08:15am 07 November 2026
NEWS
ഭാര്യ ഉൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയത് ക്രൈം മാസികയുടെ നടത്തിപ്പുകാരൻ; കൊലപാതകങ്ങൾ നേരിൽക്കണ്ട് ഭയന്ന പതിനൊന്നുകാരനുമായി കാറിൽ കറങ്ങി; കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
07/11/2026  06:21 AM IST
nila
ഭാര്യ ഉൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയത് ക്രൈം മാസികയുടെ നടത്തിപ്പുകാരൻ; കൊലപാതകങ്ങൾ നേരിൽക്കണ്ട് ഭയന്ന പതിനൊന്നുകാരനുമായി കാറിൽ കറങ്ങി; കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ഏഴുവയസ്സുകാരനടക്കം സ്വന്തം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവറുടെ ക്രൂരകൃത്യങ്ങളുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ രാജാജി നഗർ സ്വദേശി ഇന്ദുശേഖർ കുടുംബത്തിലെ രണ്ടു കുട്ടികളെ മാത്രമാണ് കൊലപ്പെടുത്താതെ വെറുതെവിട്ടത്. ഭാര്യ സുനിത, അവരുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്.

ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ബന്ധുക്കൾ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

‘താനവരതി’ എന്ന ക്രൈം മാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ് പ്രതി. നളിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ തുംഗമ്മ നൽകിയ പരാതിയാണ് കേസിൽ നിർണായകമായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിലെ ഏഴുപേരുടെ കൊലപാതകവിവരം പുറത്തുവന്നത്.

ആദ്യം ഭാര്യ സുനിതയെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. അരകല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിച്ചു. സുനിത ടൂറിന് പോയിരിക്കുകയാണെന്ന് അയൽവാസികളെ വിശ്വസിപ്പിച്ച പ്രതി അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

പിന്നീട് വിവിധ ദിവസങ്ങളിലായി ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കൃത്യങ്ങൾക്ക് 17 വയസ്സുള്ള സ്വന്തം മകളുടെ സഹായവും ഇന്ദുശേഖർ തേടിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ സ്വന്തം കാറിൽ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് ഉപേക്ഷിച്ചത്. ഷിറാഡി ചുരം, മൈസൂരുവിലെ ചാമുണ്ഡി ഹിൽസ്, സേലത്തിന് സമീപമുള്ള ഏർക്കാട് ചുരം എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അതേസമയം, കൊല്ലപ്പെട്ട നളിനിയുടെ 11 വയസ്സുള്ള മകനെ പ്രതി വെറുതെവിട്ടു. കൊലപാതകങ്ങൾ നേരിൽക്കണ്ട് ഭയന്നുപോയ തന്നെ ഇന്ദുശേഖർ കാറിൽ കയറ്റി ദിവസം മുഴുവൻ വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയെന്നും രാത്രി കാറിൽത്തന്നെയാണ് ഉറങ്ങിയതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. യാത്രയ്ക്കിടെ പല സ്ഥലങ്ങളിലും ചാക്കുകെട്ടുകൾ ഉപേക്ഷിക്കുന്നത് കണ്ടതായും കുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം മകളെയും ഭാര്യാസഹോദരന്റെ മകനെയുമാണ് പ്രതി കൊലപ്പെടുത്താതെ ഒഴിവാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img