
കൊച്ചി: ഏകീകൃത കുർബാന എത്രയും വേഗം പൂർണമായും നടപ്പിലാക്കുക, മാർ ജോസഫ് പാംപ്ലാനിയെ എറണാകുളത്തെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്നും പുറത്താക്കി
അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സിനഡ് നടക്കുന്ന കാക്കനാട് സീറോ മലബാർ സഭ അസ്ഥാനത്ത് വിശ്വാസികൾ പ്രതിഷേധിച്ചു.
അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാക്കിയിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ യാതൊന്നും ചെയ്തില്ലായെന്ന് മാത്രമല്ല ഇവിടെ ഒരിക്കലും സഭയുടെ തീരുമാനം നടപ്പിലാകരുതെന്ന ഗൂഢ ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നതെന്ന് സമരത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
സഭാ തീരുമാനം നടപ്പിലാക്കാൻ മെത്രാപ്പോലീത്തൻ വികാരി ഇതുവരെ എന്തെല്ലാമാണ് ചെയ്തതെന്ന് സിനഡ് വിശ്വാസികളോട് വിശദീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ആവശ്യപ്പെട്ടു. അതിരൂപത ഭരണ നേതൃത്വം വിമതർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത് എന്നതിന് നിരവധി തെളിവുകൾ നൽകാൻ വിശ്വാസികൾക്ക് കഴിയുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജനറൽ കൺവീനർ അഡ്വ. ജോയി ജോർജ് പറഞ്ഞു. ജോർജ് പുല്ലാട്ട്, ജോർലി കൈതക്കാട്ട്, ക്യാപ്റ്റൻ ടോം ജോസഫ്, അഡ്വ. പി. ടി ചാക്കോ, ജോയ് ജോസഫ്, വൈശാഖ്, ബ്രദർ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
മാർ പാംപ്ലാനിക്കെതിരെയുള്ള 21 കുറ്റകൃത്യങ്ങളുടെ ചാർജ് ഷീറ്റ് സമ്മേളനം പാസാക്കി. സിനഡ് അവസാനിക്കുന്നതു വരെയുള്ള വിവിധ ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Photo Courtesy - Google









