07:54pm 25 June 2026
NEWS
ബെൽഫാസ്റ്റ് കലാപം: ബ്രിട്ടീഷ് രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന കുടിയേറ്റ പ്രശ്‌നം
25/06/2026  03:03 PM IST
കല്ലമ്പലം അൻസാരി
ബെൽഫാസ്റ്റ് കലാപം: ബ്രിട്ടീഷ് രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന കുടിയേറ്റ പ്രശ്‌നം

യുണൈറ്റഡ് കിംഗ്ഡ (യു.കെ)ത്തിന്റെ വടക്കേ അറ്റത്തെ പ്രവിശ്യയായ ഉത്തര അയർലണ്ടിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഈയിടെ ഒരു വലിയ വംശീയ കലാപം നടന്നു.  ഇംഗ്ലണ്ട്, സ്‌ക്കോട്ട്‌ലന്റ്, വെയിൽസ്, ഉത്തര അയർലണ്ട് എന്നീ പ്രവിശ്യകൾ ചേർന്നുള്ള രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ് യുണൈറ്റഡ് കിംഗ്ഡം. ഇതിൽ ഉത്തര അയർലണ്ടിനെ ഒഴിവാക്കി മറ്റ് മൂന്ന് പ്രവിശ്യകളേയും ചേർന്ന് വിളിക്കുന്ന പേര് ഗ്രേറ്റ് ബ്രിട്ടൻ എന്നാണ്. കുടിയേറ്റക്കാർക്കെതിരായി യു.കെ കണ്ട ഏറ്റവും വലിയ വംശീയ കലാപങ്ങളിലൊന്നായിരുന്നു ബെൽഫാസ്റ്റിൽ നടന്നത്. 

ബെൽഫാസ്റ്റിൽ മാത്രമല്ല ഉത്തര അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും തദ്ദേശീയരായ വെള്ളക്കാർ കുടിയേറ്റക്കാർക്കെതിരെ നിരത്തിലിറങ്ങുകയും, വലിയ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. വലിയ വംശീയ കലഹങ്ങളുടെ നീണ്ടചരിത്രം തന്നെ ഉത്തര അയർലണ്ടിനുണ്ട്. അത് തദ്ദേശീയരായ കാത്തലിക്, പ്രൊട്ടസ്റ്റന്റ് ക്രിസ്തുമത വിശ്വാസികൾ തമ്മിലായിരുന്നു. അയർലണ്ടിനെ രണ്ടായി വിഭജിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിന് സ്വാതന്ത്ര്യം നൽകിയപ്പോൾ ഉത്തര അയർലണ്ടിനെ ബ്രിട്ടനിൽ ചേർത്തതിൽ പ്രതിഷേധിച്ചായിരുന്നു കത്തോലിക്ക വിശ്വാസികൾ  വിപ്ലവം അഴിച്ചുവിട്ടത്.

1509 മുതൽ 1547 വരെ ഇംഗ്ലണ്ട് ഭരിച്ച രാജാവാണ് ഹെൻറി എട്ടാമൻ. തനിക്ക് വിവാഹമോചനം നടത്താനും, പുനർവിവാഹം കഴിക്കാനും ക്രിസ്തീയ സഭയുടെ പരമാധ്യക്ഷനായ പോപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കസഭ ഉപേക്ഷിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പ്രൊട്ടസ്റ്റന്റ് സഭ സ്വന്തമായി രൂപീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ ആളാണ് ഹെൻട്രി 8-ാമൻ. ചർച്ചിന്റെ തലവനായി സ്വയം അവരോധിക്കുകയും ആറ് വിവാഹങ്ങൾ ചെയ്ത് ബ്രിട്ടീഷ് ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത സ്ഥാനം സൃഷ്ടിക്കുകയും ചെയ്ത ഹെൻട്രി 8-ാമന്റെ സഭയിലേക്ക് അയർലണ്ടിലെ ജനങ്ങൾ കൂട്ടത്തോടെ ആകർഷിക്കപ്പെട്ടില്ല. അവർ ഭൂരിപക്ഷവും കത്തോലിക്ക സഭയുടെ വിശ്വാസകരായി തുടർന്നു. 1921 ൽ അയർലണ്ട് സ്വതന്ത്രമായപ്പോൾ ഉത്തര അയർലണ്ടിനെ ബ്രിട്ടീഷ് രാജ്യത്തോട് ചേർത്തതിൽ അവിടത്തെ കത്തോലിക്കരിൽ വലിയ പ്രതിഷേധം രൂപപ്പെട്ടു. ഇംഗ്ലീഷ് രാജാക്കന്മാരുടെ ഭരണകാലത്ത് ഉത്തര അയർലണ്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ച പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികൾ അപ്പോഴേക്കും ഭൂരിപക്ഷ ജനവിഭാഗമായി മാറിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ കത്തോലിക്കർ ഐഷിഷ് റിപ്പബ്ലിക്കൻ ആർമി  (ഐ.ആർ.എ) എന്നൊരു സായുധ സംഘടന രൂപീകരിച്ച് വലിയ പോരാട്ടം നടത്തി. മാർഗരറ്റ് താച്ചർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ അവർ താമസിച്ചിരുന്ന ബ്രൈറ്റനിലെ ഹോട്ടലിൽ ബോംബുവച്ച് വധശ്രമം വരെ നടത്താൻ കെൽപ്പുള്ളവരായി അവർ വളർന്നു. വലിയ രക്തച്ചൊരിച്ചിലുകൾക്ക് ശേഷം 1998 ൽ ഒപ്പുവച്ച ഗുഡ്‌ഫ്രൈഡേ കരാർ അനുസരിച്ച് 2005 ൽ സർവ്വ ആയുധങ്ങളും ഉപേക്ഷിച്ച് ഐ.ആർ.എ, യു.കെയുടെ ഭാഗമായി. ഐ.ആർ.എയുടെ രാഷ്ട്രീയ വിഭാഗമായ ഷിൻഫൈൻ ഇന്ന് ഉത്തര അയർലണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളോളം തന്നെ കടുത്ത ഇടതുപക്ഷ സ്വഭാവമുള്ള കക്ഷിയാണ് ഷിൻഫൈൻ. ഇവരുടെ നേതാവ് മിഷേൽ ഒനീൽ ആണ് അവിടുത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രി(ഫസ്റ്റ് മിനിസ്റ്റർ).

