03:49am 27 June 2026
NEWS
ബെല്ലാരി സഹോദരന്മാരുടെ തമ്മിലടി: കർണാടകത്തിലെ ബിജെപിയ്ക്ക് മറ്റൊരു തലവേദന.
24/01/2025  12:30 PM IST
വിഷ്ണുമംഗലം കുമാർ
ബെല്ലാരി സഹോദരന്മാരുടെ തമ്മിലടി: കർണാടകത്തിലെ ബിജെപിയ്ക്ക് മറ്റൊരു തലവേദന.

കർണാടക : ബെല്ലാരിയിലെ ഖനിരാജാവ് ജനാർദ്ദൻ റെഡ്ഢിയുടെ ആത്മസുഹൃത്തായിരുന്നു ബി. ശ്രീരാമുലു. ബെല്ലാരി സഹോദരന്മാരായി അറിയപ്പെട്ടിരുന്ന ഇവർ ബിജെപിയിലൂടെയാണ് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും അതിശക്തരായത്. വാല്മീകി സമുദായക്കാരുടെ അനിഷേധ്യ നേതാവാണ് ശ്രീരാമുലു. ജനാർദ്ദൻ റെഡ്ഢിയോടൊപ്പം ശ്രീരാമുലുവും സംസ്ഥാനനേതാവായി വളർന്നു. ബെല്ലാരിമേഖല ഏറെക്കാലം ഈ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇരുവരും പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാരായിരുന്നു. ഖനിയഴിമതിക്കേസിൽ അകപ്പെട്ട് ജനാർദ്ദൻ റെഡ്‌ഡി അഴികൾക്കുള്ളിലായതോടെ അവരുടെ സുഹൃദ്ബന്ധത്തിന് ഇളക്കം തട്ടി.  റെഡ്‌ഡി ബിജെപിയിൽ നിന്ന് പുറത്തായപ്പോഴും ശ്രീരാമുലു പാർട്ടിയിൽ ഉറച്ചുനിന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം റെഡ്‌ഡിയ്ക്ക് ബെല്ലാരി ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ജയിൽ മോചിതനായിട്ടും സ്വന്തം നാട്ടിലെത്താൻ റെഡ്‌ഡിയ്ക്ക് അതുമൂലം കഴിഞ്ഞിരുന്നില്ല. അത് മുതലാക്കി ശ്രീരാമുലു സ്വന്തം സ്വാധീനമേഖല വികസിപ്പിക്കാൻ ശ്രമിച്ചു. ജനാർദ്ദൻ റെഡ്‌ഡിയുടെ സ്വന്തം സഹോദരന്മാരായ കരുണാകര റെഡ്‌ഡി, സോമശേഖര റെഡ്‌ഡി എന്നിവർ കേസ്സിൽ പെട്ടും രാഷ്ട്രീയ പരാജയമേറ്റുവാങ്ങിയും ദുർബ്ബലരായിമാറിയിരുന്നു. ജനാർദ്ദൻ റെഡ്‌ഡി ജയിലിൽ കഴിയുമ്പോഴും ശ്രീരാമുലു യദിയൂരപ്പയുടെയും ബസവരാജ് ബൊമ്മായുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. ജനാർദ്ദൻ റെഡ്‌ഡി പ്രാദേശികപാർട്ടി രൂപീകരിച്ചപ്പോൾ ശ്രീരാമുലു അതിന്റെ ഭാഗമായില്ല. ജയിൽ മോചിതനായ റെഡ്‌ഡി ബിജെപിയിൽ തിരിച്ചെത്തിയതോടെ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം മൂർച്ഛിച്ചു. 2023 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ബെല്ലാരിമേഖലയിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പ്രാദേശിക പാർട്ടിയുണ്ടാക്കിയ റെഡ്‌ഡി ബിജെപിയ്ക്ക് എതിരായാണ് ആ തെരഞ്ഞെടുപ്പിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന് മാത്രമേ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീടാണ് ബിജെപിയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ വർഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീരാമുലു ബെല്ലാരിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിലവിൽ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി അംഗമാണ്. സന്ദുർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹനുമന്തുവിന് വേണ്ടി ശ്രീരാമുലു ആത്മാർത്ഥമായി പ്രവർത്തിച്ചില്ല എന്ന് കോർ കമ്മിറ്റിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി രാധ മോഹൻദാസ് അഗർവാൾ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ പിന്നിൽ ജനാർദ്ദൻ റെഡ്‌ഡിയാണെന്ന് ശ്രീരാമുലു ആരോപിക്കുന്നു. തന്റെ പ്രവർത്തനത്തിൽ സംശയമുണ്ടെങ്കിൽ പാർട്ടി വിടാമെന്ന് ശ്രീരാമുലു ദേശീയ നേതൃത്വത്തെ അറിയിച്ചു. ശ്രീരാമുലു കുറേക്കാലമായി തന്നെയും ബിജെപിയെയും വഞ്ചിക്കുകയായിരുന്നെന്ന് ജനാർദ്ദൻ റെഡ്‌ഡി തുറന്നടിച്ചു.
"അദ്ദേഹത്തെ  വളർത്തിയത് ഞാനാണ്. ക്രിമിനൽ ആയിരുന്ന ഒരാളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. വാല്മീകി സമുദായത്തിൽ നിന്ന് മറ്റൊരു നേതാവ് ഉയർന്നുവരാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം സന്ദുരിൽ വേണ്ടവിധത്തിൽ പ്രചാരണം നടത്താതിരുന്നത്. പലവിധത്തിൽ വഞ്ചിച്ചിട്ടുണ്ടെങ്കിലും ശ്രീരാമുലു എന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബിജെപി വിട്ടുപോകണമെങ്കിൽ പോകാം. പക്ഷെ അത് എന്റെ ചിലവിൽ വേണ്ട" ജനാർദ്ദൻ റെഡ്‌ഡി വ്യക്തമാക്കി.റെഡ്‌ഡിയ്ക്ക് ഫ്യൂഡൽ മനസ്ഥിതിയാണെന്ന് ശ്രീരാമുലു തിരിച്ചടിക്കുന്നു.  "എന്റെ രാഷ്ട്രീയ വളർച്ചയിൽ അദ്ദേഹത്തിന് പങ്കില്ല. ബിജെപിയെ ശിഥിലമാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്" ശ്രീരാമുലു ആരോപിച്ചു. ആന്തരിക സംഘർഷത്തിൽ പെട്ടുഴലുന്ന കർണാടകത്തിലെ ബിജെപിയ്ക്ക് ബെല്ലാരി സഹോദരന്മാർ തമ്മിലുള്ള പോർവിളി മറ്റൊരു തലവേദനയാണ്. ശ്രീരാമുലു ഡി കെ ശിവകുമാറുമായു ചർച്ച നടത്തുന്നുണ്ടെന്നും കോൺഗ്രസ്സിലേക്ക് പോയേക്കുമെന്നും വാർത്തയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img