
ഇപ്പോഴും ദുരൂഹ കഥാപാത്രമായി തുടരുന്ന മാസ്ക് മാൻ ചിന്നയ്യയ്‌ക്ക് ബെൽത്തങ്ങടി കോടതി ജാമ്യം നിഷേധിച്ചു. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ലൈഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അതിന്റെ പിന്നിലെ ദുരൂഹതയും വിട്ടുമാറിയിട്ടില്ല. ജൂലൈ മൂന്നിനാണ് അയാൾ പോലീസിലും കോടതിയിലും പരാതി നൽകുകയും തലയോട്ടി കൈമാറുകയും ചെയ്തത്. ജൂലൈ പതിനൊന്നിന് രഹസ്യമൊഴി നൽകിയ അയാൾക്ക് കോടതി വിസിൽ ബ്ലോവർ പരിരക്ഷ അനുവദിച്ചു. മുഖംമൂടിയും ശരീരം മുഴുവൻ മറയ്ക്കുന്ന കറുത്തവസ്ത്രവും ധരിച്ച അയാളുടെ സാന്നിധ്യവും ചലനങ്ങളും കൗതുകവും ഭയവും ഉളവാക്കിയിരുന്നു. അയാൾ നടത്തിയ സ്ഫോടനാത്മകമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിദ്ധരാമയ്യ ഗവണ്മെന്റ് നിയോഗിച്ച ഉന്നതതല എസ് ഐ ടി ജൂലൈ 26ന് അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ മറവുചെയ്ത പതിനേഴിടങ്ങളാണ് അയാൾ ചൂണ്ടിക്കാട്ടിയത്. ആ ഇടങ്ങൾ അയാളുടെയും വക്കീലന്മാരുടെയും സാന്നിധ്യത്തിൽ എസ് ഐ ടി കുഴിച്ചു പരിശോധിച്ചിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടുകിട്ടിയില്ല. ഏതാണ്ട് ഒരുമാസത്തോളം നീണ്ട കുഴിയെടുപ്പ് പരിശോധന വിപുലമായ രീതിയിൽ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. സ്ത്രീയുടേതാണെന്ന് അവകാശപ്പെട്ട് അയാൾ നൽകിയ തലയോട്ടി പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് എസ് ഐ ടിയുടെ സംശയം വർദ്ധിപ്പിച്ചു. കള്ളസാക്ഷ്യത്തിനും കബളിപ്പിക്കലിനും കേസ്സെടുത്ത് മാസ്ക് മാനെ എസ് ഐ ടി ചോദ്യംചെയ്തതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 1995-2014 കാലയളവിൽ ധർമ്മസ്ഥല ക്ഷേത്രത്തിൽ ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്ന മന്ധ്യ സ്വദേശി ചിന്നയ്യയാണ് വെളിപ്പെടുത്തൽ നടത്തിയ മാസ്ക് മാൻ. ആ കാലത്ത് ചില അനാഥശവങ്ങൾ മറവുചെയ്തിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമത്തിന് വിധേയമായി കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തിട്ടില്ലെന്ന് അയാൾ സമ്മതിച്ചു. ചിലർ പ്രേരിപ്പിച്ചതിനാലാണ് താൻ വ്യാജ വെളിപ്പെടുത്തൽ നടത്തിയതെന്നും അതിന് തനിക്ക് പരിശീലനവും പണവും കിട്ടിയിട്ടുണ്ടെന്നും അയാൾ മൊഴി നൽകി. രണ്ടിടങ്ങളിൽ നിന്ന് ഏതാനും അസ്ഥിഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ അയാൾ കുഴിച്ചിട്ടു എന്നുപറയുന്ന അനാഥശവങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടാത്തത് ദുരൂഹത വർധിപ്പിക്കുകയാണ് ചെയ്തത്. വെളിപ്പെടുത്തലിന് പ്രേരണ നൽകിയവരെന്ന് അയാൾ പറഞ്ഞ വ്യക്തികളെ എസ് ഐ ടി പലതവണ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ കണ്ടെത്തലുകൾ എസ് ഐ ടി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പതിനഞ്ചുദിവസം ചിന്നയ്യ എസ് ഐ ടി കസ്റ്റഡിയിലായിരുന്നു. പിന്നീട് ശിവമോഗ ജയിലിലടച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ട്, കുടുംബത്തെ സംരക്ഷിക്കണം എന്നീ കാരണങ്ങൾ കാണിച്ച് ചിന്നയ്യ സമർപ്പിച്ച ജാമ്യഹരജിയാണ് ബെൽത്തങ്ങടി കോടതി തള്ളിയത്.
Photo Courtesy - Google











