09:45am 30 April 2026
NEWS
ബംഗളുരു മെട്രോ സർവ്വീസ്: യാത്രാനിരക്ക് വർധിപ്പിക്കാൻ ശുപാർശ
07/01/2025  12:41 PM IST
വിഷ്ണുമംഗലം കുമാർ
ബംഗളുരു മെട്രോ സർവ്വീസ്: യാത്രാനിരക്ക് വർധിപ്പിക്കാൻ ശുപാർശ

ബംഗളുരു : പതിനാല് വർഷം മുമ്പാണ് നമ്മ മെട്രോ എന്ന് പേരിട്ട ബംഗളുരു മെട്രോ സർവ്വീസിൽ ആദ്യ ട്രെയിൻ ഓടിത്തുടങ്ങിയത്. നഗരത്തിന്റെ കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനായി രൂപകല്പന ചെയ്ത പർപ്പിൾ ലൈനിലെ റീച്ച് വൺ (എം ജി റോഡ് - ബയ്യപ്പഹള്ളി) ആണ് യാത്രക്കാർക്ക് തുറന്നുകൊടുത്തത്. തെക്ക് -വടക്ക്  ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ലൈനിന്റെ ആദ്യ ഘട്ടം 2014 ൽ പ്രവർത്തനനിരതമായി. രണ്ടു ലൈനുകളിലുമായി 42 കിലോമീറ്റർ ദൂരം സർവ്വീസ് നടത്തവെ 2017 ൽ ആണ് ആദ്യമായി നിരക്ക് വർധിപ്പിച്ചത്. മിനിമം ചാർജ്ജ് പത്തുരൂപ. കൂടിയ നിരക്ക് 60 രൂപയും. എട്ടുവർഷത്തിനുള്ളിൽ പർപ്പിൾ, ഗ്രീൻ ലൈനുകളുടെ എക്സ്റ്റൻഷ്യനുകൾ പൂർത്തിയാക്കി നിലവിൽ 76.95 കിലോമീറ്റർ സർവ്വീസ് നടത്തുന്നുണ്ട്. (പർപ്പിൾ ലൈൻ ചല്ലഘട്ട-കാടുഗോഡി : 43.49 കി മി. ഗ്രീൻ ലൈൻ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്- മാധവാര: 34.46 കി മി.) പ്രതിദിനം എട്ടുലക്ഷത്തോളം യാത്രക്കാർ മെട്രോ ഉപയോഗപ്പെടുത്തുന്നുണ്ട്. യെല്ലോ ലൈൻ (ആർ വി റോഡ്- ബൊമ്മസാന്ദ്ര: 18.82 കി മി ) ഈ മാസം യാത്രക്കാർക്ക് തുറന്നുകൊടുക്കും. ഡ്രൈവറില്ലാത്ത ട്രെയിൻ പരീക്ഷിക്കുന്നത് ഈ ലൈനിലാണ്. പിങ്ക്, ബ്ലൂ, ഓറഞ്ച്, റെഡ് ലൈനുകളുടെ നിർമ്മാണജോലികൾ വിവിധഘട്ടങ്ങളിലാണ്. 176 കിലോ മീറ്റർ ദൂരം കവർ ചെയ്യുന്ന പുതിയ സർവ്വീസുകൾ അടുത്ത വർഷം പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ആകെ സർവ്വീസ്‌ 253 കിലോമീറ്ററായി വർധിക്കുന്നതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള മെട്രോ സർവ്വീസായി നമ്മ മെട്രോ മാറും. ഈ സാഹചര്യത്തിൽ നിരക്ക് നാല്പത് ശതമാനം വരെ വർധിപ്പിക്കാൻ ശുപാർശ നൽകിയിരിക്കയാണ് ഹൈക്കോടതി മുൻ ജഡ്ജി ആർ തരണി അധ്യക്ഷനായ കമ്മിറ്റി. മിനിമം ചാർജ്ജ് പതിനഞ്ച് രൂപയാകും. കൂടിയ ചാർജ്ജ് എൺപത്തിയഞ്ച് രൂപയായി വർധിക്കും. സ്മാർട്ട്‌ കാർഡ്, ക്വ്യൂ ആർ കോഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം കിഴിവ് തുടരും. തിരക്കേറിയ ഞായറാഴ്ചകളിൽ പ്രത്യേക കിഴിവ് അനുവദിക്കാൻ ശുപാർശയിൽ പരാമർശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img