
ബംഗളുരുനഗരത്തിന്റെ ഭരണചിത്രം വീണ്ടും മാറുകയാണ്. നഗരം വികാസം പ്രാപിച്ചതിനെ തുടർന്നാണ് പതിനെട്ട് വർഷം മുമ്പ്- അതായത് 2007ൽ- സമീപ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ബാംഗ്ലൂർ സിറ്റി കോർപറേഷൻ, ബ്രഹത് ബംഗളുരു മഹാനഗര പാലികെ ( ബിബിഎംപി) ആയി മാറിയത്. ആകെ 198 വാർഡുകൾ, ഭരണ സൗകര്യത്തിനായി പത്ത് സോണൽ ഓഫിസുകൾ- ഈ രീതിയിലാണ് ബിബി എം പി നിലവിൽ വന്നത്. അതിന് അനുബന്ധമായി നഗരത്തിന്റെ നാല് ദിക്കിലുള്ള പ്രാന്തപ്രദേശങ്ങളും അതി ശീഘ്രം വികാസം പ്രാപിച്ചു. ഗ്രാമങ്ങൾ അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് ആധുനിക വ്യാപാര-വ്യവസായ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളുമൊക്കെ ഇടം പിടിച്ച് അവയും നഗര ഭാഗങ്ങളായി മാറുകയും ചെയ്തു. എന്നാൽ അവ ബിബി എം പി യുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 25 പുതിയ വാർഡുകൾ കൂട്ടിച്ചേർത്ത് ബിബിഎംപി വികസിപ്പിക്കാനുള്ള നീക്കം നിയമയുദ്ധമായി മാറി.തർക്കം സുപ്രീംകോടതി വരെ ചെന്നെത്തി. 2015 ലാണ് ബിബിഎംപിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അതിന്റെ കാലാവധി 2020 ൽ അവസാനിച്ചു. നിയമക്കുരുക്ക് മൂലം കഴിഞ്ഞ അഞ്ചുവർഷമായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിലവിൽ ബിബിഎംപിയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്ല. ഗവണ്മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബി ബി എം പി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. നഗരപ്രാന്ത്രങ്ങളാവട്ടെ അതി ശീഘ്രം വികസിച്ചുകൊണ്ടുമിരിക്കുന്നു. നിയമസഭയിലും കൗൺസിലിലും പുതിയ ബിൽ പാസ്സായതോടെ ഇന്ന് മുതൽ ബി ബി എം പി ഫലത്തിൽ ഇല്ലാതാവും. പകരം ജി ബി എ ( ഗ്രേറ്റർ ബംഗളുരു അതോറിറ്റി) നിലവിൽ വരും. മുഖ്യമന്ത്രി ചെയർമാനും ബംഗളുരു നഗര വികസനത്തിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി വൈസ് ചെയർമാനുമായ എഴുപത് അംഗ ഗ്രേറ്റർ ബംഗളുരു അതോറിറ്റിയുടെ കീഴിൽ അഞ്ച് സ്വതന്ത്ര കോർപറേഷനുകൾ രൂപീകരിച്ചാണ് നഗരഭരണം മുന്നോട്ട് കൊണ്ടുപോവുക.ബംഗളുരു ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്, സെൻട്രൽ എന്നീ കോർപറേഷനുകൾക്ക് പ്രത്യേകം മേയറും കൗൺസിലും കമ്മീഷണറും ഉണ്ടാവും. നഗരത്തിന്റെ ഭരണസംവിധാനം അടിസ്ഥാനപരമായി മാറുകയാണ്. ഓരോ കോർപറേഷനിലും എത്ര വാർഡുകൾ, ഏതൊക്കെ പുതിയ ഭാഗങ്ങളാണ് കൂട്ടിച്ചേർക്കുന്നത്, ഓരോ വാർഡിന്റെയും അതിർത്തി നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ ജി ബി എ തീരുമാനിക്കും. അതിന് നാലുമാസത്തെ സാവകാശമുണ്ട്. ജീവനക്കാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിക്കേണ്ടിവരും. ഏതായാലും അതൊക്കെ പൂർത്തിയാക്കി അടുത്ത വർഷാദ്യമേ പുതിയ കോർപറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂ. അതുവരെ ബി ബി എം പി തുടരും. അഞ്ച് സിറ്റി കോർപറേഷനുകളായി വിഭജിക്കപ്പെടുമ്പോൾ നഗരഭരണം കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചു മേയർമാരുള്ള നഗരമായി ബംഗളുരു മാറുന്നത് വ്യത്യസ്ത അനുഭവമായിരിക്കും. ഭരണ സൗകര്യത്തിനായി അഞ്ച് കോർപറേഷനുകളായി വിഘടിച്ചാലും ജി ബി എയുടെ മേൽനോട്ടത്തിൽ ഒന്നായാണ് നിലകൊള്ളുക. പ്രധാന അധികാരങ്ങൾ ജി ബി എ യിൽ കേന്ദ്രീകരിക്കുന്ന വിധത്തിലാണ് പുതിയ ഭരണസമ്പ്രദായം വിഭാവന ചെയ്തിട്ടുള്ളത്.
Photo Courtesy - Google