ബെൽഫാസ്റ്റിലും ഉത്തര അയർലണ്ടിൽ വ്യാപകമായും പൊട്ടിപ്പുറപ്പെട്ട കുടിയേറ്റക്കാർക്കെതിരെയുള്ള കലാപം ഇത്തരത്തിൽ നടക്കുന്ന ചരിത്രത്തിലെ ആദ്യസംഭവമാണ്. കലാപത്തിന് തിരി കൊളുത്തിയതു  സ്റ്റീഫൻ ഒഗിൽവെ എന്ന വെളുത്തവർഗ്ഗക്കാരനെ ബെൽഫാസ്റ്റിലെ നടുറോഡിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവമായിരുന്നു. ഹാദി അലോദിദ് എന്ന സുഡാനിഷ് വംശജനായിരുന്നു അക്രമകാരി. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സ്റ്റീഫന്റെ വലത്തെ കണ്ണ് നഷ്ടപ്പെടുകയും, ഇടത്ത് കണ്ണിനും, കഴുത്തിനും മാരകമായ മുറിവുകൾ ഏൽക്കുകയും ചെയ്തു. അഭയാർത്ഥിയായി യു.കെയിലെത്തി അവിടെ രാഷ്ട്രീയ അഭയപ്രകാരമുള്ള വിസ ലഭിച്ച ആളാണ് സുഡാൻകാരനായ അലോദിദ്. ഇയാളുടെ ആക്രമണം ചെന്നെത്തിയത് ഉത്തര അയർലണ്ടിനെ പിടിച്ചുകുലുക്കിയ കുടിയേറ്റ വിരുദ്ധ ലഹളയിലായിരുന്നു. 2023 ൽ അനധികൃതമായി കുടിയേറുകയും പിന്നീട് അഭയാർത്ഥി അപേക്ഷയിലൂടെ 2028 വരെ യു.കെയിൽ താമസിക്കാൻ വിസ ലഭിച്ച ആളുമാണ് ഹാദി അലോദിദ്.

സ്റ്റീഫൻ ഒഗിൽവേയ്ക്ക് കുത്തേറ്റ ഉടൻ ഒൻപതാം തീയതി അർദ്ധരാത്രിയോടെയാണ് വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. നൂറുകണക്കിന് വെള്ളക്കാരായ ചെറുപ്പക്കാർ മുഖംമൂടി ധരിച്ച് പൊതുനിരത്തിലിറങ്ങി കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയും, കാറുകൾക്ക് തീ വയ്ക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ വ്യാപാരസ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് തല്ലിത്തകർത്തു. ബെൽഫാസ്റ്റിൽ മാത്രമല്ല ഉത്തര അയർലണ്ടിലെ പ്രധാന പട്ടണങ്ങളായ ലണ്ടൻ ഡെറി ആൻട്രിം, ബാൻഗോർ തുടങ്ങിയ ഇടങ്ങളിലും വ്യാപകമായ ആക്രമണങ്ങളുണ്ടായി. കുടിയേറ്റക്കാരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. പല വീടുകളും തീയിട്ട് നശിപ്പിച്ചു. ജൂൺ 9 ചൊവ്വാഴ്ച തുടങ്ങിയ അക്രമസംഭവങ്ങൾ ബുധനാഴ്ചയും രാത്രിയും പകലും വരെ നീണ്ടു. 11-ാം തീയതി വ്യാഴാഴ്ചയാണ് സംഭവങ്ങൾക്ക് കടിഞ്ഞാണുണ്ടായത്. ഇതിനിടയിൽ കുടിയേറ്റക്കാരുടെ സ്വത്ത് വകകൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. ആരുടെയും ജീവൻ അപകടത്തിൽപ്പെട്ടില്ല എന്നുള്ളതാണ് ആശ്വാസത്തിനുള്ള വക.

