
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ മലയാളി ദമ്പതികൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് പരാതി. ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് പരാതി. ദമ്പതികൾ ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ബുധനാഴ്ച്ചമുതൽ ടോമിയേയും ഷൈനിയേയും കാണാനില്ലെന്നും വീടും വാഹനവും വിറ്റശേഷം മുങ്ങിയെന്നുമാണ് ആരോപണം. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടുപേരുടെയും ഫോൺ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസിൽ ഇപ്പോഴും ഏതാനും ജീവനക്കാരുണ്ട്. എന്നാൽ അവർക്ക് ടോമിയേയും ഷൈനിയേയും കുറിച്ച് വിവരമില്ലെന്ന് പറയുന്നു. ഇതേ തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. കോടികളുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് റിപ്പോർട്ട്.
രാമമൂർത്തി നഗർ സ്വദേശിയായ റിട്ടയേർഡ് ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി ഇദ്ദേഹം പരാതിയിൽ പറഞ്ഞു. ഈ പണവുമായി ദമ്പതികൾ മുങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ കൂടുതൽ നിക്ഷേപകർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടോടെ 265 പേർ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്.











