
കർണാടകം: ഈ വർഷം ജൂൺ 30ന് മുമ്പായി ബംഗളുരു നഗരസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. വർഷങ്ങളോളം നീണ്ടുനിന്ന നിയമതടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളുമാണ് അവസാനിക്കുന്നത്. ബ്രഹദ് ബംഗളുരു മഹാനഗര പാലികെ എന്ന ബിബിഎംപിയാണ് ബംഗളുരുവിന്റെ നഗരഭരണം നിർവ്വഹിച്ചിരുന്നത്. 198 വാർഡുകളാണ് ബി ബി എം പി യിൽ ഉണ്ടായിരുന്നത്. നഗരം ധൃതഗതിയിൽ വികാസം പ്രാപിക്കുന്നതിനാൽ പുതിയ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് വാർഡുകളുടെ എണ്ണം 224 ആയി വർധിപ്പിക്കാനാണ് 2019 ൽ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി ഗവണ്മെന്റ് തീരുമാനിച്ചത്. അതുമായി പ്രതിപക്ഷവുമായി ഉണ്ടായ തർക്കം നിയമപ്രശ്നമായി സുപ്രീം കോടതിവരെ എത്തിയിരുന്നു. 2015 ലാണ് ബിബിഎംപിയിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2020 ലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിയമക്കുരുക്കുകൾ മൂലം അത് തടസ്സപ്പെട്ടു. 2023 ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതോടെ നിലപാടിൽ മാറ്റം വന്നു. ബിബിഎംപിയിൽ ബിജെപിയ്‌ക്ക് ഉണ്ടായിരുന്ന മുൻകൈ ഭരണം പോയതോടെ നഷ്ടപ്പെട്ടിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബിബി എം പി ഭരണം മുന്നോട്ടുപോയിരുന്നത്. സിദ്ധരാമയ്യ ഗവണ്മെന്റ് ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജി ബി എ) രൂപീകരിച്ച് ബിബി എം പി പിരിച്ചുവിടാൻ തീരുമാനിച്ചു. പകരം ജിബിഎയുടെ കീഴിൽ അഞ്ചു പുതിയ നഗരസഭകൾ രൂപീകരിക്കാനാണ് ഗവൺമെന്റ് തീരുമാനിച്ചത്. അഞ്ചു നഗരസഭകൾക്കും കൂടി 368 വാർഡുകളും ഓരോ നഗരസഭയ്ക്കും പ്രത്യേകം മേയർമാരും ഉണ്ടായിരിക്കും. പുതിയ നഗരസഭകളുടെയും വാർഡുകളുടെയും അതിർത്തിനിർണ്ണയം കഴിഞ്ഞ മാസമാണ് ഗവണ്മെന്റ് പൂർത്തിയാക്കിയത്. ഹൈക്കോടതിയിലും ചില കേസ്സുകൾ നിലനിന്നിരുന്നു. അതൊക്കെ മാറ്റിക്കിട്ടാൻ ഗവണ്മെന്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂൺ 30ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമതടസ്സങ്ങൾ മാറാൻ വഴി തുറന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്താൻ ഗവണ്മെന്റ് ഒരുക്കമാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ്, ബിജെപി, ജെഡിഎസ്സ് എന്നീ മൂന്ന് പ്രധാന രാഷ്ട്രീയകക്ഷികളും തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബിജെപിയും ജെഡിഎസ്സും ഒത്തുചേർന്ന് എൻഡിഎയായാണ് മത്സരിക്കുക. സീറ്റ് വിഭജന ചർച്ച അവർ നടത്തിവരികയാണ്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് ആകട്ടെ അഞ്ചു കോർപറേഷനുകളും പിടിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്.
Photo Courtesy - Google











