07:02pm 10 November 2026
NEWS
ആരും കൊതിക്കുന്ന മസിലുകളുള്ള കാള!


01/08/2025  12:41 PM IST
nila
ആരും കൊതിക്കുന്ന മസിലുകളുള്ള കാള!

പലയിനത്തിലുള്ള പശുക്കളെയും കാളകളെയും നമുക്ക് പരിചയമുണ്ട്. പണ്ടുകാലത്ത് കൃഷിയിടം ഉഴുതുമറിക്കാനും വണ്ടിവലിക്കാനുമൊക്കെയായിരുന്നു കാളകളെ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ, യന്ത്രവത്ക്കരണം സാർവത്രികമായതോടെ ഈ ജോലികളിൽ നിന്നും കാളകൾ മോചിതരായി. ലോകത്തിന്റെ ചില ഭാ​ഗങ്ങളിൽ മാത്രമാണ് ഈ ജോലികൾക്കായി ഇന്നും കാളകളെ ഉപയോ​ഗിക്കുന്നത്. പ്രജനനത്തിനും ഇറച്ചിക്കും കാളപ്പോരിനും പ്രദർശനങ്ങൾക്കുമൊക്കെയാണ് ഇപ്പോൾ കാളകൾക്ക് ഡിമാൻഡ്. കാളകളുടെ ജോലിയെ കുറിച്ചല്ല നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. മറിച്ച് മിസ്റ്റർ കാളയെ കുറിച്ചാണ്. അതെ, കാളകൾക്കിടയിലും ജിമ്മന്മാരുണ്ട് കേട്ടോ. ആ മസിൽമാൻമാരെയാണ് ഇന്നു ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. 

ഇത് ബെൽജിയൻ ബ്ലൂ. കാളകളിലെ ഒരു വിഭാ​ഗമാണിത്. മസിലാണ് ഈ കാളകളെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. 1100 മുതൽ 1250 കിലോഗ്രാം വരെ ഭാരം വരുന്ന ഈ കാളകൾക്ക് നല്ല ഒന്നാന്തരം മസിലുകളാണുള്ളത്. ഏതൊരാളും കണ്ടാൽ ഒന്നു നോക്കി പോകുന്ന മുഴുമുഴുത്ത മസിലുകൾ! ഒന്നര മീറ്റർ വരെയാണ് ഇവന്റെ ഉയരം. 

വൃത്താകൃതിയിലുള്ള രൂപരേഖയും വ്യക്തമായ പേശികളുമുള്ള ഒരു വലിയ മൃഗമാണ് ബെൽജിയൻ ബ്ലൂ. തോൾ, പുറം, അരക്കെട്ട്, പിൻഭാഗം എന്നിവയ്ക്ക് ശക്തമായ പേശികളുണ്ട്. പുറം നേരെയാണ്, പിൻഭാഗം ചരിഞ്ഞതാണ്. ഇവയുടെ ചർമ്മം മികച്ചതാണ്. നേർത്തതും എന്നാൽ ശക്തവുമായ കാലുകളുള്ളതിനാൽ ഇവയ്ക്ക് എളുപ്പത്തിൽ നടക്കാൻ കഴിയും. വെള്ള, നീല കറുപ്പ് നിറങ്ങളിലും ഇവ കൂടിക്കലർന്ന നിലയിലും ബെൽജിയൻ ബ്ലൂ കാളകളെ കാണാൻ കഴിയും. ചില ജനിതകരൂപങ്ങളിൽ ചുവപ്പ് നിറവും കാണപ്പെടുന്നുണ്ട്.

നമ്മുടെ ബോഡിബിൽഡർമാരെ അനുസ്മരിപ്പിക്കുന്ന തരത്തിൽ എഴുന്നു നിൽക്കുന്ന മസിലുകളാണ് ഈ ഇനം കാളയുടെ പ്രധാന സവിശേഷത. ഇവയുടെ ശരീരത്തിലുള്ള മയോസ്റ്റാറ്റിൻ ജീനിലുണ്ടായ മ്യൂട്ടേഷനാണ് ഇതിനു കാരണം. ഈ മ്യൂട്ടേഷൻ കാരണം മയോസ്റ്റാറ്റിൻ എന്ന പ്രോട്ടീന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. ഇതു കാരണം 20 ശതമാനം അധികം പേശീവളർച്ചയാണ് ഈ ബ്രീഡുകളിലുള്ള കാളകൾക്ക് ഉണ്ടാകുന്നത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഈ ജിമ്മൻ കാളകൾ ജനിക്കുന്നതേ മസിലുകളുമായല്ല. ജനിച്ച് 4 മുതൽ 6 ആഴ്ച വരെ പ്രായമാകുമ്പോൾ ഇവയുടെ‌ പേശികൾ വികസിക്കാൻ തുടങ്ങുന്നു. സാധാരണയായി "ഇരട്ട പേശി" എന്നാണ് ബെൽജിയൻ ബ്ലൂ കാളകളുടെ മസിലുകളെ വിളിക്കുന്നത്. 

ഇനി ഇവയുടെ ചരിത്രം തേടിയൊന്നു പോകാം..

