
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് വീട്ടുടമ ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ കോഴിക്കോട് സ്വദേശിയ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തു ദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്‌റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. ഇത് എതിർത്തപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.
തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി. അർധരാത്രിയോടെ ആയിരുന്നു സംഭവം. പിന്നീട്, ഏകദേശം രാത്രി 1.30 നും 2.15 നും ഇടയിൽ, അഷ്‌റഫ് വീട്ടിൽ കൊണ്ടാക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.