കുടിയേറ്റക്കാർക്കെതിരെയുള്ള ലഹള കെട്ടടങ്ങി ഉടൻതന്നെ 13-ാം തീയതി ശനിയാഴ്ച കുടിയേറ്റക്കാർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ ബെൽഫാസ്റ്റിലെ നിരത്തുകളിലിറങ്ങി. ലണ്ടൻ ഡെറി തുടങ്ങിയ പട്ടണങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധറാലികൾ ഉണ്ടായി. ബെൽഫാസ്റ്റിലെ സമ്മേളനം ഉദ്ഘാടനം ചെയ്തത് ബെൽഫാസ്റ്റ് മേയറും, ഷിൻഫൈൻ പാർട്ടി നേതാവുമായ റോയ്‌സ് മേരി ഡോണലി ആണ്. ഉത്തര അയർലണ്ടിലെ ബ്രിട്ടീഷ് ഭരണത്തോട് അനുകൂലമുള്ള അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടിയുടെയും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെയും വക്താക്കളൊന്നും പരസ്യമായ പ്രകടനത്തിന് മുന്നിൽ വന്നില്ല. പൊതുവേ കടുത്ത വലതുപക്ഷ വാദികളായ ഇവരുടെ അനുയായികളാണ് കുടിയേറ്റക്കാർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് നിരത്തിലിറങ്ങിയത് എന്ന് ആരോപണമുണ്ട്. കലാപം നടന്ന ഇടങ്ങളെല്ലാം ഈ കക്ഷികൾക്ക് വലിയ സ്വാധീനമുള്ള ഇടങ്ങളാണ്.

ഉത്തര അയർലണ്ടിൽ നടന്ന കുടിയേറ്റക്കാർക്കെതിരെയുള്ള കലാപം യു.കെയിലാകമാനം പെരുകിവരുന്ന കുടിയേറ്റവിരുദ്ധതയുടെ ഒരു ബഹിർസ്ഫുരണമാണ്. ബ്രെക്‌സിറ്റിനെ തുടർന്ന് യൂറോപ്യൻ വംശജർ തൊഴിൽരംഗത്ത് നിന്നുവിട്ടുപോയതോടെ ഉണ്ടായ തൊഴിലവസരങ്ങളിലേക്ക് വലിയ റിക്രൂട്ട്‌മെന്റാണ് വിദേശങ്ങളിൽ നിന്നുണ്ടായത്. അതിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ പുതിയ തൊഴിൽ സാധ്യതകൾ മുതലെടുക്കാൻ വിദ്യാർത്ഥികളായി രംഗപ്രവേശംചെയ്തവരും ചേർന്ന് വലിയൊരു വിഭാഗം കുടിയേറ്റക്കാർ യു.കെയുടെ മുക്കിലും മൂലയിലുമെത്തി. കുടിയേറ്റക്കാർ ഒരിക്കൽ കലാപഭൂമിയെന്ന് കരുതി ഉപേക്ഷിച്ചിരുന്ന ഉത്തര അയർലണ്ടിൽ വരെ പുതിയ തൊഴിലന്വേഷകർ കൂട്ടം കൂട്ടമായെത്തി. നിയമപരമായ കുടിയേറ്റമാണ് ഇതെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഇതിനുള്ളിൽ വലിയ തട്ടിപ്പുകൾ വ്യാപകമായി. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും വലിയ തുകകൾ മിച്ചമായി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റുമെന്റുകളും, ഇല്ലാത്ത തൊഴിലവസരങ്ങൾ ഉണ്ടെന്ന് കാട്ടി പണം വാങ്ങി നടത്തുന്ന റിക്രൂട്ട്‌മെന്റുകളും ചേർന്ന് ഈ രംഗം ആകെ മലീമസമായി. അതിനിടയിലൂടെയാണ് അഭയാർത്ഥികളെന്ന പേരിൽ അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കും. 

