർഷം ജൂൺ മാസത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 2020 ൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് നിയമ പ്രശ്നങ്ങൾ മൂലം ആറുവർഷം നീണ്ടുപോയത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് ബ്രഹത് ബംഗളുരു മഹാനഗര പാലികെ( ബിബിഎംപി) കഴിഞ്ഞ വർഷം അടിമുടി മാറ്റിയിട്ടുണ്ട്. മുമ്പ് 198 വാർഡുകളാണ് ഉണ്ടായിരുന്നത്. അതിൽ 111 വാർഡുകളിൽ വിജയിച്ച് ബിജെപിയാണ് ബിബി എം പി ഭരിച്ചത്. കോൺഗ്രസ്സ് 65 ഉം ജെഡിഎസ്സ് 15 വാർഡുകളിലും വിജയിച്ചിരുന്നു. ഏഴ് സ്വതന്ത്രന്മാരും ഉണ്ടായിരുന്നു. സിദ്ധരാമയ്യ ഗവണ്മെന്റ് ബിബി എം പി പിരിച്ചുവിട്ടു. ഗ്രേറ്റർ ബംഗളുരു അതോറിറ്റി ഉണ്ടാക്കി ബിബി എം പി വിഭജിച്ചും പുതിയ പ്രദേശങ്ങൾ കൂട്ടിച്ചേർത്തും അഞ്ചു പുതിയ നഗരസഭകൾ രൂപീകരിച്ചു. അഞ്ചു നഗരസഭകൾക്കും കൂടി 369 വാർഡുകളുണ്ട്. തെരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനം ഒരുവിധം പൂർത്തിയായിട്ടുണ്ട്. 88.92 ലക്ഷം പേരുടെ വോട്ടർ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ബംഗളുരു നഗരസഭകൾ പിടിച്ചടക്കാനാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യമിടുന്നത്. 84 വാർഡുകൾ വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ബിജെപിയ്‌ക്ക് സ്വാധീനമുള്ള മല്ലേശ്വരം, മഹാദേവപുര, ബൊമ്മനഹള്ളി മേഖലകളിലാണ് കൂടുതൽ വാർഡുകളിൽ സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. അതിന് പുറമെ 50 ശതമാനം വാർഡുകൾ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിനും മുഖ്യ പ്രതിപക്ഷമായ ബിജെപിയ്ക്കും ബംഗളുരു നഗരസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം 27 നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബംഗളുരു നഗരസഭാ തെരഞ്ഞെടുപ്പിനുണ്ട്. ബിജെപിയും ജെഡിഎസ്സും ഒറ്റക്കെട്ടായി എൻ ഡി എ ആയിട്ടാണ് കോൺഗ്രസിനെ നേരിടുന്നത്.

Photo Courtesy - Bengaluru Municipal Elections: Victory a matter of pride for Congress and BJP

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img