
ഗൗരവമായൊരു പ്രശ്നം ലളിതമായി അവതരിപ്പിക്കുന്ന സിനിമയാണ് ബോബൻ ഗോവിന്ദൻ സംവിധാനം നിർവഹിച്ച മലവാഴി. നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം ബംഗളുരു ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സമ്പത്തിന്റെ കുരുട്ടുവഴികൾ നന്മയുടെ മുകുളങ്ങൾ ഓരോന്നായി വിഴുങ്ങുകയാണ്. ഭൂമിയും ആചാരങ്ങളും മനുഷ്യബന്ധങ്ങളും പാവപ്പെട്ടവന്റെ ജീവിത സമാധാനവും സമ്പത്തിന്റെ ശക്തികൾ കയ്യടക്കി നശിപ്പിക്കുന്നത് ആധുനിക കാലത്തെ ദുരന്തകാഴ്ചയാണ്. പാരമ്പര്യത്തിന്റെ വിശ്വാസവും ആചാരങ്ങളും കുടിപാർക്കുന്ന സങ്കേതമാണ് മലമുകളിലെ മുനിയറ. അത് സംരക്ഷിക്കാൻ മാണിക്യൻ പെടാപ്പാട് പെടുന്നുണ്ട്. എന്നാൽ ധനശക്തിയുടെ കടന്നാക്രമണത്തിൽ പിടിച്ചുനിൽക്കാൻ അയാൾക്കാവുന്നില്ല. പറയങ്കാളി ആചാരങ്ങൾ സത്യസന്ധതയോടെ സംരക്ഷിക്കാൻ വൃതമെടുത്ത അയാൾക്ക് വരുമാനമില്ല. വീട് പോറ്റുന്ന ഭാര്യ വഴി തെറ്റിപ്പോകുന്നു. മകൾ ചതിയിൽ കുടുങ്ങി ജീവൻ ഹോമിക്കുന്നു. വിപ്ലവത്തിന്റെ ചെങ്കോട്ടകൾ സ്വപ്നം കണ്ട് മനസ്സിന്റെ സമനില തെറ്റിപ്പോയ ചേട്ടനും മാണിക്യന് ഭാരമാണ്. ആ ചേട്ടനും അയാൾക്ക് നഷ്ടപ്പെടുന്നു. എല്ലാം ഒത്തുചേർന്ന് നടത്തുന്ന ആക്രമണത്തിൽ മാണിക്യന്റെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. സമ്പത്തിന്റെ ശക്തികൾ കൊളുത്തിയ തീപ്പൊരി ആളിപ്പടർന്ന് മലമുകളിലെ മാണിക്യനും അയാളുടെ മുനിയറയും ഭസ്മമാവുകയാണ്. മധു അമ്പാട്ട് ആണ് മലവാഴിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിർമ്മാണം നിർവഹിക്കുന്ന ദേവദാസിനോടൊപ്പം സിജി പ്രദീപും പ്രധാന വേഷങ്ങളിലെത്തുന്നു. ദേവദാസ് ആണ് മാണിക്യനാവുന്നത്. ശാന്താദേവി, ഗുരു സോമസുന്ദരം,സുന്ദരപാന്ധ്യൻ, ഐ എം വിജയൻ, തിരക്കഥ രചിച്ച രാജേഷ് കുറുമാലി
തുടങ്ങിയവരാണ് ഫെസ്റ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ബോബൻ ഗോവിന്ദന്റെ ഈ കൊച്ചുസിനിമയിലെ മറ്റ് അഭിനേതാക്കൾ. സംഗീതം മോഹൻ സിത്താര. അതീവ ഗൗരവമായ ഒരു പ്രശ്നം തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രം എന്ന് മലവാഴിയെ വിശേഷിപ്പിക്കാം. അതിജീവനത്തിന്റെ കഥ പറയുന്ന കെ ആർ ഉണ്ണിയുടെ പ്രഗ്നൻറ്റ് വിഡോയും പ്രേക്ഷകരുടെ കയ്യടി നേടി.










