
ബെംഗളൂരു: ബിബിഎം വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അന്നമയ്യ സ്വദേശിനിയായ ദേവിശ്രീ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ പ്രദേശവാസി തന്നെയായ പ്രേം വർധൻ അറസ്റ്റിലായത്. മദനായകനഹള്ളിയിൽ ബിബിഎം വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ ദേവിശ്രീ.
സുഹൃത്തിൻറെ വീട്ടിൽ വെച്ചാണ് ദേവിശ്രീ കൊല്ലപ്പെട്ടത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിർത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് ബസ് സ്റ്റാൻഡിലെത്തി തിരുപ്പതിയിലേക്ക് രക്ഷപ്പെട്ടു. സുഹൃത്തുക്കളും അയൽവാസികളും നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രേം വർധനാണ് പ്രതിയെന്ന് പൊലീസ് തുടക്കത്തിൽ സംശയിച്ചിരുന്നു. ഫോൺ ഓഫാക്കി മുങ്ങിയ പ്രതിയുടെ സിഗ്നൽ ഇടയ്ക്കിടെ ലഭിച്ചത് പൊലീസിന് അന്വേഷണത്തിൽ സഹായകരമായി.
സിസിടിവി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ തിരുപ്പതിയിൽ നിന്നാണ് പ്രേം വർധനെ അറസ്റ്റ് ചെയ്തത്. തലമുണ്ഡനം ചെയ്ത് ക്ഷേത്രത്തിൽ സമർപ്പിച്ച പ്രതി ആൾമാറാട്ടം നടത്താനും ശ്രമിച്ചു. ദേവിശ്രീയെ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ കുട്ടുകാരികൾ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.











