
ബെംഗളൂരു: ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്‌ലറ്റിൽ ഇരുത്തിയശേഷം ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് ജീവനക്കാർ നടത്തിയതെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ ശിക്ഷിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ബെംഗളൂരുവിലെ എച്ച്.എ.എൽ ക്യാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിലാണ് സംഭവം. കുഞ്ഞുങ്ങളെ ജീവനക്കാർ മർദിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്താൽ ഇവരെ ഇത്തരത്തിൽ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.
ഐടി സ്ഥാപനത്തിലെ ജീവനക്കാർ ജോലിസമയത്ത് കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്ന ഈ ഡേകെയറിലെ ദൃശ്യങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച വാട്ട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്‌ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










