
കർണാടകം: കിഴക്കൻ ബംഗളുരുവിലെ കെ ആർ പുരത്തെ ഒരു ഫ്ലാറ്റിൽ മൂന്നുപേർ കൊല്ലപ്പെട്ട ദാരുണസംഭവം നഗരവാസികളെ നടുക്കം കൊള്ളിച്ചിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ സോമസുന്ദർ(52) അദ്ദേഹത്തിന്റെ ഭാര്യ മുത്തുലക്ഷ്മി (45) അവരുടെ ഇളയമകളും വിദ്യാർത്ഥിനിയുമായ സുപ്രിയ (19) എന്നിവരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. മുത്തുലക്ഷ്മിയും സുപ്രിയയും ഫ്ലാറ്റിനകത്തു വെച്ചും മുറിവേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ സോമസുന്ദർ ആശുപത്രിയിൽ വെച്ചുമാണ് അന്ത്യശ്വാസം വലിച്ചത്. ദമ്പതികളുടെ മൂത്തമകൾ സ്വേദയും അവളുടെ കാമുകൻ കെന്നറ്റും ചേർന്നാണ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരും ഐ ടി പ്രൊഫഷണലുകളാണ്.കെന്നറ്റുമായുള്ള ബന്ധം എതിർത്തതിന്റെ പേരിൽ സ്വേദയാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മുത്തുലക്ഷ്മിയെ മാത്രം വകവരുത്താനാണ് സ്വേദ ഉദ്ദേശിച്ചത്. അമ്മയാണ് കെന്നറ്റുമായുള്ള ബന്ധത്തെ ശക്തമായി എതിർത്തത്. അതിന്റെ പേരിൽ സ്വേദയ്‌ക്ക് അവരോട് കടുത്ത അരിശമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കയറിവന്ന സുപ്രിയയെയും സോമസുന്ദരത്തെയും അവർക്ക് കൊല്ലേണ്ടിവന്നു. കെന്നറ്റിനുവേണ്ടി സ്വേദ മുപ്പത് ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ടെന്നും മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കാൻ കെന്നറ്റിന്റെ സഹായത്തോടെ അവൾ ശ്രമം നടത്തിയിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരി സ്വദേശിയായ സോമശേഖറും കുടുംബവും വര്ഷങ്ങളായി ബംഗളുരുവിലാണ് താമസം. കെന്നറ്റ് മറ്റൊരു ഫ്ലാറ്റ് കൂടി വാടകയ്ക്ക് എടുത്തിരുന്നു. പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പുതുച്ചേരി പോലീസിന്റെ സഹായത്തോടെ
നടത്തിയ അന്വേഷണത്തിലാണ് പുതുച്ചേരി റയിൽവേ സ്റ്റേഷനിൽ വെച്ച് സ്വേദ പിടിയിലായത്. പുതുച്ചേരി ഓറിയാൻപേട്ട സ്റ്റേഷനിലെ എഎസ് ഐ രാമലിംഗത്തിന്റെ സഹായത്തോടെ ഇന്നലെ കെന്നറ്റിനെയും പിടിച്ചു. കൊലപാതകങ്ങൾ നടത്തിയ ശേഷം മറ്റെ ഫ്ലാറ്റിൽ പോയി കുളിച്ച് വസ്ത്രം മാറി ഒരു ബൈക്കിലാണ് ഇരുവരും പുതുച്ചേരിയിലേക്ക് രക്ഷപ്പെട്ടത്. ബംഗളുരു കോടതിയിൽ ഹാജരാക്കിയ പ്രതികളെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
Photo Courtesy - Google





