
കൊൽക്കത്ത: രാജ്യത്ത് വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നതിനിടെ പശ്ചിമ ബംഗാളിലെ റെജിനഗർ ഉപതിരഞ്ഞെടുപ്പിലും ക്രമക്കേട് ആരോപണം. ബിജെപി സ്ഥാനാർഥി ശങ്കർവ് സർക്കാർ മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അവിടെ വോട്ട് ചെയ്തെന്നാണ് പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ ആരോപണം. ഇതിന് തെളിവായി വോട്ടർ പട്ടികയിലെ വിവരങ്ങളും വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോൺഗ്രസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ശങ്കർവ് സർക്കാർ ബെർഹാംപുർ മണ്ഡലത്തിലെ 200-ാം ഭാഗത്ത് 788-ാം നമ്പർ വോട്ടറാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. റെജിനഗറിൽ വോട്ട് ചെയ്യാൻ അദ്ദേഹം അർഹനല്ലെന്നാണ് പാർട്ടിയുടെ വാദം. റെജിനഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശങ്കർവ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും ഇതുമായി ബന്ധപ്പെട്ട രേഖയായി കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
'വോട്ടുകൊള്ളയ്ക്ക് തെളിവ് വേണോ? നിങ്ങളുടെ കണ്ണുകൊണ്ട് തന്നെ കാണൂ' എന്ന കുറിപ്പോടെയാണ് കോൺഗ്രസ് ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒരു മണ്ഡലത്തിലെ വോട്ടറല്ലാത്ത വ്യക്തി അവിടെ വോട്ട് ചെയ്തെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് വിശദീകരണം നൽകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്ത് പാർട്ടി ചോദിച്ചത്. എന്നാൽ, കോൺഗ്രസിന്റെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രതികരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, റെജിനഗറിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും രംഗത്തെത്തി. 109-ാം ബൂത്തിൽ ആകെ 772 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എന്നാൽ അവിടെ ബിജെപിക്ക് 909 വോട്ടുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഒരു ബൂത്തിലെ ആകെ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തേക്കാൾ ഒരു പാർട്ടിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതെങ്ങനെയെന്ന് അഭിഷേക് ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് കണക്കുകൾ വിശദീകരിക്കാൻ ഉത്തരകൊറിയ പോലും പ്രയാസപ്പെടുമെന്ന പരിഹാസവും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽനിന്ന് പുതിയ ആരോപണങ്ങൾ ഉയരുന്നത്.










