02:06am 16 September 2026
NEWS
പ്രണയ ദാഹമുള്ള സ്ത്രീകൾക്കു പിന്നിൽ
15/06/2025  08:34 PM IST
nila
പ്രണയ ദാഹമുള്ള സ്ത്രീകൾക്കു പിന്നിൽ

എറണാകുളം സ്വ​ദേശിനിയായ രേഷ്മ എന്ന യുവതി നടത്തിയ വിവാഹ തട്ടിപ്പാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. പത്തു വിവാഹം കഴിച്ച യുവതി പതിനൊന്നാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു രേഷ്മയെ പൊലീസ് പിടികൂടിയത്. വിവാഹ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുക എന്നതാണ് യുവതിയുടെ ലക്ഷ്യം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ, താൻ സ്നേഹം തേടിയാണ് ഇത്രയേറെ വിവാഹങ്ങൾ കഴിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. ഇനിയും നാല് വിവാഹങ്ങൾ കൂടി നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട് എന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും വിവാഹം കഴിക്കുമെന്നുമായിരുന്നു രേഷ്മ പൊലീസിനോട് പറഞ്ഞത്. സ്നേഹവും കരുതലും കൊതിക്കുന്ന, ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്ന സൂചനയാണ് രേഷ്മ പൊലീസിന് നൽകിയത്. ആദ്യം ഇത് വിശ്വാസത്തിലെടുത്തില്ലെങ്കിലും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേ നി​ഗമനത്തിലാണ് പൊലീസും എത്തി നിൽക്കുന്നത്. കാരണം ഒരു വിവാഹങ്ങളിലും രേഷ്മ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നില്ല. മാത്രവുമല്ല, എല്ലാ ഭർത്താക്കന്മാരുമായും അവരുടെ വീട്ടുകാരുമായും ഇവർ ബന്ധം നിലനിർത്തുകയും ചെയ്തിരുന്നു. രേഷ്മയുടെ കാര്യം അവിടെ നിൽക്കട്ടെ, ഒന്നിലേറെ പങ്കാളികളെ തേടുന്ന യുവതികൾ ഇന്ന് നമുക്കുചുറ്റുമുണ്ട്. എന്താണ് ഒന്നിലേറെ പങ്കാളികളെ തേടുന്നതിന് പിന്നിലെ മനശാസ്ത്രം എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. 

മനുഷ്യമനസ്സിന്റെ സങ്കീർണതകളെ പൂർണമായും നിർവചിക്കാനാകില്ല എന്ന് നമുക്കറിയാം. എന്നാൽ, ഒന്നിലേറെ പങ്കാളികളെ തേടുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് മനശാസ്ത്ര വിദ​ഗ്ധർ പറയുന്നത്. അതിൽ ഒന്നാമത്തേതാണ് ലവ് അഡിക്ഷൻ. ലഹരിമരുന്നുകളോടുള്ള അടിമത്തം പോലെ പ്രണയത്തോടും ചിലരിൽ ആസക്തിയുണ്ടാകുമത്രെ. ആരോ​ഗ്യകരമായ പ്രണയമാണിതെന്ന് തെറ്റിദ്ധരിക്കരുതേ.  

 എടുത്തുചാട്ടവും, ദേഷ്യവും, കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ പ്രതികരിച്ചു പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്ന സ്വഭാവരീതി ഉള്ളവരുമായിരിക്കും ലവ് അഡിക്ഷന്റെ ആളുകൾ. ഒരു റിലേഷൻഷിപ്പിൽ ഒരുപാട് കാലം നിൽക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്. ഒറ്റയ്ക്കാകുക എന്ന അവസ്ഥയെകുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ഇവർ എപ്പോഴും പുതിയ പ്രണയങ്ങളെ തേടിക്കൊണ്ടേയിരിക്കും. ടോക്സിക് ആയ വ്യക്തികളോടുപോലും അറിഞ്ഞുകൊണ്ടുതന്നെ പ്രണയത്തിലാകാൻ ഇവർ തയ്യാറാവും. പുതിയ പുതിയ ബന്ധങ്ങൾ തുടങ്ങുന്നത് ലഹരി നൽകുന്നപോലെ ഒരു വലിയ ഉത്തേജനം ഇവരിൽ ഉണ്ടാക്കുമെന്നാണ് മനശാസ്ത്ര വിദ​ഗ്ധർ പറയുന്നത്.

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മാനസികാവസ്ഥയുള്ളവരിലും പ്രണയം ഒരു വലിയ പ്രശ്നമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്നേഹിച്ചാൽ നക്കിക്കൊല്ലും ഇടഞ്ഞാൽ ഞെക്കിക്കൊല്ലും എന്നതാണ് ഇക്കൂട്ടരുടെ പോളിസി. തന്റെ ജീവശ്വാസമാണെന്ന് കരുതി ഒരാളെയങ്ങ് സ്നേഹിക്കും. ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നതോടെ അങ്ങേയറ്റം വെറുക്കുകയും ചെയ്യും. കൊല്ലാനുള്ള പകപോലും പഴയ പ്രണയത്തോട് ഇക്കൂട്ടർക്കുണ്ടാകും. 

 ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ടെന്നാണ് മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ചെറിയ പ്രായം മുതലേ സ്നേഹം കിട്ടാതെ വന്നതും, പ്രശ്നങ്ങൾ ഉള്ള കുടുംബ സാഹചര്യങ്ങളിൽ വളർന്നു വന്നതും, ചെറിയ പ്രായംമുതലെ മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾക്ക് ഇരയായതും എല്ലാം ഈ മാനസികാവസ്ഥക്ക് കാരണമാകും. 

ഹിസ്ട്രിയോനിക്‌ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മാനസികാവസ്ഥയുള്ളവരും എപ്പോഴും പ്രണയം തേടിക്കൊണ്ടേയിരിക്കും. എല്ലാവരുടെയും ശ്രദ്ധകിട്ടുക എന്നതാണ് ഇക്കൂട്ടർക്ക് പ്രധാനം. വളരെ പെട്ടെന്നാണ് പുതിയ റിലേഷൻഷിപ്പിലേക്ക് ഇവരെത്തുന്നത്. പ്രണയത്തിനപ്പുറം വിവാഹങ്ങളിലേക്ക് ബന്ധങ്ങൾ കൊണ്ടെത്തിക്കാൻ ഇവർ ശ്രമിക്കും. ശ്രദ്ധലഭിക്കുക എന്നതു തന്നെയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. എന്നാൽ, വിവാഹബന്ധങ്ങൾ നീണ്ടുനിൽക്കാറില്ല. ആദ്യം തോന്നുന്ന കൗതുകത്തിനപ്പുറം ആ ബന്ധത്തെ നിലനിർത്താനുള്ള കഴിവ് അവർക്കുണ്ടാവില്ല. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ എല്ലാ ശ്രമവും ഇവർ നടത്തും എന്നതിനാൽ ഇവരെ വിശ്വസിക്കാനാകുമോ എന്ന് ചിന്തിക്കാനുള്ള സമയംപോലും ഇവരുമായി റിലേഷൻഷിപ് തുടങ്ങുന്ന വ്യക്തിക്ക് കിട്ടിയെന്നു വരില്ല.

ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരും ഒന്നിലേറെ വിവാഹങ്ങൾക്ക് തയ്യാറാകുന്നുണ്ട്. ഇവരെയാണ് നമ്മൾ അ​ക്ഷരംതെറ്റാതെ വിവാഹ തട്ടിപ്പുകാർ എന്ന് വിളിക്കുന്നത്. ആർഭാടജീവിതം ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ പണംതട്ടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവാഹ തട്ടിപ്പ് നടത്തുന്നത്.

വളരെ നല്ലവരായി മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ കഴിവുള്ളവരാണ് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള വ്യക്തികൾ. അതിനാൽ ഇവരെ ആദ്യമൊന്നും ആരും സംശയിക്കില്ല. മറ്റുള്ളവരോട് സഹാനുഭൂതി ഇല്ലാത്ത അവസ്ഥ, കുറ്റബോധം ഇല്ലായ്മ എന്നിവയാണ് ഇവരുടെ സ്വഭാവരീതി. അതുകൊണ്ടുതന്നെ ആരെയും പറഞ്ഞു പറ്റിക്കുന്നത് തെറ്റായി ഇവർക്ക് തോന്നില്ല. നിയമങ്ങളെ മനഃപൂർവ്വം ലംഘിക്കുന്ന സ്വഭാവരീതി ഇവർക്ക് നേരത്തെ മുതലേ ഉണ്ടായിരിക്കും. 

എന്നാൽ, മനശാസ്ത്ര വിദ​ഗ്ധർ പറയുന്ന ഈ കാറ്റ​ഗറികൾക്കെല്ലാം അപ്പുറത്താണ് രേഷ്മ എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് എന്നൊന്ന് രേഷ്മയുടെ ഒരു വിവാഹത്തിലുമില്ല. മിക്ക ബന്ധങ്ങളും തുടർന്നുകൊണ്ട് തന്നെയാണ് പുതിയ ബന്ധങ്ങളിലേക്ക് പോകുന്നതും. പുതിയ കാമുകന്മാരെ കണ്ടെത്തുമ്പോഴും പഴയ ഭർത്താക്കന്മാരെയും അവരുടെ കുടുംബാം​ഗങ്ങളെയും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. ഇതിനിടെ ചില ഭർത്താക്കന്മാരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യാറുണ്ട്. എന്താണ് രേഷ്മയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നറിയാൻ നാം ഇനിയും കാത്തിരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img