03:10am 27 June 2026
NEWS
നാലുകോടി രൂപ നികുതി അടച്ചിട്ടും അവ​ഗണന; പുതുവർഷത്തോടെ മറ്റൊരു രാജ്യത്തേക്ക് പോകാനാണ് ആലോചനയെന്ന് ഇന്ത്യയിലെ യുവസംരംഭകൻ
30/12/2025  05:49 AM IST
nila
നാലുകോടി രൂപ നികുതി അടച്ചിട്ടും അവ​ഗണന; പുതുവർഷത്തോടെ മറ്റൊരു രാജ്യത്തേക്ക് പോകാനാണ് ആലോചനയെന്ന് ഇന്ത്യയിലെ യുവസംരംഭകൻ

ബെംഗളൂരു: കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജിഎസ്ടിയിലും ആദായനികുതിയുമായി ഏകദേശം നാല് കോടി രൂപ അടച്ചിട്ടിട്ടും തുടർച്ചയായ ബുദ്ധിമുട്ടുകളും അവഗണനയും നേരിടേണ്ടിവരുന്നുവെന്ന ആരോപണവുമായി യുവ സംരംഭകൻ. അഫ്‌ലോഗ് ഗ്രൂപ്പിന്റെ സ്ഥാപകൻ രോഹിത് ഷറോഫാണ് തന്റെ അനുഭവങ്ങൾ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ബെംഗളൂരു ആസ്ഥാനമായ ലോജിസ്റ്റിക്സ് സ്ഥാപനമാണ് അഫ്‌ലോഗ് ഗ്രൂപ്പ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരാൻ കഴിയില്ലെന്നും പുതുവർഷത്തോടെ മറ്റൊരു രാജ്യത്തേക്ക് പോകാനാണ് ആലോചനയെന്നും രോഹിത് വ്യക്തമാക്കുന്നു. 

രാജ്യത്തെ നികുതി സംവിധാനം പൂർണമായും കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. വലിയ തോതിൽ നികുതി അടക്കുന്ന സംരംഭകർക്ക് നേരിടേണ്ടിവരുന്ന സമ്മർദങ്ങളും ഭരണപരമായ ഇടപെടലുകളും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നികുതി സംവിധാനത്തിന്റെ കാര്യക്ഷമതയും സംരംഭകർക്ക് ലഭിക്കുന്ന പിന്തുണയും സംബന്ധിച്ച ചോദ്യങ്ങളാണ് ഇതോടെ വീണ്ടും ഉയരുന്നത്.

രോഹിത് ഷറോഫിന്റെ കുറിപ്പ് ഇങ്ങനെ: 

‘‘കഴിഞ്ഞ 12-18 മാസമായി എന്റെ ബിസിനസുകളിൽ നിന്ന് ഞാൻ 5 ലക്ഷം ഡോളർ ജിഎസ്ടിയായും ആദായനികുതിയായും അടച്ചു. ഏതാണ്ട് 4 കോടി രൂപ. കൃത്യമായി നികുതി അടയ്ക്കുന്നവരെ എന്നും സംശയത്തോടെ കാണുന്ന ഒരു രാജ്യത്താണ് ഇതെന്ന് ഓർക്കണം. ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 4-5% പേരാണ് ആദായ നികുതി അടയ്ക്കുന്നത്. എന്നിട്ടും അവരെ നോട്ടിസ് അയച്ചും വിശദീകരണം ചോദിച്ചും പരിശോധന നടത്തിയും പീഡിപ്പിക്കും. ചെറുകിട സംരംഭകരെയാണ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത്.

ഇങ്ങനെ ഉപദ്രവിക്കുന്നതിൽ ജിഎസ്ടിക്കാരുണ്ട്. ആദായനികുതിക്കാരുണ്ട്. എന്നിട്ടും ചെറുകിട സംരംഭകർ നികുതിയും റിട്ടേണും സമർപ്പിക്കുന്നത് തുടരും. ജിഎസ്ടിയും ടിഡിഎസുമൊക്കെ ഫയൽ ചെയ്യാനായി ഓരോ കമ്പനിയും പണംകൊടുത്ത് ആളുകളെ നിയമിക്കും.

ഓരോ മാസവും ജിഎസ്ടി, ഓരോ ത്രൈമാസത്തിലും ടിഡിഎസ്, ഓരോ വർഷവും ആദായനികുതി. ഇതൊക്കെ കൃത്യമായി അടയ്ക്കും. എന്നാലും ഉപദ്രവം. നികുതി അടയ്ക്കുന്നതിനേക്കാൾ കഷ്ടപ്പാടാണ് ഈ സംവിധാനവുമായുള്ള പോരാട്ടം. അതുകൊണ്ടുതന്നെ, പല കമ്പനികളും പിടിച്ചുനിൽക്കാനാവാതെ പൂട്ടിപ്പോവുകയാണ്.

ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കാനാണ് ഇവിടെ നികുതി സംവിധാനങ്ങൾ. ചെറുകിടക്കാർ ന്യൂനപക്ഷമാണ്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തവർ. അവരെ കണ്ടില്ലെന്ന് നടിക്കാനും ഒഴിവാക്കാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ, പല ഇന്ത്യക്കാരും ഇപ്പോൾ‌ യുഎഇയിലും യുഎസിലും പോയി വിജയകരമായി ബിസിനസ് നടത്തുകയാണ്. ഇങ്ങനെ ഇന്ത്യ വിടുന്നവർ വെറുക്കുന്നത് ഇന്ത്യയെയല്ല. ഇവിടുത്തെ നികുതി സംവിധാനമാണ് അവരെ ഇന്ത്യ വിടാൻ നിർബന്ധിതരാക്കുന്നത്.

എനിക്കും മടുത്തു; ‘നല്ലൊരു ഇന്ത്യയെ സൃഷ്ടിക്കുക’ എന്ന ലക്ഷ്യത്തിനായി പ്രയത്നിച്ച് എനിക്കും മതിയായി. 2026ൽ എന്റെ ലക്ഷ്യമെന്നോണം ഇന്ത്യയിൽ നിന്ന് വേറെ എവിടെയെങ്കിലും പോയി ബിസിനസ് വളർത്തണം. ഇങ്ങനെ പറയുന്നതിൽ സങ്കടമുണ്ട്. എങ്കിലും, ചിലപ്പോഴൊക്കെ സ്വയരക്ഷ പ്രധാനമാണല്ലോ. ഇത് രാജ്യസ്നേഹത്തിന്റെ വിഷയമല്ല, ഇതാണ് യാഥാർഥ്യം. ഇവിടത്തെ സംവിധാനങ്ങൾ തകർന്നു. ഇവിടെ ശരിക്കുള്ള വികസനമില്ല. ഇവിടെ ഒരു ഈസ് ഓഫ് ഡൂയിങ്ങുമില്ല’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img