
ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. നിയമവിദ്യാർത്ഥിനിയായ അമൃതയാണ് ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അമൃത മരിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. അമൃതയുടെ മുൻ കാമുകൻ ധനുഷ്, ഇയാളുടെ സഹോദരൻ സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 13ന് കൊടിഹള്ളിയിലെ താമസസ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നത്. നിയമപഠനത്തിനൊപ്പം ഒരു പിസ ഔട്ട്‌ലെറ്റിൽ പാർട്ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു അമൃത. കുടുംബപരിചയത്തിലൂടെയാണ് വിവാഹമോചിതനും ഒരു കുഞ്ഞിന്റെ പിതാവുമായ ധനുഷുമായി അമൃത പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തത്.
എന്നാൽ തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ധനുഷ് അമൃതയിൽ നിന്ന് മറച്ചുവച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സത്യം മനസ്സിലാക്കിയതോടെ അമൃത ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ധനുഷിന്റെ സഹോദരൻ സൂര്യ യുവതിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവദിവസം അമൃതയുടെ താമസസ്ഥലത്തിന് സമീപമെത്തിയ സൂര്യ വീണ്ടും തർക്കമുണ്ടാക്കുകയും വാക്കേറ്റം രൂക്ഷമായതോടെ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അമൃത മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് സൂര്യയെയും ധനുഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അമൃതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സി. വി. രാമൻ ആശുപത്രിയിലേക്ക് മാറ്റി.










