
കർണാടകം: വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ നഗരകേന്ദ്രത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ദേവനഹള്ളിയിലുള്ള വിമാനത്താവളം യാത്രക്കാരുടെ ബാഹുല്യത്താൽ വീർപ്പുമുട്ടുകയാണ്. പ്രാബല്യത്തിലുള്ള കരാർ പ്രകാരം നിലവിലെ വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയിൽ 2033 ൽ മാത്രമെ മറ്റൊരു വിമാനത്താവളം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ പ്രാഥമിക നടപടികൾ ആരംഭിച്ചാൽ 2033 ൽ പുതിയ വിമാനത്താവളം യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ സാധിക്കുന്ന വിധത്തിൽ നിർമ്മാണജോലികളും മറ്റും പൂർത്തിയാക്കാം എന്ന കാഴ്ചപ്പാടാണ് സംസ്ഥാന ഗവണ്മെന്റിനുള്ളത്. പുതിയ വിമാനത്താവളം എവിടെ സ്ഥാപിക്കണമെന്നതിനെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ഡോക്ടർ ജി. പരമേശ്വരയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. മൂന്ന് നിർദ്ദിഷ്ട പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാന ഗവണ്മെന്റ് എ എ ഐയ്ക്ക്( എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ) കൈമാറിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ശിവകുമാറിന് താല്പര്യമുള്ള, കനകപുര റോഡിന്റെ പരിസര പ്രദേശങ്ങളും മൂന്നാമത്തേത് ഡോക്ടർ പരമേശ്വര നിർദ്ദേശിച്ച നെലമംഗല- കുനിഗൽ റോഡ് മേഖലയുമാണ്. മൂന്നിടത്തും വിമാനത്തവള നിർമ്മാണത്തിന് ആവശ്യമായ ശരാശരി 5000 ഏക്ര സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എ എ ഐ സംഘം ബംഗളുരുവിലെത്തി ഈ മൂന്ന് പ്രദേശങ്ങളും പരിശോധിച്ചുവരികയാണ്. അതിനിടയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം തുമക്കൂരുവിലെ സിറയാണെന്ന നിർദ്ദേശവുമായി മുൻമന്ത്രിയും സംസ്ഥാന ഗവണ്മെന്റിന്റെ ഡൽഹി പ്രതിനിധിയുമായ ടി ബി ജയചന്ദ്ര മുന്നോട്ടുവന്നിട്ടുണ്ട്. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പാർട്ടികളിൽ പെട്ട നാൽപ്പത്തിരണ്ട് എം എൽ എ മാർ ഒപ്പിട്ട നിവേദനം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബംഗളുരു നഗരത്തിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് സിറ. ഈ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യാണ് ജയചന്ദ്ര. " എച്ച് എ എല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിയും ചെല്ലക്കെരെയിലെ ഡി ആർ ഡി ഒ സങ്കേതവും സിറയ്ക്ക് സമീപമാണ്. വിമാനത്താവളത്തിന് ആവശ്യമായ നിരപ്പുള്ള ഭൂമി ലഭ്യവുമാണ്. നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയ്ക്ക് പുറത്തായതിനാൽ നിർമ്മാണജോലികൾ വേഗം പൂർത്തിയാക്കി വിമാനത്താവളം തുറന്നുകൊടുക്കാനാവും" ജയചന്ദ്ര വിശദീകരിച്ചു. എന്നാൽ സിറ അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന് വ്യവസായമന്ത്രി എം ബി പാട്ടീൽ പറഞ്ഞു. എ എ ഐ സംഘവുമായി മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Photo Courtesy - Google











