09:29pm 22 September 2026
NEWS
നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് ബെം​​ഗളുരുവിൽ അറസ്റ്റിൽ
04/11/2025  11:53 AM IST
nila
നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് ബെം​​ഗളുരുവിൽ അറസ്റ്റിൽ

ബെംഗളൂരു ∙ സീരിയൽ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. ബെം​ഗളുരുവിലെ വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനെയാണ് ബെംഗളൂരു സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി മാനേജറായി ജോലി ചെയ്യുകയായിരുന്നു നാൽപ്പത്തൊന്നുകാരനായ നവീൻ കെ. മോൻ. 

കന്നഡയും തെലുങ്കും ഉൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ച പ്രശസ്ത നടിയാണ് പരാതിക്കാരി. മൂന്നു മാസം മുമ്പാണ് സോഷ്യൽ മീഡിയ വഴിയുള്ള ശല്യം ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ഫെയ്‌സ്ബുക്കിൽ ‘നവീൻസ്’ എന്ന അക്കൗണ്ടിൽനിന്ന് നടിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. അത് സ്വീകരിക്കാത്തതിനെത്തുടർന്ന് പ്രതി മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

നടി അതിനുശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്തെങ്കിലും പ്രതി പുതിയ പ്രൊഫൈലുകൾ തുറന്ന് വീണ്ടും ശല്യം തുടർന്നു. സ്വകാര്യഭാഗങ്ങളുടെ വീഡിയോകൾ ഉൾപ്പെടെയുള്ള അശ്ലീലവീഡിയോകളും അയച്ചുവെന്നാണ് റിപ്പോർട്ട്.

നിരന്തരം ശല്യം തുടരുന്നതിനാൽ നടി പ്രതിയെ കുടുക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ചു. നവംബർ ഒന്നിന് വന്ന സന്ദേശത്തിന് മറുപടി നൽകി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബെംഗളൂരുവിലെ നന്ദൻ പാലസിൽ ഇരുവരും കണ്ടുമുട്ടി. പ്രതിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ശല്യം നിർത്തിയില്ല. അതിനുശേഷമാണ് നടി പൊലീസിൽ പരാതി നൽകിയത്. നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നവീൻ കെ. മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img