08:12pm 11 November 2026
NEWS
ബെംഗളൂരു–എറണാകുളം വന്ദേഭാരതിലെ യാത്ര പോക്കറ്റ് കാലിയാക്കില്ല!
08/11/2025  08:20 AM IST
nila
ബെംഗളൂരു–എറണാകുളം വന്ദേഭാരതിലെ യാത്ര പോക്കറ്റ് കാലിയാക്കില്ല!

ബെംഗളൂരു മലയാളികൾ ഏറെ നാളായി കാത്തിരുന്ന ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഈ മാസം പതിനൊന്ന് മുതൽ സർവീസ് ആരംഭിക്കുകയാണ്. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ഓൺലൈൻ റിസർവേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ, ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാർ വളരെ സന്തോഷത്തിലുമാണ്. താരതമ്യേന കുറഞ്ഞ നിരക്കാണ് ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിനുള്ളത്. 

വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകളിൽ മൂന്നു മടങ്ങ് നിരക്ക് അടച്ച് യാത്ര ചെയ്യേണ്ടി വന്ന ബെംഗളൂരു മലയാളികൾക്കാണ് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്. പുതിയ വന്ദേഭാരതിൽ ചെയർകാർ ടിക്കറ്റ് നിരക്ക് 1095 രൂപയും എക്സിക്യൂട്ടീവ് ചെയർകാർ 2289രൂയുമാണ്. ഇതിൽ ഭക്ഷണച്ചാർജ്, റിസർവേഷൻ ഫീസ്, ജിഎസ്ടി (5ശതമാനം) എന്നിവ ഉൾപ്പെടില്ല.

കഴിഞ്ഞ വർഷം ഒരു മാസത്തേക്ക് ഓടിയ സ്പെഷൽ വന്ദേഭാരതിൽ ചെയർകാറിന് 1465 രൂപയും എക്സിക്യൂട്ടീവിന് 2945 രൂപയുമായിരുന്നു നിരക്ക്. അതിനാൽതന്നെ പുതിയ നിരക്കുകൾ യാത്രക്കാർക്ക് ഇരട്ടിമധുരം തന്നെയാണ്. 638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടുന്ന ഈ വന്ദേഭാരത് ട്രെയിനിന് വെറും 9 സ്റ്റോപ്പുകൾ മാത്രമേയുള്ളൂ. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ, ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്വകാര്യ എസി സ്ലീപ്പർ ബസുകൾക്ക് ഉത്സവസീസണിൽ 3500 രൂപ മുതൽ 5000 രൂപ വരെ നൽകണം.  കേരള ആർടിസിയുടെ ഗജരാജ എസി സ്ലീപ്പറുകൾ 1600–1800 രൂപനിരക്കിലും കർണാടക ആർടിസിയുടെ അംബാരി ഉത്സവ് സ്ലീപ്പറുകൾ 2000–2500 രൂപ നിരക്കിലുമാണ് സർവീസ് നടത്തുന്നത്. അതിനാൽ വന്ദേഭാരത് യാത്രയുടെ സാമ്പത്തികമായ ഗുണം വ്യക്തമാണ്.

ബെംഗളൂരു മലയാളികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ആഴ്ചാന്ത്യങ്ങൾക്കും അവധിക്കാല യാത്രകൾക്കും പുതിയ സൗകര്യങ്ങൾ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img