പേര് സൂചിപ്പിക്കുന്നത് പോലെ, ബെൽജിയൻ ബ്ലൂ ഇനം കന്നുകാലികൾ ബെൽജിയത്തിലാണ് ഉത്ഭവിച്ചത്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, ബ്രിട്ടനിൽ നിന്നും ബെൽജിയത്തിലേക്ക് ഷോർട്ട്ഹോൺ കാളകളെ ഇറക്കുമതി ചെയ്തത്രെ. പാലുൽപ്പാദനം വർധിപ്പിക്കുകയായിരുന്നു ഈ ഇറക്കുമതിയുടെ ലക്ഷ്യം. പാലുൽപ്പാദനത്തിനായി ഇവിടെ വളർത്തിയിരുന്ന  റെഡ്-പൈഡ്, ബ്ലാക്ക്-പൈഡ് കന്നുകാലികളെ ഇണചേർത്ത് സങ്കരയിനം പശുക്കളെ ജനിപ്പിക്കുകയായിരുന്നു ലക്ഷ്യം. മാംസവും പാലും ലക്ഷ്യമിട്ടായിരുന്നു ഈ സങ്കരയിനം കന്നുകാലികൾക്കായുള്ള പരീക്ഷണം.

1920 നും 1950 നും ഇടയിൽ ഈ ലക്ഷ്യത്തോടെ പ്രജനനം നടന്നു. 1950 മുതൽ 1960 വരെ കനത്ത പേശികളുള്ള മൃഗങ്ങളെ ജനിപ്പിക്കാനായി ​ഗവേഷകരും കർഷകരും പരിശ്രമിക്കുകയും അതിൽ വിജയം കാണുകയും ചെയ്തു. നേരത്തേ പറഞ്ഞ മയോസ്റ്റാറ്റിൻ ജീനിലെ മ്യൂട്ടേഷൻ പ്രക്രിയയിലൂടെയാണ് ധാരാളം ഇറച്ചിയുള്ള കന്നുകാലികളെ ജനിപ്പിച്ചത്. പക്ഷേ അവിടം കൊണ്ടും ​ഗവേഷകരും കർഷകരും അടങ്ങിയില്ല. 1960 കളിൽ അതിശക്തമായ ഇരട്ട പേശികളുള്ള സ്വഭാവസവിശേഷതകളോടു കൂടിയ കന്നുകാലിയെ വികസിപ്പിച്ചു. ഇന്നു നാം ബെൽജിസം ബ്ലൂ എന്ന് വിളിക്കുന്ന മിസ്റ്റർ കാളകളുടെ ആവിർഭാവം അങ്ങനെയാണ്.

ബെൽജിയൻ ബ്ലൂ കന്നുകാലികളെ റേസ് ഡി ലാ മോയെൻ എറ്റ് ഹൗട്ട് ബെൽജിക്, ബെൽജിയൻ ബ്ലൂ-വൈറ്റ്, ബെൽജിയൻ വൈറ്റ് ആൻഡ് ബ്ലൂ പൈഡ്, ബെൽജിയൻ വൈറ്റ് ബ്ലൂ, ബ്ലൂ, ബ്ലൂ ബെൽജിയൻ എന്നും അറിയപ്പെടുന്നു.

അമിത മസിലുകൾ കാരണം ചില ആരോഗ്യ പ്രശ്നങ്ങളും ഇവയ്ക്കുണ്ടാകാറുണ്ട്. പ്രദർശനങ്ങളിലും മറ്റും ഈ കാളകൾക്കു നല്ല ഡിമാൻഡാണ്. സൂപ്പർഹീറോ കാളകൾ എന്ന ലേബലോടെയാണ് ഇവ പ്രദർശിപ്പിക്കപ്പെടുന്നത്. എന്നാൽ ഇത്രയും മസിലും ശക്തിയുമൊക്കെയുണ്ടെങ്കിലും ഇവ ശാന്തരാണ്, സമാധാനപ്രിയരുമാണ്. ഇവയ്ക്കു പൊതുവേ നീലയോ ചാരനിറത്തിലോ ഉള്ള പുറംശരീരമാണുള്ളത്. എന്നാൽ വെള്ളയും നീലയും കറുപ്പുമൊക്കെ നിറങ്ങളുള്ളവയും ഇവയുടെ കൂട്ടത്തിലുണ്ട്. മനുഷ്യരിലെ മസിൽമാൻമാർ കഴിക്കുന്നതുപോലെ തന്നെ ഉയർന്ന ഊർജവും ഉയർന്ന പ്രോട്ടീനുമുള്ള ഭക്ഷണമാണ് ഈ കാളകൾക്കു വേണ്ടത്. മസിൽ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.

ലോകമെമ്പാടും ഒരു ബീഫ് ഇനമെന്ന നിലയിൽ ബെൽജിയൻ ബ്ലൂവിന് പ്രചാരം വർദ്ധിച്ചുവരികയാണ്, ഇപ്പോൾ യൂറോപ്പ്, ബ്രസീൽ, അമേരിക്ക, കാനഡ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഇവയെ കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img