
കൊച്ചി: ഭാഷയ്ക്കും സംസ്‌ക്കാരങ്ങള്‍ക്കുമപ്പുറം ദൃശ്യ ഭാഷയില്‍ കഥയും സന്ദേശവും പകരുന്ന ഹ്രസ്വചിത്രം ബിഹൈന്‍ഡിനെ ദൈവം തിരക്കഥയെഴുതിയ ലോകത്തിലെ ആദ്യ ചലച്ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. എട്ടു മിനുട്ടും 45 സെക്കന്റും മാത്രമാണ് ബിഹൈന്‍ഡിന്റെ ദൈര്‍ഘ്യം.
വെള്ളിമൂങ്ങ, മുന്തിരി വള്ളി തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും സിനിമോട്ടോഗ്രാഫറുമായ ജിബു ജേക്കബാണ് ബിഹൈന്‍ഡില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രാഹകന്‍ ഉല്‍പല്‍ വി നായനാരും സിനിമയില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
മലയാളം, തമിഴ്, ആസാമിസ് സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച എം ഡി സുകുമാരനാണ് ബിഹൈന്‍ഡിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം 'ഉള്ളം' ഐ എഫ് എഫ് കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി അഭിനയിച്ച ഈ ചിത്രത്തില്‍ മികച്ച ഗായകനായി ജി വേണുഗോപാല്‍ പുരസ്‌ക്കാരം നേടിയിരുന്നു.
എം ഡി സുകുമാരന്റെ 'പശു' എന്ന ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമായി പൂനെ, നോയിഡ്, കൊല്‍ക്കത്ത തുടങ്ങി ആറ് ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കഥ പറയലിന്റെ വ്യത്യസ്ത രീതികൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചിത്രമായിരിക്കും എം ഡി സുകുമാരന്റെ ബിഹൈന്‍ഡ്.