
കോൺഗ്രസ്സ് പ്രവർത്തകൻ വെടിയേറ്റു മരിച്ച കർണാടകത്തിലെ ബെല്ലാരിയിൽ സംഘർഷത്തിന് അയവ് വന്നിട്ടില്ല. കോൺഗ്രസ്സ് എം എൽ എ ഭരത് റെഡ്ഢിയുടെ നാല് സ്വകാര്യ ഗൺമാൻമാർ ഉൾപ്പെടെ ഇരുപത്തിയാറോളം കോൺഗ്രസ്സ്, ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ആരാണ് വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. കലാപം സൃഷ്ടിച്ചത് കോൺഗ്രസ്സ് എംഎൽഎയുടെ അനുയായികളാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് ആരോപിച്ചു. വാല്മീകി പ്രതിമ അനാഛാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎയും വിവാദ പുരുഷനുമായ ജനാർദ്ദൻ റെഡ്ഢിയുടെ ഹമ്പാവതിയിലെ വസതിയ്ക്ക് സമീപം ബാനർ കെട്ടാനായി ഭാരത് റെഡ്ഢിയുടെ അനുയായികൾ ഇരച്ചുകയറിയതാണ് കുഴപ്പത്തിന്റെ തുടക്കമെന്ന് അശോക് ആരോപിക്കുന്നു. വെടിവെച്ചത് കോൺഗ്രസ്സ് എംഎൽഎയുടെ സ്വകാര്യ ഗൺമാനാണെന്ന ആരോപണവും കൊല്ലപ്പെട്ടത് കോൺഗ്രസ്സ് പ്രവർത്തകനാണെന്ന യാഥാർഥ്യവുമാണ് സിദ്ധരാമയ്യ ഗവണ്മെന്റിനെ കുഴക്കുന്നത്. ബെല്ലാരി എസ് പിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം സി ഐ ഡിയ്‌ക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി ഡോക്ടർ ജി പരമേശ്വര പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് സ്ഥാപിക്കാനായി വാല്മീകിയുടെ കൂറ്റൻ പ്രതിമ തെയ്യാറാക്കിയത് അയോധ്യയിലെ രാം ലല്ല വിഗ്രഹം രൂപകല്പന ചെയ്ത മൈസൂരുവിലെ അരുൺ യോഗേശ്വറാണ്. 16 ടൺ ഭാരമുള്ള പ്രതിമയുടെ നിർമ്മാണം ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ചെലവിൽ ഡിസംബർ 25 ന് പൂർത്തിയായിരുന്നു. ഇക്കഴിഞ്ഞ ജനവരി മൂന്നിന് അനാഛാദനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. കുഴപ്പം മൂലം മാറ്റിവെക്കുകയായിരുന്നു. ഈ മേഖലയിൽ നിർണ്ണായക സ്വാധീനമുള്ള വാല്മീകി സമുദായത്തിന്റെ ആരാധ്യപുരുഷനാണ് വാല്മീകി മഹർഷി. വാല്മീകി സമുദായത്തിൽ പെട്ടവരുടെ സ്വാധീനം നേടാൻ ബിജെപിയും കോൺഗ്രസ്സും ഒരുപോലെ ശ്രമിച്ചുവരികയാണ്. സംസ്ഥാനത്ത് അധികാരം കയ്യാളുന്ന കോൺഗ്രസ് ഈയിടെയായി സ്വാധീനം വർധിപ്പിക്കാൻ കഠിന ശ്രമം നടത്തിപ്പോരുന്നു. പ്രതിമ സ്ഥാപിക്കാൻ ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിരുന്നില്ല. 2012 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിക്കാൻ ഗവണ്മെന്റിന്റെ അനുമതി ആവശ്യമാണ്. ഗവണ്മെന്റിന്റെ പണം വകമാറ്റി ചെലവിട്ടാണ് പ്രതിമ നിർമ്മിച്ചതെന്നും ആരോപണമുണ്ട്. " ആയുധം നിങ്ങളുടേത്. വെടിവെച്ചത് നിങ്ങളുടെ ആൾക്കാർ. കൊല്ലപ്പെട്ട പ്രവർത്തകനും നിങ്ങളുടേത്. എന്നിട്ടും കേസ്സെടുക്കുന്നത് ജനാർദ്ദൻ റെഡ്‌ഡിയുടെയും ശ്രീരാമുലുവിന്റെയും പേരിൽ. ഇതെന്തു നീതിയാണ്?" നിയമ നിർമ്മാണ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലവഡി നാരായണസ്വാമി ചോദിച്ചു. വെടിവെപ്പ് സംഭവത്തിന്റെ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് ഗവണ്മെന്റ്.
Photo Courtesy - Google











