
ബ്രഹദ് ബംഗളുരു മഹാനഗര പാലികെ (ബിബിഎംപി ) എന്ന ബംഗളുരു നഗരസഭയിൽ 2020 ലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഈ നഗരസഭ ഭരിച്ചത് ബിജെപിയായിരുന്നു. 2020ൽ കർണാടക സംസ്ഥാനത്തിന്റെ ഭരണവും ബിജെപിയ്ക്കാ യിരുന്നു.ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസ്സും തമ്മിലുണ്ടായ തർക്കത്തിൽ കോടതിയിടപെടലുണ്ടായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കാതെ പോയത്. 2023ൽ സംസ്ഥാനത്ത് കോൺഗ്രസ്സ് അധികാരത്തിൽ എത്തിയതോടെ പ്രശ്നം സങ്കീർണമായിതീർന്നു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ചെയർമാനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി(ജിബിഎ) രൂപീകരിച്ച് ബിബിഎംപി പിരിച്ചുവിട്ടു. ബംഗളുരുവിൽ അഞ്ചു പുതിയ സിറ്റി കോർപറേഷനുകൾ രൂപീകരിച്ച് അതിന്റെ നിയന്ത്രണം ജിബിഎയുടെ കീഴിൽ കൊണ്ടുവന്നു. പഴയ നഗരസഭയിൽ 198 വാർഡുകളാണ് ഉണ്ടായിരുന്നത്. പുതുതായി ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ബിജെപി 225 വാർഡുകളാക്കിയതാണ് നിയമ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പുതുതായി രൂപീകരിച്ച അഞ്ചു കോർപറേഷനുകളിലും കൂടി 369 വാർഡുകളുണ്ട്. നഗരത്തിന്റെ നാനാഭാഗത്തുമുള്ള വികസനരൂപം കൈവരിക്കുന്ന പ്രാന്തപ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് അഞ്ചു കോർപറേഷനുകൾക്കും കൂടി 369 വാർഡുകളായി നിശ്ചയിച്ചത്. അഞ്ചായി വിഭജിക്കപ്പെട്ട ബിബിഎംപിയുടെ വിസ്തൃതി ഇരട്ടിയായി മാറുകയാണ്. ഈ വർഷം ജൂൺ 30 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന സംസ്ഥാന ഗവണ്മെന്റിന്റെ ശുപാർശ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അംഗീകരിക്കുകയും ജൂൺ 30 ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യ ഗവണ്മെന്റിന് ആത്മവിശ്വാസം കൈവന്നില്ല. കാരണം ബംഗളുരു നഗരസഭാ പരിധിയിൽ ബിജെപിയ്ക്കാണ് സ്വാധീനം കൂടുതൽ. നഗരസഭാപരിധിയിലെ നാല് ലോകസഭാമണ്ഡലങ്ങളെയും മിക്ക നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. അതാണ് കോൺഗ്രസിനെ അലട്ടുന്നത്. മാത്രവുമല്ല സംസ്ഥാനമൊട്ടാകെ ഭരണവിരുദ്ധ വികാരം നിലവിലുണ്ടുതാനും. സമയപരിധി നീട്ടിക്കിട്ടാൻ ഗവണ്മെന്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. എസ് ഐ ആർ ജോലികൾ നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ ജീവനക്കാരെ കണ്ടെത്താൻ പ്രയാസമുണ്ടെന്നാണ് ഗവണ്മെന്റ് സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ലി എന്നിവർ അടങ്ങിയ ബെഞ്ച് സമയപരിധി ഈ വർഷം ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇത് അന്തിമമാണെന്നും ഒരു സാഹചര്യത്തിലും ഇനി സമയം നീട്ടിനൽകില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ കോൺഗ്രസ്സും പ്രധാന പ്രതിപക്ഷമായ ബിജെപിയും സംസ്ഥാന തെരഞ്ഞെടുപ്പ് പോലെ പ്രാധാന്യം കല്പിക്കുന്നുണ്ട് ബംഗളുരു നഗരസഭാ തിരഞ്ഞെടുപ്പിന്.
Photo Courtesy - Google










