
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റെക്കോർഡ് പോളിംഗ്. 92 ശതമാനത്തിന് മുകളിൽ വോട്ടെടുപ്പ് നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ 92.03 ശതമാനമാണ്. വടക്കൻ ബംഗാൾ ഉൾപ്പെടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്തത്. ഇവിടങ്ങളിൽ അക്ഷരാർത്ഥത്തിൽ വോട്ടർമാർ വലിയ തോതിൽ ബൂത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാവിലെ മുതൽ സ്ത്രീകൾ ഉൾപ്പെടെ നീണ്ട നിരകളാണ് പല കേന്ദ്രങ്ങളിലും കണ്ടത്.
ഏപ്രിൽ 29ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അതിനുശേഷം മാത്രമേ സംസ്ഥാനത്ത് പോളിംഗിൽ സർവകാല റെക്കോർഡ് ഉണ്ടാകുമോ എന്ന് വ്യക്തമാകൂ. 2021ലെ തിരഞ്ഞെടുപ്പിൽ ആകെ പോളിംഗ് 82.64 ശതമാനമായിരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ ശേഷവും 6 മണിക്ക് മുമ്പ് ബൂത്തിലെത്തിയവർക്കു സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉയർന്ന പോളിംഗ് ശതമാനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഇത് തങ്ങൾക്ക് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ പിന്തുണ വീണ്ടും തങ്ങൾക്ക് തന്നെയാണെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുന്നു. അതേസമയം, ഇത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രകടനമാണെന്ന് ബിജെപി വിലയിരുത്തുന്നു.










