09:49pm 28 July 2026
NEWS
ബംഗളുരു ഹൈക്കോടതി: അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കും- ഡി കെ ശിവകുമാർ
27/10/2025  11:30 AM IST
വിഷ്ണുമംഗലം കുമാർ
ബംഗളുരു ഹൈക്കോടതി: അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കും- ഡി കെ ശിവകുമാർ

ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് നഗരമധ്യത്തിലുള്ള ഹൈക്കോടതി മന്ദിരം. നിയമസഭാമന്ദിരമായ വിധാനസൗധയുടെ എതിർവശത്തായി കബ്ബൺ പാർക്കിലാണ് അട്ടാര കച്ചേരി എന്നും പേരുള്ള ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. നിയോ ക്ലാസിക്കൽ ശൈലിയിലുള്ള വാസ്തുവിദ്യയിൽ കല്ലും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച് ചുവപ്പ് ചായം പൂശിയ ഈ ഇരുനിലകെട്ടിടത്തിന് 160 വർഷത്തോളം പഴക്കമുണ്ട്. സന്ദർശകരെ ആകർഷിക്കുന്ന നിർമ്മാണഭംഗിയ്ക്ക് പോറലേറ്റിട്ടില്ലെങ്കിലും സ്ഥലപരിമിതി ഹൈക്കോടതിയുടെ നടത്തിപ്പിന് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കവും പ്രശ്നമാണ്. നഗരത്തിന്റെ സമഗ്ര വികസനത്തിനായി വൻകിട പദ്ധതികൾ ആവിഷ്കരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നഗരവാസികളുമായി സംവദിച്ച് അഭിപ്രായ രൂപീകരണം നടത്താനായി ശനി, ഞായർ ദിവസങ്ങളിൽ വാക്ക് വിത്ത് ബംഗളുരു പ്രോഗ്രാം തുടർന്നുപോരുന്നുണ്ട്. 18000 കോടിയോളം ചെലവ് മതിക്കുന്ന തുരങ്കപ്പാത ഡി കെ യുടെ സ്വപ്നപദ്ധതിയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിഷ്പ്രഭമാക്കി ബംഗളുരുവിൽ നിറഞ്ഞുനിൽക്കുകയാണ് വേറിട്ട പ്രവർത്തന ശൈലിയുമായി ഡി കെ. ദൈവത്തിനല്ലാതെ മറ്റാർക്കും തന്നെ തടയാനാവില്ലെന്നാണ് അഭിമാന പദ്ധതിയായ തുരങ്കപ്പാതയുമായി മുന്നോട്ടു പോകുന്നതിനെപറ്റി അദ്ദേഹം പറയുന്നത്. ഹൈക്കോടതി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് കബ്ബൺ പാർക്കിലെ വാക്ക് വിത്ത് ബംഗളുരു വേളയിൽ ഡി കെ പറഞ്ഞു. "ചീഫ് ജസ്റ്റിസും അഭിഭാഷകരും അതാവശ്യപെട്ടിട്ടുണ്ട്. എന്നാൽ നഗരപ്രാന്തത്തിലേക്ക് ഹൈക്കോടതി മാറ്റാനാവില്ല. നഗരമധ്യത്തിൽ തന്നെ 15-20 ഏക്ര ഭൂമി കണ്ടെത്തണം. അനുയോജ്യമായ സ്ഥലം ലഭിച്ചാലുടനെ ഹൈക്കോടതി അങ്ങോട്ടേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കും"അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മനോഹരമായ കെട്ടിടം പൊളിച്ചുമാറ്റുകയില്ല. സന്ദർശകരെ ആകർഷിക്കുന്ന പൈതൃകസങ്കേതമായി പരിരക്ഷിക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാൻ                കാലതാ മസമെടുക്കുമെന്നതിനാൽ ഹൈക്കോടതിമാറ്റം ഉടനെയൊന്നും ഉണ്ടാകാനിടയില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img