06:55am 12 September 2026
NEWS
ക്ഷേത്രത്തിലെത്തി വറുത്ത മീനും ബസന്തി പുലാവും കഴിച്ച് ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
12/09/2026  06:19 AM IST
nila
ക്ഷേത്രത്തിലെത്തി വറുത്ത മീനും ബസന്തി പുലാവും കഴിച്ച് ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടെ, കാളീഘട്ട് ക്ഷേത്രത്തിലെത്തി മീൻ കഴിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ക്ഷേത്രത്തിലെ പ്രസാദമായ ‘ഭോഗി’ന്റെ ഭാഗമായാണ് അദ്ദേഹം വറുത്ത മീനും ബസന്തി പുലാവും കഴിച്ചത്.

ബംഗാളികളുടെ ഭക്ഷണശീലത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് സുവേന്ദു അധികാരിയുടെ ക്ഷേത്ര സന്ദർശനം ശ്രദ്ധ നേടുന്നത്. ബംഗാളികളുടെ ഭക്ഷണരീതിയിൽ ഇടപെടാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന വിമർശനം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.

ദുർഗാപൂജ സമയത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നുമായിരുന്നു ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനം. പരാമർശം പുറത്തുവന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ബംഗാളികളുടെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ബാഗേശ്വർ ബാബയുടെ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ബംഗാളികളുടെ ഭക്ഷണത്തിൽനിന്ന് മത്സ്യവും മാംസവും ഒഴിവാക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് ചോദിച്ചിരുന്നു.

വിവാദം ശക്തമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്നുള്ളവർ തീരുമാനിക്കേണ്ടതില്ലെന്നും മത്സ്യവും മാംസവും ബംഗാളികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കാളീപൂജയ്ക്ക് ആടിനെ ബലി നൽകുന്ന പാരമ്പര്യം ബംഗാളിലുണ്ട്. അഷ്ടമി, നവമി ദിവസങ്ങളിൽ ആട്ടിറച്ചി കഴിക്കുന്നതും ബംഗാളികളുടെ പാരമ്പര്യമാണ്. ഇതെല്ലാം തുടരുമെന്നും ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു. ബാഗേശ്വർ ബാബയുടെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി അതിനെ പിന്തുണയ്ക്കുന്നില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ഇതിനിടെയാണ് സുവേന്ദു അധികാരി കാളീഘട്ട് ക്ഷേത്രത്തിലെത്തി ‘ഭോഗ്’ സ്വീകരിച്ചത്. ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് അദ്ദേഹം പ്രസാദത്തിൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ബാഗേശ്വർ ബാബയ്ക്ക് അടുത്തിടെ ഹൗറയിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി വലിയ സ്വീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാംസാഹാരവുമായി ബന്ധപ്പെട്ട ബാബയുടെ പരാമർശം പുറത്തുവന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം ബംഗാളിന്റെ തനത് സാംസ്കാരിക പാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപിക്ക് വിഷയം രാഷ്ട്രീയമായി വെല്ലുവിളിയായിരിക്കെയാണ് പുതിയ സംഭവവികാസം.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img