യു.കെയുമായി കൊളോണിയൽപരമോ, സാംസ്‌ക്കാരികപരമോ ആയ യാതൊരു ബന്ധവുമില്ലാത്ത ദേശങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ മറ്റൊരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥിപ്രവാഹത്തിന്റെ പേരിൽ സാമ്പത്തിക കുടിയേറ്റക്കാർ ഊരും പേരും മാറ്റി പതിനായിരക്കണക്കിനായി വന്നെത്തി. ഫ്രാൻസിൽ നിന്ന് കള്ളലോഞ്ചുകളിൽ കയറി ജീവൻ പണയം വച്ച് ഇംഗ്ലീഷ് കടലിടുക്ക് താണ്ടി ദിനവും വന്നെത്തുന്നവരുടെ കണക്കുകൾ കണ്ട് ജനം അമ്പരന്നു. ഇപ്പോൾ ആരാണ് അധികൃതകുടിയേറ്റക്കാർ, അനധികൃതകുടിയേറ്റക്കാർ എന്ന് തിരിച്ചറിയാനാവാതെ വെളുത്തവർഗ്ഗക്കാർ എല്ലാവരെയും അനിഷ്ടത്തോടെയാണ് സമീപിക്കുന്നത്. തലമുറകളായി ബ്രിട്ടീഷ് ജീവിതത്തോട് പൊരുത്തപ്പെട്ട് സമാധാനത്തോടെ താമസിച്ചിരുന്ന കുടിയേറ്റക്കാരുടെ തലയിൽ ഇടിത്തീപോലെയാണ് ഇപ്പോൾ സംഭവങ്ങൾ മാറിമറിഞ്ഞു വീണിരിക്കുന്നത്.

യു.കെയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കുന്ന വിഷയമായി കുടിയേറ്റപ്രശ്‌നം വളർന്നു പന്തലിച്ചുകഴിഞ്ഞു. കുടിയേറ്റത്തെ മുതലെടുത്ത് നൈജൽ ഫാറേജ് എന്ന പഴയ ടോറി നേതാവ് കെട്ടിപ്പടുത്ത റിഫോം എന്ന പുതിയ കക്ഷി പരമ്പരാഗത രാഷ്ട്രീയ കക്ഷികളെയെല്ലാം വെല്ലുവിളിച്ച് വൻ വളർച്ചയാണ് നേടുന്നത്. വലതുപക്ഷ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് അനുയായികളും വോട്ടർമാരും അടിപടലം റിഫോം പാർട്ടിയിലേക്ക് ഒഴുകുകയാണ്. യു.കെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയും വലിയ വെല്ലുവിളി നേരിടുന്നു. ഈയിടെ നടന്ന പല പാർലമെന്റ് ഉപതിരഞ്ഞെടുപ്പുകളിലും, തദ്ദേശ ഭരണതെരഞ്ഞെടുപ്പുകളിലും ലേബർ പാർട്ടിയുടേയും, കൺസർവേറ്റീവുകളുടെയും നൂറുകണക്കിന് മണ്ഡലങ്ങൾ റിഫോം പാർട്ടി പിടിച്ചെടുത്തു. വലതുപക്ഷ ചായ്‌വുള്ള വെളുത്തവർഗ്ഗക്കാരും, തലമുറകളായി ബ്രിട്ടനിൽ അധിവസിക്കുന്ന കുടിയേറ്റക്കാരുടെ പിൻഗാമികളും ഒരുമിച്ച് റിഫോം പാർട്ടിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് സമൂലമായ നാശമുണ്ടാകുമെന്നും, ലേബർ പാർട്ടി അടിപടലം പൊളിയുമെന്നും അഭിപ്രായ സർവ്വേകൾ കാണിക്കുന്നു. കുടിയേറ്റക്കാർക്കെതിരെ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് എടുക്കുന്ന നിലപാടുകളും യൂറോപ്പിനെ ആകെ സ്വാധീനിക്കുന്നുണ്ട്. 

വേണ്ടിവന്നാൽ സായുധ സൈന്യത്തെപ്പോലും നിയോഗിച്ച് അധികൃതകുടിയേറ്റക്കാരെ നേരിടണമെന്നും, യൂറോപ്പ് ഇക്കാര്യത്തിൽ മൊത്തത്തിൽ പരാജയമാണെന്നും ട്രംപ് പലതവണ പരസമായി പറഞ്ഞതിന് യൂറോപ്യൻ ജനതയിലാകെ വൻ സ്വീകാര്യത വർദ്ധിക്കുകയാണ്. 
കുടിയേറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കാതെ ഒരു കക്ഷിക്കും ഒരടിപോലും മുന്നോട്ടുപോകാൻ കഴിയില്ലെന്ന ദുഃസ്ഥിതിയിലേക്ക് ബ്രിട്ടനും നടന്നടുക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img